അപകടം സംഭവിച്ചാലേ, അധികൃതർ കണ്ണുതുറക്കൂ
text_fieldsമരട്: എവിടെ നോക്കിയാലും സ്വകാര്യ കമ്പനികളുടെ കേബിളുകൾ അലക്ഷ്യമായി കിടക്കുന്നത് സ്ഥിരംകാഴ്ചയായി. നഗരസഭയുടെ നേതൃത്വത്തിൽ അനധികൃത കേബിളുകൾ നീക്കംചെയ്യണമെന്ന് സ്ഥിരമായി ഉത്തരവ് ഇറക്കുന്നുണ്ടെങ്കിലും കമ്പനികൾ കണ്ടഭാവം നടിക്കാറില്ല. ഈ നിയമലംഘനത്തിന്റെ ഇരയാണ് ഇന്നലെ അലക്ഷ്യമായി തൂങ്ങിക്കിടന്ന സ്വകാര്യ കമ്പനിയുടെ കേബിളിൽ കുരുങ്ങി സ്കൂൾ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണത്.
അലക്ഷ്യമായി തൂങ്ങിക്കിടക്കുകയും ഉപയോഗശൂന്യമായതുമായ കേബിളുകൾ നീക്കംചെയ്യുന്നതിനായി നൽകിയ സമയം കഴിഞ്ഞിട്ടും വീണ്ടും മരട് നഗരസഭ സമയം നീട്ടിനൽകിയിരുന്നു. എന്നാൽ, പലയിടങ്ങളിലും ഇത്തരത്തിൽ കേബിളുകൾ അപകടാവസ്ഥയിലുണ്ട്. ഫുട്പാത്തിലും മറ്റും കേബിളുകൾ അലക്ഷ്യമായി കൂട്ടിയിട്ടതും കാൽനടക്കാർക്ക് ഭീഷണിയാണ്. ഒരുമാസം മുമ്പാണ് ബൈക്ക് യാത്രികൻ റോഡരികിൽ കേബിളിൽ തട്ടിമറിഞ്ഞ് അപകടം ഉണ്ടായത്.
ഒരോ ഘട്ടത്തിലും ഇടുന്ന കേബിളുകൾ അത് കാലപ്പഴക്കം വരുമ്പോൾ പഴയത് അഴിച്ചുമാറ്റാതെ തന്നെ പുതിയ കേബിളുകൾ വലിക്കുന്ന രീയിയാണ് സ്വകാര്യ കേബിളുകൾ സ്വീകരിച്ചുപോരുന്നത്. അതുപോലെ എല്ലാ സ്വകാര്യ കേബിൾ കമ്പനികളും സ്വന്തമായി പോസ്റ്റ് സ്ഥാപിക്കാതെ ഇലക്ട്രിക് പോസ്റ്റുകളിലാണ് കേബിൾ സ്ഥാപിക്കുന്നത്.
നഗരസഭയുടെ അനാസ്ഥയും ഉത്തരവാദിത്തമില്ലായ്മയും മാറ്റി താഴ്ന്നുകിടക്കുന്ന ഈ കേബിൾ അടിയന്തമായി മാറ്റുന്നതിന് ആവശ്യമായ നടപടി മരട് നഗരസഭ അധികാരികൾ സ്വീകരിക്കണമെന്ന് സി.പി.എം മരട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.പി. സുനിൽകുമാർ ആവശ്യപ്പെട്ടു.അപകടത്തിനു കാരണമായ ഇലക്ട്രിക് പോസ്റ്റ് നേരെയാക്കണമെന്നുകാണിച്ച് ഡിവിഷൻ കൗൺസിലർ കെ.എസ്.ഇ.ബിയിൽ കത്ത് നൽകിയിരുന്നതാണ്.
നഗരസഭ നടത്തിവരുന്ന 12 അടി താഴെയുള്ള കേബിളുകൾ മുറിച്ചുമാറ്റുന്ന നടപടി നല്ലരീതിയിൽ നടത്തിവരുകയും നാലുമാസത്തിനുള്ളിൽ നഗരസഭയിലുള്ള മുഴുവൻ അപകടകരമായ കേബിളുകൾ മാറ്റുമെന്ന് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.