‘രാഷ്ട്രീയമായി കേസിനെ മാറ്റാൻ ശ്രമിച്ചാൽ രാഷ്ട്രീയമായി നേരിടും’; മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സി.പി.ഐ
text_fieldsതിരുവനന്തപുരം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് രണ്ട് കമ്പനികൾക്കെതിരായ കേസാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ളതെന്നും രാഷ്ട്രീയമായി കേസിനെ മാറ്റാൻ ശ്രമിച്ചാൽ രാഷ്ട്രീയമായി നേരിടുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ ഒരു സ്വാതന്ത്ര പൗരയാണ്. കേസ് എൽ.ഡി.എഫിനെ ബാധിക്കുന്ന പ്രശ്നമല്ല. കമ്യൂണിസ്റ്റ് പാർട്ടി മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം നിൽക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. കേസിൽ ആദ്യമായാണ് സി.പി.ഐ നിലപാട് വ്യക്തമാക്കുന്നത്.
“എക്സാലോജിക് കേസ് വേറൊരു കേസാണ്. അത് എൽ.ഡി.എഫിന്റെ കേസ് അല്ല. കമ്പനി ആരംഭിക്കാനുള്ള എല്ലാ അവകാശവും വീണക്കുണ്ട്. കമ്പനിയുടെ ഇടപാടിനെപ്പറ്റി സി.പി.ഐക്ക് അറിയില്ല. മുഖ്യമന്ത്രിയുടെ കാര്യത്തിൽ സി.പി.ഐ ഒപ്പം നിൽക്കും. മകളുടെ കാര്യത്തിൽ സി.പി.ഐക്ക് ബന്ധമില്ല” -ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ സമ്മേളനങ്ങളിൽ മത്സരത്തിന് വിലക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അത്തരം പൊതു നുണകൾ പ്രചരിപ്പിക്കരുത്. ജനാധിപത്യത്തിന്റെ അർഥം പൂർണമായും സി.പി.ഐക്ക് അറിയാം. എന്നാൽ സംഘടിത നീക്കത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മാസപ്പടി കേസിൽ മുഖ്യമന്ത്രിക്ക് എതിരായ രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. പി.സി ജോർജും ഷോൺ ജോർജും ബി.ജെ.പിയിൽ ചേർന്ന അതേ ദിവസമാണ് എസ്.എഫ്.ഐ.ഒ അന്വേഷണം പ്രഖ്യാപിച്ചത്. കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷ നേതാക്കളെയും പാർട്ടികളെയും തകർക്കാനാണ് ശ്രമമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
“സാധാരണ കേസുകളില്‍ ബന്ധപ്പെട്ടവരോട് വിശദീകരണം തേടാറുണ്ട്. ഇവിടെ അതുണ്ടായിട്ടില്ല. രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഷോൺ ജോർജാണ് എസ്.എഫ്.ഐ.ഒ അന്വേഷണം ആവശ്യപ്പെട്ടത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് സമാനമായി പ്രചരണം നടത്തനാണ് ശ്രമം. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് ഇപ്പോൾ നിയമ നടപടി സ്വീകരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പും, നിയമസഭ തെരഞ്ഞെടുപ്പുമാണ് ലക്ഷ്യം”- എം.വി ഗോവിന്ദൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.