പൂരം കലങ്ങിയില്ലെങ്കിൽ പിന്നെ എന്തിനാണ് അന്വേഷണം? കേസെടുത്താൽ മുഖ്യമന്ത്രി ഒന്നാംപ്രതിയാകും -വി.ഡി. സതീശൻ
text_fieldsകൊച്ചി: പൂരം കലക്കലിൽ ത്രിതല അന്വേഷണം നടക്കുന്നതിനിടെ അന്വേഷണങ്ങൾ അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൂരം കലക്കിയിട്ടില്ല വെടിക്കെട്ട് മാത്രമാണ് മുടങ്ങിയത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണത്. മൂന്ന് കീഴുദ്യോഗസ്ഥർ അന്വേഷണം നടത്തുമ്പോൾ, പൂരം കലക്കിയതല്ല എന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. അപ്പോൾ അന്വേഷണത്തിന് എന്ത് പ്രസക്തിയാണുള്ളത് -വി.ഡി. സതീശൻ ചോദിച്ചു.
അനധികൃതമായി മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. വെടിക്കെട്ട് മാത്രമല്ല വൈകിയത്. മഠത്തിൽവരവ് അലങ്കോലപ്പെട്ടു, കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളത്ത് അലങ്കോലപ്പെട്ടു, പിറ്റേന്ന് ഗോപുരനട തുറന്നുള്ള ഇറക്കം അലങ്കോലപ്പെട്ടു, അങ്ങനെ നടന്നതെല്ലാം മുഖ്യമന്ത്രി മറച്ചുവെക്കുന്നത് ആർ.എസ്.എസിനെ പ്രീണിപ്പിക്കാനാണ്. കേസെടുത്താൽ ഒന്നാംപ്രതി മുഖ്യമന്ത്രിയാണെന്നും സതീശൻ പറഞ്ഞു.
ബി.ജെ.പിയെ ജയിപ്പിക്കാൻ അജിത് കുമാർ പദ്ധതിയിട്ടതാണ്. പൂരം കലങ്ങിയതല്ലെങ്കിൽ പിന്നെ എന്തിനാണ് അന്വേഷണം. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഒരു അന്വേഷണവും ശരിയാവില്ല എന്ന് ഞങ്ങൾ പറഞ്ഞത് എന്തുകൊണ്ടെന്ന് ഇപ്പോൾ വ്യക്തമായില്ലേ. ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടത് -വി.ഡി. സതീശൻ പറഞ്ഞു.
തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്നും വെടിക്കെട്ട് മാത്രമാണ് വൈകിയതെന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. 'തൃശൂർ പൂരം കലക്കിയെന്ന് ലീഗ് കള്ളം പ്രചരിപ്പിക്കുകയാണ്. സംഘപരിവാറിനേക്കാൾ ആവേശമാണ് അവർക്ക്. തൃശൂർ പൂരം കലങ്ങിയിട്ടില്ല. ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപ്പം വൈകി എന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കൽ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
എന്നാൽ, മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ മുന്നണിക്കുള്ളിൽ തന്നെ പ്രതിഷേധമുയർന്നിട്ടുണ്ട്. പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമയുടെ പരാമർശം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളി. പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ല. ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. പൂരം കലക്കിയതിന് പിന്നിലെ സത്യങ്ങൾ പുറത്തുവരണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.