ഐ.എഫ്.എഫ്.കെക്ക് ഇന്ന് സമാപനം; സുവർണ ചകോരം ആരുടെ കൈയിൽ?
text_fieldsതിരുവനന്തപുരം: എട്ട് ദിനരാത്രങ്ങൾ തിരശ്ശീലയിൽ ലോകകാഴ്ചയെ സമ്മാനിച്ച 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച കൊടിയിറക്കം. ചലച്ചിത്രവിരുന്ന് സമാപിക്കുമ്പോൾ ആർക്കാവും മികച്ച ചിത്രത്തിനുള്ള സുവർണ ചകോരമെന്നതാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
ഇന്ദുലക്ഷ്മിയുടെ അപ്പുറം, ജയൻ ചെറിയാന്റെ റിദം ഓഫ് ദമ്മാം, ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമയടക്കം 14 ചിത്രങ്ങളാണ് 20 ലക്ഷം രൂപക്കുള്ള സുവർണ ചകോരത്തിനായി മത്സരരംഗത്തുള്ളത്. രജതചകോരത്തിന് അർഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലുലക്ഷംരൂപയും രജതചകോരത്തിന് അർഹത നേടുന്ന നവാഗത സംവിധാന പ്രതിഭക്ക് മൂന്നുലക്ഷം രൂപയും ലഭിക്കും.
വൈകീട്ട് നിശാഗന്ധിയിൽ നടക്കുന്ന സമാപനചടങ്ങിൽ സംവിധായിക പായൽ കപാഡിയക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. ശേഷം സുവർണചകോരം നേടുന്ന ചിത്രത്തിന്റെ പ്രദർശനവും നടക്കും. അവസാനദിനമായ ഇന്ന് 11 ചിത്രങ്ങളുടെ പ്രദർശനങ്ങളാണ് നടക്കുക.
ഐ.എഫ്.എഫ്.കെ പരീക്ഷണ സിനിമകൾക്കുള്ള മികച്ച വേദി
തിരുവനന്തപുരം: സർഗാത്മകതയ്ക്ക് വിലക്കുകളില്ലാതെ മികച്ച കലാസൃഷ്ടികൾ പ്രദർശിപ്പിക്കാൻ കഴിയുന്ന വേദിയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് മീറ്റ് ദ ഡയറക്ടർ പരിപാടിയിൽ പങ്കെടുത്ത സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്മദ് കമൽ എന്നിവർ അഭിപ്രായപ്പെട്ടു.
ഏഴാംദിനം ടാഗോർ തിയറ്ററിൽ നടന്ന 29ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ മീറ്റ് ദി ഡയറക്ട്ടേഴ്സ് പരിപാടിയുടെ അവസാനത്തെ പതിപ്പായിരുന്നു ഇത്. കുറഞ്ഞ ചിലവിൽ ഒരുക്കിയ ചിത്രമായിട്ടും 'പാത്ത്'ന് ലഭിച്ച മികച്ച പ്രേക്ഷക പ്രതികരണത്തിൽ സന്തോഷമുണ്ടന്ന് സംവിധായകൻ ജിതിൻ ഐസക് തോമസ് പറഞ്ഞു.
പൊന്നാനിയിലെ അയൽക്കാരും സുഹൃത്തുക്കളും അടങ്ങുന്ന ചെറിയൊരു സംഘത്തിന്റെ പരിശ്രമമാണ് 'ഫെമിനിച്ചി ഫാത്തിമ'യെന്നും സ്വന്തം വീട്ടിലെ സ്ത്രീജീവിതങ്ങളാണ് താൻ ആവിഷ്കരിച്ചതെന്നും ഫാസിൽ മുഹമ്മദ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ സിനിമയെ ശ്രദ്ധാപൂർവമാണ് വീക്ഷിക്കുന്നതെന്നും ഈജിപ്ഷ്യൻ സിനിമ നേരിടുന്ന സെൻസർഷിപ് പ്രശ്നങ്ങളെ കുറിച്ചും ഈജിപ്ഷ്യൻ അഭിനേതാവ് അഹ്മദ് കമൽ സാംസാരിച്ചു.
