യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ടി.പി. വധക്കേസിൽ പുന:രന്വേഷണം -ചെന്നിത്തല
text_fieldsകോഴിക്കോട്: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പുനരന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിലെ അന്വേഷണം ഇടക്കെവിടെയോ വെച്ച് മുടങ്ങിപ്പോയിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാർ വന്ന ശേഷം അന്വേഷണം ഒട്ടും മുന്നോട്ട് പോയില്ല. പുന:രന്വേഷണത്തിന് സാധ്യതയുള്ള കേസാണിതെന്നും ചെന്നിത്തല പറഞ്ഞു.
തെളിവ് സമാഹരിക്കാനുള്ള വെല്ലുവിളികൾ ആഭ്യന്തര മന്ത്രിയായിരിക്കേ മനസിലാക്കിയിരുന്നു. മൊബൈൽ ഫോൺ സേവനദാതാക്കൾ ഫോൺവിളികളുടെ വിവരം ലഭ്യമാക്കിയിരുന്നില്ല. അത് ലഭിച്ചിരുന്നെങ്കിൽ കേസിൽ മറ്റൊരു വഴിത്തിരിവ് ഉണ്ടാകുമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.
ടി.പി. വധക്കേസിന്‍റെ ഗൂഢാലോചനയിലേക്ക് അന്വേഷണം എത്തണമെന്ന് ടി.പിയുടെ ഭാര്യയും ആർ.എം.പി നേതാവുമായ കെ.കെ. രമ ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തിന്‍റെ മാസ്റ്റർ ബ്രെയിനിലേക്ക് എത്തുന്ന അന്വേഷണം നടക്കണമെന്നും രമ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ ഒഞ്ചിയം ഉൾപ്പെടുന്ന വടകരയിൽ യു.ഡി.എഫ് പിന്തുണ ആർ.എം.പി സ്ഥാനാർഥിയായ കെ.കെ. രമക്കാണ്. ലോക്താന്ത്രിക് ജനതാദളിലെ മനയത്ത് ചന്ദ്രനാണ് എൽ.ഡി.എഫ് സ്ഥാനാർഥി.
സി.പി.എം വിട്ട് ആർ.എം.പി രൂപവത്കരിച്ച ടി.പി. ചന്ദ്രശേഖരൻ 2012 മെയ് നാലിന് രാത്രിയാണ് വടകര വള്ളിക്കാട് വെച്ച് കൊലചെയ്യപ്പെട്ടത്. കാറിൽ പിന്തുടർന്നെത്തിയ സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയകേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ടി.പി വധത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ശക്തമായ ആരോപണം ഉയരുകയും സി.പി.എമ്മിന് ഏറെ തലവേദനയാകുകയും ചെയ്തിരുന്നു. ക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് സി.പി.എം നേതാക്കൾ ഉൾപ്പെടെ 11 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. മറ്റൊരു പ്രതിയെ മൂന്നുവർഷം കഠിനതടവിനും ശിക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.