ചലച്ചിത്രമേള; പൊല്ലാപ്പായി ആപ്, പ്രായമായവർ പടിക്ക് പുറത്തുതന്നെ
text_fieldsതിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് സിനിമ ബുക്ക് ചെയ്യാൻ സി-ഡിറ്റിന്റെ നേതൃത്വത്തിൽ തയാറാക്കിയ ഐ.എഫ്.എഫ്.ഐ ആപ്ഡെലിഗേറ്റുകൾക്ക് പൊല്ലാപ്പാകുന്നു. പിറ്റേദിവസത്തെ സിനിമകൾ ബുക്ക് ചെയ്യുന്നതിന് രാവിലെ എട്ടിന് ആപ്പിൽ കയറിയാലും സർവർ പ്രശ്നങ്ങൾമൂലം ഭൂരിഭാഗം ഡെലിഗേറ്റുകൾക്കും ബുക്ക് ചെയ്യാനാകുന്നില്ല. ഇതോടെ ചൊവ്വാഴ്ച പ്രദർശനത്തിനെത്തുന്ന കൊറിയൻ സംവിധായകന് കിം കി ഡൂക്കിന്റെ അവസാന ചിത്രവും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്തെ മയക്കവും ഇതിനോടകം ഏറെ പ്രശംസ നേടിയ മത്സരചിത്രം ക്ലോണ്ടൈക്കും സീറ്റിനായി കാത്തിരുന്ന പലർക്കും നിരാശയായിരുന്നു ഫലം.
തിയറ്ററുകളിലെ എല്ലാ സീറ്റും റിസർവേഷനാക്കുന്നതിനെതിരെ പ്രായമേറിയ സിനിമാസ്വാദകർ രംഗത്തെത്തി. സീനിയർ സിറ്റിസൺസിനായി പ്രത്യേകം സീറ്റ് നീക്കിവെക്കുകയോ മുഖ്യവേദിയായ ടാഗോറിലോ കൈരളിയിലോ ഓൺലൈൻ ബുക്കിങ്ങിനായി പ്രത്യേക കൗണ്ടർ സ്ഥാപിക്കുകയോ വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു. പലപ്പോഴും ആപ് വഴി ബുക്ക് ചെയ്യാൻ കഴിയാതെവരുന്നതോടെ നല്ല സിനിമകൾക്കായി അൺ റിസർവ്ഡ് ക്യൂവിൽ മണിക്കൂറുകളോളം വെയിൽകൊണ്ട് നിൽക്കേണ്ട ഗതികേടാണ്. അവശത മറന്ന് ക്യൂ നിന്നാലും തിയറ്ററിൽ സീറ്റ് ഒഴിവില്ലാത്തതിനാൽ പ്രവേശിക്കാൻ സാധിക്കില്ലെന്ന് 15 വർഷമായി മേളയുടെ സ്ഥിരംആസ്വാദകരും കോഴിക്കോട് സ്വദേശികളുമായ രാമചന്ദ്രനും ഭാര്യ ശശിലേഖയും 'മാധ്യമ'ത്തോട് പറഞ്ഞു. തിങ്കളാഴ്ച ടാഗോർ തിയറ്ററിൽ പ്രദർശിപ്പിച്ച ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്തെ മയക്കം കാണാൻ രാവിലെ 10.30 മുതൽ ഉച്ചഭക്ഷണം ഉപേക്ഷിച്ച് സ്ത്രീകളടക്കം പത്തോളം പേർ ക്യൂ നിന്നെങ്കിലും സീറ്റ് ലഭിക്കാതെ ഇവർക്ക് നിരാശയോടെ മടങ്ങേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.