കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളതിന്റെ പകുതി ലഭിച്ചാൽ ട്രഷറി നിയന്ത്രണം പിൻവലിക്കും -ധനമന്ത്രി
text_fieldsതിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളതിന്റെ 50 ശതമാനം ലഭിച്ചാൽ ട്രഷറി നിയന്ത്രണം പിൻവലിക്കുമെന്ന് ധനമന്ത്രി. ബ്രാൻഡിങ് പാലിച്ചില്ലെന്ന കാരണമുയർത്തി വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് സഹായം അനുവദിക്കാനാകില്ലെന്നാണ് കേന്ദ്രനിലപാട്. സ്വച്ഛ്ഭാരത് മിഷൻ (ഗ്രാമീൺ), ആയുഷ്‌മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ, പ്രധാൻമന്ത്രി ആവാസ് യോജന (അർബൻ), പോഷൺ അഭിയാൻ, ദേശീയാരോഗ്യ പദ്ധതി എന്നിവയിൽ ബ്രാൻഡിങ് സംബന്ധിച്ച നില കേന്ദ്രത്തിനെ അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനമുണ്ടായിട്ടില്ല. മൂലധന ചെലവുകൾക്കായുള്ള പ്രത്യേക സഹായ പദ്ധതിയുടെ വിവിധ ഭാഗങ്ങളിലായി അനുവദിക്കേണ്ട ഒരു തുകയും നടപ്പുവർഷം കേന്ദ്രം അനുവദിച്ചിട്ടില്ല. ഏകദേശം 3000 കോടി രൂപയുടെ പലിശരഹിത വായ്‌പ സഹായമാണ് ഇക്കാരണത്തിൽ നഷ്ടമായത്.
കിഫ്‌ബിയും പെൻഷൻ കമ്പനിയുമെടുത്ത വായ്‌പകൾ കൃത്യമായി തിരിച്ചടയ്‌ക്കുന്നുണ്ട്. കരാറുകാർക്ക് 15,000 കോടി രൂപ കുടിശ്ശികയുണ്ടെന്ന പ്രചാരണം വസ്തുതവിരുദ്ധമാണ്. ചൊവ്വാഴ്‌ചയിലെ കണക്കനുസരിച്ച് 1021 കോടിയേ കരാറുകാർക്ക് നൽകാനുള്ളൂ. ആളോഹരി വരുമാനം കൂടുതലാണെന്ന കാരണം ചൂണ്ടിക്കാട്ടി കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ച ധനകമീഷൻ നടപടി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും.
1971ലെ സെൻസസ് അനുസരിച്ചാണ് മുൻ കമീഷനുകൾ ശിപാർശകൾ തയാറാക്കിയിരുന്നത്. എന്നാൽ, കഴിഞ്ഞ കമീഷൻ 2011 ആണ് അവലംബമാക്കിയത്. ഈ ജനസംഖ്യ മാനദണ്ഡം പാർലമെന്റ് സീറ്റുകളുടെ കാര്യത്തിൽ ബാധകമാക്കിയാൽ കേരളത്തിൽ നിലവിലുള്ള 20 ലോക്‌സഭ സീറ്റുകൾ പന്ത്രണ്ടോ പതിമൂന്നോ ആയി ചുരുങ്ങുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.