ഇവിടിങ്ങനാണ്...ഡോക്ടർമാരില്ലെങ്കിൽ ഒ.പി സമയം വെട്ടിക്കുറക്കും
text_fieldsകോട്ടയം: ജില്ല ജനറൽ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ ഒ.പി സമയം വെട്ടിക്കുറക്കുന്നു. നേത്രരോഗ വിഭാഗത്തിൽ രണ്ട് ഡോക്ടർമാരാണ് ആകെയുള്ളത്. തിങ്കളാഴ്ച ഒരാൾ അവധി ആയിരുന്നു. ഇതിന്റെ പേരിൽ 150 പേർക്ക് മാത്രമാണ് ടോക്കൺ നൽകിയത്. നിരവധി പേർ ഡോക്ടറെ കാണാനാകാതെ മടങ്ങി.
ആശുപത്രിയിൽ ഏറെ തിരക്കുള്ള ഒ.പിയാണ് നേത്രരോഗ വിഭാഗത്തിലേത്. മൂന്ന് ഡോക്ടർമാർ വേണ്ടിടത്ത് രണ്ടുപേരാണ് ആകെയുള്ളത്. ഒരാൾക്ക് അസുഖം വന്നാലോ അവധി എടുക്കേണ്ടി വന്നാലോ രോഗികൾ വലയും. രോഗികളുടെ വലിയ തിരക്കായതിനാൽ ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കാതെ ജോലി ചെയ്യേണ്ട ഗതികേടിലാകും ഡ്യൂട്ടിയിലുള്ള ഡോക്ടർ. ഇത് രോഗികളുമായുള്ള വാക്തർക്കത്തിനും കാരണമാകുന്നു. നേത്രരോഗ വിഭാഗത്തിൽ മാത്രമല്ല മറ്റ് ഒ.പികളിലും ഈ തന്ത്രം തന്നെയാണ് അധികൃതർ തുടരുന്നത്.
ഡോക്ടർ ഇല്ലെങ്കിൽ ഒ.പി സമയം കുറക്കാൻ നിർദേശം നൽകും. ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാതെ രോഗികളെ നിയന്ത്രിക്കും. കാഷ്വൽറ്റിയിൽ ആറു ഡോക്ടർമാർ വേണ്ടിടത്ത് അഞ്ചുപേരാണുള്ളത്. അത്യാവശ്യമുള്ള രോഗികളെ നോക്കാൻപോലും ആളില്ല. സർജറിയിൽ മൂന്നുപേർ വേണ്ടിടത്ത് ആകെയുള്ളത് ഒരാൾ മാത്രം. ജനറൽ ഒപിയിലും മെഡിസിനൽ ഒ.പിയിലും ആവശ്യത്തിന് ഡോക്ടർമാരില്ല. പലപ്പോഴും സീനിയർ ഡോക്ടർമാരാണ് ഒ.പിയിൽ വന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.