ചരക്കുവാഹനങ്ങൾ ഉയരം കൂട്ടിയാൽ ഫിറ്റ്നസ് സസ്പെൻഡ് ചെയ്യണം
text_fieldsകൊച്ചി: അമിതഭാരം കയറ്റാൻ ഉയരം വർധിപ്പിക്കലടക്കം വരുത്തിയ ചരക്ക് വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യണമെന്ന് ഹൈകോടതി. അനധികൃത ഭാഗങ്ങൾ നീക്കി വാഹനം ഹാജരാക്കി അനുമതി നൽകുംവരെ സർട്ടിഫിക്കറ്റ് അനുവദിക്കരുതെന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രന്റെ ഉത്തരവ്.
റോഡ് സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ച് വാഹനങ്ങൾ ഓടിക്കുകയോ ഓടിക്കാൻ അനുവദിക്കുകയോ ചെയ്യുന്നവർക്കെതിരെ നടപടികൾ സ്വീകരിച്ച് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കണം. മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് ഓഫിസർമാർ നടപടികളെടുക്കുകയും വേണമെന്ന് കോടതി നിർദേശിച്ചു.തിരുവനന്തപുരത്ത് വിഴിഞ്ഞത്തും കാലടി താന്നിപ്പുഴയിലും അമിതഭാരം കയറ്റിയ ടോറസ് ലോറികളുണ്ടാക്കിയ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിന്റെകൂടി അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനും ഫിറ്റ്നസ് സർട്ടിഫിക്കറ്റും റദ്ദാക്കണമെന്ന് മുമ്പ് ഉത്തരവ്പുറപ്പെടുവിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇത്തരം വാനങ്ങൾ പിടികൂടി വിട്ടയക്കുമ്പോൾ റോഡ് സുരക്ഷ മാനദണ്ഡങ്ങൾ ലംഘിക്കുന്നില്ലെന്ന് പൊലീസും വാഹന വകുപ്പ് അധികൃതരും ഉറപ്പുവരുത്തണമെന്നും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിരുന്നു. എന്നാൽ, ഇവ പാലിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഴിഞ്ഞം മനാലി ജങ്ഷനിൽ മാർച്ച് 19ന് ടിപ്പർ ലോറിയിൽനിന്ന് കരിങ്കല്ല് വീണ് യുവാവ് മരിക്കാനിടയായ സംഭവത്തിൽ സർക്കാർ പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചു.
ഹെൽമറ്റ് വെച്ചിരുന്നെങ്കിലും നെഞ്ചിലും വയറ്റിലുമേറ്റ പരിക്കാണ് മരണകാരണമായതെന്നാണ് റിപ്പോർട്ടിലുള്ളത്. കാലടി താന്നിപ്പുഴയിൽ ഏപ്രിൽ മൂന്നിന് ടോറസ് ടിപ്പറിടിച്ച് രണ്ട് ഇരുചക്ര വാഹന യാത്രികർ മരിച്ചത് സംബന്ധിച്ച റിപ്പോർട്ടും പരിഗണിച്ചു.
മറ്റു വാഹനങ്ങളുടെ നിയന്ത്രണംതെറ്റിക്കുന്നവിധം ഉയർന്ന വെളിച്ചമുള്ള ലൈറ്റുകൾ സ്ഥാപിക്കുന്നതും തുടരുന്നു. മാറ്റംവരുത്തിയ വാഹനഭാഗങ്ങൾ ഉടമകളും ഡ്രൈവർമാരും യൂട്യൂബ് പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ ഇടാറുണ്ട്. വ്ലോഗർമാരും ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുംവിധം വിഡിയോ പ്രചരിപ്പിക്കാറുണ്ട്. ഇവർക്കെതിരെയെല്ലാം നടപടി വേണമെന്നും കോടതി നിർദേശിച്ചു.
കോടതി ഉത്തരവുകൾ പൊലീസും വാഹന വകുപ്പ് അധികൃതരും പാലിക്കണം. പിടികൂടിയ വാഹനങ്ങളിൽനിന്ന് പിഴ ഈടാക്കുന്നതിനുപുറമെ നിയമപരമായ നടപടി സ്വീകരിക്കാൻ ഡ്രൈവിങ് ലൈസൻസ് ഉയർന്ന അധികൃതർക്ക് അയക്കുന്നതടക്കം നടപടികൾ സ്വീകരിക്കണം. പിഴ ഈടാക്കിയാലും അമിത ഭാരംവെച്ച് ആ യാത്ര തുടരാൻ അനുവദിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുള്ളതായും കോടതി ചൂണ്ടിക്കാട്ടി.
‘ട്രാഫിക് ഐ’പോലുള്ള വാട്സ്ആപ് ഗ്രൂപ്പുകളിലും യൂട്യൂബ് പോലുള്ള സമൂഹമാധ്യമങ്ങളിലും പൊതുജനങ്ങളും വ്ലോഗർമാരും പോസ്റ്റ് ചെയ്യുന്ന നിയമം ലംഘിച്ച് ഓടുന്ന വാഹനങ്ങൾ കണ്ടെത്തി നടപടിയെടുക്കാനും കോടതി നിർദേശിച്ചു. റോഡ് സുരക്ഷ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള 2019ലെ ഉത്തരവ് ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള കോടതിയലക്ഷ്യ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. നടപടികൾ സംബന്ധിച്ച് വിശദീകരണം നൽകാൻ സർക്കാർ സമയം തേടിയതിനെത്തുടർന്ന് ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.