കരുതൽ കാഴ്ചകളുടെ തിരയിളക്കം തുടങ്ങി
text_fieldsതിരുവനന്തപുരം: സൗഹൃദങ്ങളോട് കൈകൊടുക്കാതെയും കൂടിച്ചേരലുകളിൽ അകലം പാലിച്ചും സിനിമാപ്രേമികളുടെ തീർഥാടനത്തിന് അനന്തപുരിയിൽ തുടക്കമായി.
കോവിഡിെൻറ പശ്ചാത്തലത്തിൽ മേള നാല് മേഖലകളിലായി മാറ്റിയതോടെ പ്രതിനിധികളുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്.
കോവിഡ് പരിശോധന നടത്തിയും മാസ്ക് ധരിച്ചും തിയറ്ററിനുള്ളിൽ സാമൂഹിക അകലം പാലിച്ചും നടത്തുന്ന മേള ചലച്ചിത്രപ്രേമികൾക്കും പുതുമയുള്ളതായി.
മുൻകാലങ്ങളിൽ സിനിമ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ തിയറ്ററുകളിൽ തള്ളിക്കയറ്റം പതിവാണെങ്കിലും ഇത്തവണ ഓരോ ചിത്രത്തിനും റിസർവേഷൻ ഏർപ്പെടുത്തിയതോടെ അത്തരമൊരു കാഴ്ച ആദ്യദിനം അന്യമായി. ഓരോ പ്രദർശനത്തിനുശേഷവും തിയറ്റർ അണുമുക്തമാക്കിയശേഷമാണ് ഡെലിഗേറ്റുകളെ പ്രവേശിപ്പിക്കുന്നത്.
അതേസമയം കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ ഡെലിഗേറ്റ് പാസ് വാങ്ങാനെത്തിയ 32 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. തിങ്കളാഴ്ച എട്ടുപേർക്കും ചൊവ്വാഴ്ച 18 പേർക്കും ഇന്നലെ മൂന്നുപേർക്കുമാണ് ടാഗോറിൽ നടത്തിയ പരിശോധയിൽ പോസിറ്റിവായത്. മൂന്ന് ദിവസങ്ങളിലായി 2000 പേർക്കാണ് ആൻറിജൻ പരിശോധന നടത്തിയത്.
മേളയുടെ രണ്ടാം ദിനമായ ഇന്ന് അഞ്ച് മത്സരചിത്രങ്ങള്‍ അടക്കം 24 ചിത്രങ്ങള്‍ പ്രദർശിപ്പിക്കും. വിയറ്റ്നാം ചിതമായ റോം, അസര്ബൈജാന് ചിത്രം ബിലേസ്വര്‍, ആന്‍ഡ്രെ മാറ്റിനസ് ചിത്രം ബേഡ് വാച്ചിങ്, ബ്രസീലിയന്‍ ചിത്രം മെമ്മറി ഹൗസ്, മോഹിത് പ്രിയദര്‍ശിയുടെ കോസ എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
പെല്ലിശ്ശേരിയുടെ റിലീസ് ചിത്രം ചുരുളിയുടെ ആദ്യ പ്രദര്‍ശനവും ഇന്നുണ്ടാകും. ടാഗോറില്‍ ഉച്ചകഴിഞ്ഞു 2.45നാണ് പ്രദര്‍ശനം. ലോക സിനിമാ വിഭാഗത്തില്‍ ദി വേസ്റ്റ് ലാന്‍ഡ്, ദി വുമണ്‍ ഹു റാന്‍, ഡിയര്‍ കോമ്രേഡ്സ്, നോ വെയര്‍ സ്പെഷല്‍, 9, 75, തുടങ്ങിയ ഒമ്പത് ചിത്രങ്ങളും ഇന്ത്യന്‍ സിനിമാ ഇന്ന് വിഭാഗത്തില്‍ 12 X 12 അണ് ടൈറ്റില്‍ഡ്, ഗോഡ് ഓണ്‍ ദി ബാല്‍ക്കണി എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും .
മലയാളികളുടെ പ്രിയപ്പെട്ട കൊറിയന്‍ സംവിധായകന് കിം കി ഡുക്കിന് ഇന്ന് ചലച്ചിത്രമേള ആദരമര്‍പ്പിക്കും.
മാജിക്കല്‍ റിയലിസത്തിലൂടെ ഋതുക്കള്‍ ചിത്രീകരിക്കുന്ന ഡുക്കിെൻറ സ്പ്രിങ്, സമ്മര്‍, ഫാള്‍, വിൻറര്‍ ആന്‍ഡ് സ്പ്രിഗ്, ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവിന് ആദരം അര്‍പ്പിക്കുന്ന അഗ്രഹാരത്തില്‍ കഴുതൈ എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്നുണ്ടാകും.
നിള തിയറ്ററില്‍ വൈകീട്ട് 4.30 നാണ് പ്രദര്‍ശനം. കാലിഡോസ്കോപ്പ് വിഭാഗത്തില്‍ കാന്‍ നീതര്‍ ബി ഹിയര്‍ നോര് ജേര്‍ണി ബിയോണ്ട് ആണ് പ്രദര്‍ശിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.