കരുണാകരനില്ലായിരുന്നെങ്കിൽ കത്തിക്കോ ബോംബിനോ ഇരയായേനെ -കെ. സുധാകരൻ
text_fieldsതിരുവനന്തപുരം: ഇന്ന് ജീവിതം മുന്നോട്ടുപോവുന്നതിന് കാരണക്കാരൻ കെ. കരുണാകരനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. കരുണാകരൻ കരുത്തായി ഉണ്ടായിരുന്നില്ലെങ്കിൽ എന്നോ ഇടതുപക്ഷക്കാരന്റെ കത്തിക്കോ ബോംബിനോ ഞാൻ ഇരയാകുമായിരുന്നു. ‘ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ’ സംഘടിപ്പിച്ച കരുണാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്രമങ്ങളെ അതിജീവിച്ച് നാളെ ജീവിക്കുമോ ഇല്ലയോ എന്ന സംശയത്തോടെ ഉറങ്ങാൻപോയ നാളുകളുണ്ട്. അന്നൊക്കെ ഞങ്ങൾ കോൺഗ്രസുകാർക്ക് കാവലായത് ലീഡറാണ്. ജനം സ്മരിക്കുന്ന നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ കരുണാകരന് കഴിഞ്ഞു.
ഇന്ത്യയുടെ അടിസ്ഥാനവികസനത്തിന് തറക്കല്ലിട്ട പ്രധാനമന്ത്രിയായ നരസിംഹറാവുവിനെ നേതാവായി കണ്ടെത്തിയത് കരുണാകരനായിരുന്നു. ഇന്ത്യയെ ലോകത്തിന് മുന്നിൽ ഉയർത്തിനിർത്താൻ റാവുവിന് കഴിഞ്ഞു. കരുണാകരനെ ഒതുക്കാൻ ഒരു നേതാവിനും കഴിഞ്ഞിട്ടില്ല. ഒരുപാട് സർക്കാറുകളും മുഖ്യമന്ത്രിമാരും ഉണ്ടായിട്ടുണ്ടെങ്കിലും കെ. കരുണാകരൻ നാടിന് നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുന്നവയാണെന്നും സുധാകരൻ പറഞ്ഞു.
കരുണാകരന്റെ ശ്രമഫലമായി യാഥാർഥ്യമായ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് അദ്ദേഹത്തെ പേര് നൽകാത്തതിൽ ദുഃഖമുണ്ടെന്ന് അധ്യക്ഷത വഹിച്ച മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.