കേന്ദ്രം അനുവദിച്ചാൽ കേരളത്തിൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കും- മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: കുട്ടികൾക്ക് വാക്സിനേഷൻ നടക്കുകയും കേന്ദ്രസർക്കാറിൽനിന്നും മറ്റ് കോവിഡ് നിയന്ത്രണ ഏജൻസികളുടെയും അനുമതി ലഭിക്കുകയും ചെയ്താൽ സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കുന്ന കാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.
ട്രയൽ പൂർത്തിയാക്കി കേന്ദ്രസർക്കാർ അനുമതി നൽകിയാൽ വളരെവേഗം കുട്ടികളിലെ വാക്സിനേഷൻ ആരംഭിക്കും.ഇപ്പോൾ നടന്നുവരുന്ന ഡിജിറ്റൽ പഠനരീതിയോട് കുട്ടികൾക്ക് മടുപ്പുണ്ട്. അതിനാൽ എത്രയുംവേഗം ഒാൺലൈനിലേക്ക് കടക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതാകുേമ്പാൾ കുട്ടികൾക്ക് അധ്യാപകരുമായി നേരിട്ട് ആശയവിനിമയം നടത്താനും ക്ലാസിലെ മറ്റ് കുട്ടികളുമായി സംവദിക്കാനും സാധിക്കും.
ഡിജിറ്റൽ ഉപകരണങ്ങളിൽ തളക്കപ്പെട്ടതോടെ തലവേദന, കണ്ണിന് ക്ഷീണം, കണ്ണിന് മങ്ങൽ, കഴുത്തുവേദന തുടങ്ങി ആരോഗ്യപ്രശ്നങ്ങൾ കുട്ടികൾ നേരിടുകയാണ്. എന്തെങ്കിലും വ്യായാമം ചെയ്യുന്നവർ വെറും 30 ശതമാനത്തിൽ താഴെ മാത്രമാണെന്നും എസ്.സി.ആർ.ടി പഠനം ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു. ഡിജിറ്റൽ ഉപകരണങ്ങളിലെ ചതിക്കുഴികളിൽ വലിയ ആശങ്കയിലാണ് രക്ഷാകർത്താക്കളും.
സന്നദ്ധസംഘടനകളുടെയും മറ്റും നേതൃത്വത്തിൽ രക്ഷാകർത്താക്കൾക്ക് കൗൺസലിങ് നൽകിവരുന്നു. സെപ്റ്റംബർ മുതൽ സ്കൂൾതലത്തിൽ രക്ഷാകർത്താക്കൾക്ക് അധ്യാപകർ ബോധവത്കരണം നടത്തും. വിദ്യാർഥികളിലെ മാനസികസമ്മർദം കുറക്കാൻ സ്കൂൾ കൗൺസലർമാരുടെ നേതൃത്വത്തിൽ കൗൺസലിങ്ങും നടന്നുവരുന്നു.
കൗൺസലർമാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അത് ഉടൻ പരിഹരിക്കും.ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ കുട്ടികളുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അതിന് പരിഹാരം കാണാനും ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.