"പണം വേണമെങ്കിൽ കേസ് പിൻവലിക്കണം"; കേന്ദ്രത്തിന്റേത് ബ്ലാക്ക്മെയിലിങ്ങെന്ന് ധനമന്ത്രി ബാലഗോപാൽ
text_fieldsതിരുവനന്തപുരം: കേരളത്തിന് കിട്ടേണ്ട 13,000 കോടി വിട്ടുകിട്ടണമെങ്കിൽ സുപ്രീംകോടതിയിലുള്ള കേസ് പിൻവലിക്കണമെന്ന കേന്ദ്ര ശാഠ്യം ബ്ലാക്ക്മെയിൽ ചെയ്യലാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഈ 13,000 കോടിക്ക് വേണ്ടിയല്ല സംസ്ഥാനം സുപ്രീംകോടതിയിൽ പോയത്. കേസ് നൽകിയില്ലെങ്കിലും കിട്ടേണ്ട തുകയാണിത്. കടപരിധിയിലും ധനകമീഷനുകളുകളുടെ ശിപാർശ പ്രകാരം വെട്ടിക്കുറച്ചതുമടക്കം 25,000 കോടിയോളം രൂപ അനുവദിക്കുന്നതിനുവേണ്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. രണ്ടും രണ്ട് വിഷയങ്ങളാണ്.
കേസ് പിൻവലിച്ചാൽ തുക നൽകാമെന്ന് പറയുന്നത് കഴുത്തിന് പിടിച്ച് ശ്വാസംമുട്ടിച്ച് കരാറിൽ ഒപ്പിടീക്കുന്നതിന് തുല്യമാണ്. സിനിമക്കഥകളിൽ മാത്രം കാണുന്ന കാര്യമാണിത്. ട്രഷറി അടച്ചുപൂട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. മാർച്ചിൽ സംസ്ഥാനത്തിന് വലിയ ചെലവുകൾ ഉണ്ടാകുമെന്നത് മുന്നിൽ കണ്ടാണ് കേന്ദ്രത്തിന്റെ ഈ മർക്കടമുഷ്ടി. 22,000 കോടിയോളം രൂപ മാർച്ചിലെ ആകെ ചെലവുകൾക്ക് വേണ്ടിവരും.
കോടതിയിലെ കേസിൽനിന്ന് പെറ്റീഷനിൽനിന്ന് പിന്മാറിയില്ലെങ്കിൽ ക്ഷേമപെൻഷനും ആശുപത്രികളിലെ ചികിത്സക്കും കുട്ടികളുടെ ഉച്ചക്കഞ്ഞിക്കുള്ള പണവുമൊന്നും നൽകില്ലെന്ന് പറയുന്നത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
സുപ്രീംകോടതിയിൽ നിന്ന് ന്യായമായ പരിഹാരമാണ് പ്രതീക്ഷിക്കുന്നത്. കേരളം ഇനിയും ചർച്ചക്ക് തയാറാണ്. ശമ്പളമടക്കം പ്രതിസന്ധിയിലേക്ക് പോകുന്ന സാഹചര്യം നിലവിലില്ല. സ്ഥിതി തുടർന്നാൽ കാര്യങ്ങൾ ബുദ്ധിമുട്ടാകുമെന്നതിലും സംശയമില്ല. ജീവനക്കാർക്കുള്ള ഒരു ഗഡു ക്ഷാമബത്ത വിതരണത്തെ ബാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.