മെഡിക്കൽ പി.ജി സംവരണം തീരുമാനം വൈകിയാൽ ഒ.ബി.സി വിഭാഗങ്ങൾക്ക് സീറ്റ് നഷ്ടമാകും
text_fieldsതിരുവനന്തപുരം: മെഡിക്കൽ/ഡെൻറൽ പി.ജി സംസ്ഥാന ക്വോട്ട സീറ്റുകളിൽ ഒ.ബി.സി സംവരണം ഉയർത്താനുള്ള ഉപദേശത്തിൽ സർക്കാർ തീരുമാനം വൈകിയാൽ ഇൗ വർഷവും പിന്നാക്ക വിഭാഗങ്ങൾക്ക് അർഹതപ്പെട്ട സീറ്റുകൾ നഷ്ടപ്പെടും. കഴിഞ്ഞ വർഷം മുന്നാക്ക സംവരണത്തിന് 10 ശതമാനം സീറ്റ് നീക്കിവെച്ചപ്പോൾ സംസ്ഥാനത്തെ ജനസംഖ്യയുടെ 65 ശതമാനം വരുന്ന ഒ.ബി.സി പരിധിയിലെ സമുദായങ്ങൾക്ക് ആകെ ഒമ്പത് ശതമാനമാണ് സംവരണം നൽകിയത്.
സർക്കാർ നടപടിക്കെതിരെ വ്യാപക വിമർശനവും മാധ്യമവാർത്തകളും വന്നതോടെയാണ് വിഷയത്തിൽ പിന്നാക്ക വിഭാഗ വികസന വകുപ്പ് സംസ്ഥാന പിന്നാക്ക വിഭാഗ കമീഷനിൽനിന്ന് ഉപദേശം തേടിയത്. മെഡിക്കൽ, ഡെൻറൽ ബിരുദ കോഴ്സുകളിൽ നിലവിൽ 30 ശതമാനം ഒ.ബി.സി സംവരണം നിലനിൽക്കുേമ്പാഴാണ് പി.ജി സീറ്റുകളിൽ സംവരണം ഒമ്പത് ശതമാനത്തിൽ ഒതുക്കിയത്. സംവരണം 30 ശതമാനമാക്കി ഉയർത്താൻ കഴിഞ്ഞ ഫെബ്രുവരി 26ന് കമീഷൻ സർക്കാറിന് ഉപദേശം നൽകിയിരുന്നു. എന്നാൽ, അഞ്ചു മാസം പിന്നിട്ടിട്ടും തുടർ നടപടിയെടുത്തിട്ടില്ല. ഇൗ വർഷത്തെ മെഡിക്കൽ പി.ജി പ്രവേശന നടപടികൾ ആരംഭിക്കും മുമ്പ് പിന്നാക്ക കമീഷെൻറ ഉപദേശത്തിൽ തീരുമാനമെടുത്തില്ലെങ്കിൽ ഇൗ വർഷവും ഒ.ബി.സി സംവരണം ഒമ്പത് ശതമാനത്തിലൊതുങ്ങും.
മെഡിക്കൽ പി.ജി കോഴ്സുകളിൽ പ്രവേശനത്തിനുള്ള നീറ്റ് പി.ജി പരീക്ഷ സെപ്റ്റംബർ 11ന് നടക്കും. ഇതിനു മുമ്പായി സംസ്ഥാന ക്വോട്ട പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കും. സംവരണമുൾപ്പെടെ കാര്യങ്ങൾ പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. കമീഷെൻറ ഉപദേശത്തിൽ സർക്കാർ പരിശോധന നടത്തി മന്ത്രിസഭ അംഗീകാരത്തോടെയായിരിക്കണം ഉത്തരവിറക്കേണ്ടത്. നിലവിൽ മെഡിക്കൽ പി.ജി കോഴ്സുകളിൽ സർവിസ് ക്വോട്ട സീറ്റുകൾ അനുവദിക്കുന്നുണ്ട്. സാമുദായിക സംവരണത്തിനകത്തുതന്നെ സർവിസ് ക്വോട്ട ക്രമപ്പെടുത്തിയില്ലെങ്കിൽ പി.ജി കോഴ്സുകളിൽ സംവരണം അധികരിക്കുമെന്ന പ്രശ്നവും ഉയരാനിടയുണ്ട്.
നിലവിൽ പി.ജി കോഴ്സുകളിലെ ഭിന്നശേഷി സംവരണം മറ്റ് സംവരണത്തിനകത്ത് ഉൾപ്പെടുത്തിയാണ് നൽകുന്നത്. മെഡിക്കൽ/ ഡെൻറൽ ബിരുദ, പി.ജി കോഴ്സുകളിലെ അഖിലേന്ത്യ ക്വോട്ട സീറ്റുകളിൽ 27 ശതമാനം ഒ.ബി.സി സംവരണവും 10 ശതമാനം മുന്നാക്ക സംവരണവും (ഇ.ഡബ്ല്യു.എസ്) അനുവദിച്ച് കേന്ദ്രസർക്കാർ തീരുമാനമെടുത്തതിനു പിന്നാലെ പ്രവേശന ചുമതലയുള്ള ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി) വിജ്ഞാപനവും പ്രസിദ്ധീകരിച്ചു. പുതുക്കിയ സംവരണത്തോടെ എം.സി.സിയും നീറ്റ് -യു.ജി പരീക്ഷ നടത്തിപ്പ് ചുമതലയുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസിയും ഇൻഫർമേഷൻ ബുള്ളറ്റിനുകൾ ഭേദഗതി ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ, സംസ്ഥാന ക്വോട്ടയിൽ ഒ.ബി.സി സംവരണം ഉയർത്താനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുപോലുമില്ല. കഴിഞ്ഞ വർഷം സർക്കാർ മെഡിക്കൽ കോളജുകളിലെ 428 പി.ജി സീറ്റുകളിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് ആകെ ലഭിച്ചത് 36 സീറ്റുകൾ മാത്രമായിരുന്നു. 128 സീറ്റുകൾ ലഭിക്കേണ്ട സ്ഥാനത്തായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.