രാഹുൽ ഇല്ലെങ്കിൽ വയനാട്ടിൽ ലീഗിനുകൂടി സ്വീകാര്യനായ സ്ഥാനാർഥി വേണമെന്ന്
text_fieldsമലപ്പുറം: വയനാട് ലോക്സഭ സീറ്റിൽ മത്സരിക്കാൻ രാഹുൽ വരില്ലെന്ന ചർച്ച സജീവമായതോടെ കോൺഗ്രസ് സ്ഥാനാർഥിത്വം മുസ്ലിം ലീഗിലും ചർച്ചയാവുന്നു. മുസ്ലിം ലീഗിനുകൂടി സ്വീകാര്യനായ സ്ഥാനാർഥിയാവണം വയനാട് മണ്ഡലത്തിൽ എന്ന് ലീഗ് നേതൃത്വം കോൺഗ്രസ് നേതാക്കളെ അനൗപചാരികമായി അറിയിച്ചതായാണ് സൂചന.
ലീഗ് മൂന്നാം സീറ്റിനായി കണ്ണുവെച്ച മണ്ഡലമായിരുന്നു വയനാട്. അവിടെ എം.എം. ഹസൻ, ഷാനിമോൾ ഉസ്മാൻ എന്നിവയിലാരെയെങ്കിലും മത്സരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കോൺഗ്രസ് സൂചന നൽകിയിരുന്നു. രാഹുൽ മണ്ഡലം മാറുമെന്ന ചർച്ച സജീവമായതോടെ ഈ സീറ്റിലെ സ്ഥാനാർഥി സാധ്യത പട്ടികയിലേക്ക് കൂടുതൽ പേരുകൾ വന്നിരിക്കുകയാണ്.
മലപ്പുറത്തുനിന്ന് കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദലി, കോഴിക്കോട്ടുനിന്ന് പി.എം. നിയാസ് എന്നിവരുടെ പേരുകളാണ് രാഹുൽ ഇല്ലെങ്കിൽ ‘പ്ലാൻ ബി’യിലെ പട്ടികയിലുള്ളത്.
മുസ്ലിം ലീഗ് നിർണായക ശക്തിയായ വയനാട് പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർഥികളെ തീരുമാനിക്കുമ്പോൾ ലീഗിന്റെ കൂടി താൽപര്യം കോൺഗ്രസ് ആരായാറുണ്ട്. ഇതിന്റെ ഭാഗമായി ചില ആശയവിനിമയങ്ങൾ കോൺഗ്രസ് -ലീഗ് നേതൃത്വത്തിനിടയിൽ ഉണ്ടായിട്ടുണ്ട്.
ആര്യാടൻ ഷൗക്കത്തിന്റെ പേര് ചർച്ചയിൽ വന്നപ്പോഴാണ് ലീഗ് ഇടപെട്ടത്. ലീഗിന്റെ താൽപര്യത്തിനെതിരായ സ്ഥാനാർഥികളെ വയനാട് മണ്ഡലത്തിൽ മത്സരിപ്പിക്കരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടതായാണ് സൂചന. ജില്ലയിലെ കോൺഗ്രസും ഈ വിഷയത്തിൽ ലീഗ് നിലപാടിനൊപ്പമാണ്.
ഷൗക്കത്ത് ജില്ലയിലെ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് സ്വന്തം നിലയിൽ റാലി നടത്തിയത് വിവാദമായിരുന്നു. ഷൗക്കത്തും കോൺഗ്രസും തമ്മിലെ തർക്കം ഇനിയും അവസാനിച്ചിട്ടില്ല.
ന്യൂനപക്ഷവിഭാഗത്തിൽ പെട്ട സ്ഥാനാർഥികളെ കോൺഗ്രസ് വയനാട്ടിലേക്ക് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലീഗിനും വിവിധ ന്യൂനപക്ഷ സംഘടനകൾക്കുംകൂടി സ്വീകാര്യനായ സ്ഥാനാർഥിയെ പരിഗണിക്കുമെന്നാണ് സൂചന. മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയമസഭ മണ്ഡലങ്ങൾ കൂടി ഉൾപ്പെടുന്നതാണ് വയനാട് പാർലമെന്റ് മണ്ഡലം.
മാനന്തവാടി, കൽപറ്റ, സുൽത്താൻബത്തേരി, തിരുവമ്പാടി നിയമസഭ മണ്ഡലങ്ങളും വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടും. ഇവിടങ്ങളിലെല്ലാം ലീഗ് നിർണായക ശക്തിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.