പലതരം സിനിമകൾ ചെയ്യാൻ പറ്റുന്ന നാട്ടിൽ ജീവിക്കുന്നതിൽ സന്തോഷം
250ഓളം ചിത്രങ്ങളിൽനിന്ന് 10 ചിത്രങ്ങൾ തിരഞ്ഞെടുക്കുക എന്നത് പ്രയാസമേറിയ പ്രക്രിയയായിരുന്നുവെന്ന് സെലക്ഷൻ കമ്മിറ്റി അംഗം
തിരുവനന്തപുരം: മലയാളം സിനിമ ഇന്ന് വിഭാഗത്തിലെ 14 സിനിമകളിൽ സ്വതന്ത്ര സിനിമകളുടെ പങ്ക് വലുതാണെന്ന് മലയാളം സിനിമ ടുഡേ വിഭാഗം സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ ജിയോ ബേബി. മികവാർന്ന ദേശീയ, രാജ്യാന്തര സിനിമകൾ ഇത്തവണത്തെ മേളയിൽ പ്രേക്ഷകർക്കുമുന്നിലെത്തി. നൂതനമായതും പരീക്ഷണാടിസ്ഥാനത്തിലും നിർമിച്ച ചിത്രങ്ങൾ കൂടുതലായുള്ളത് സ്വതന്ത്ര സിനിമകളിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാരിച്ച പണച്ചെലവേറിയ ഒന്നല്ല സിനിമ എന്നു ചൂണ്ടികാട്ടുന്നതാണ് ഈ വിഭാഗത്തിൽ വന്ന കാമദേവൻ നക്ഷത്രം കണ്ടു, വാട്ട്സി സോംബി എന്നീ ചിത്രങ്ങൾ. ഐ.എഫ്.എഫ്.കെയ്ക്കു വേണ്ടി മാത്രം സിനിമകൾ നിർമിക്കുന്ന കൂട്ടായ്മകളുണ്ടെന്നത് മേളയുടെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടുന്നു. പലതരം സിനിമകൾ ചെയ്യാൻ പറ്റുന്ന നാട്ടിൽ ജീവിക്കുന്നു എന്നതിൽ സന്തോഷമുണ്ട്.
എത്രപേർ മേളയിൽ പങ്കെടുത്തു എന്നതിനുമപ്പുറം എത്ര പേർ സിനിമകൾ കാണാൻ കയറുന്നുവെന്നതാണ് ചോദ്യം. ആ ചോദ്യത്തിന്റെ ഉത്തരമാണ് നിറഞ്ഞ സദസ്സിൽ പ്രദശനം പുരോഗമിക്കുന്ന സിനിമകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
250 ഓളം ചിത്രങ്ങളിൽ നിന്ന് 10 ചിത്രങ്ങൾ തിരഞ്ഞെടുക്കുക എന്നത് പ്രയാസമേറിയ പ്രക്രിയയായിരുന്നുവെന്ന് അന്താരാഷ്ട്ര മത്സര വിഭാഗം സെലക്ഷൻ കമ്മിറ്റി അംഗം ശ്രുതി ശരണ്യം പറഞ്ഞു. മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി, മാലു, എൽബോ തുടങ്ങിയ ചിത്രങ്ങൾ ഉൾപ്പെടുത്താൻ സാധിച്ചത് വ്യക്തിപരമായി സന്തോഷം നൽകി.
കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതും കഥാപാത്രങ്ങളാൽ മുന്നോട്ടുപോകുന്നതുമായ ഫെമിനിച്ചി ഫാത്തിമ പോലുള്ള സിനിമകൾ അന്താരാഷ്ട്ര മത്സര വിഭാഗത്തിന്റെ ഭാഗമായതിൽ അഭിമാനമുണ്ട്. ജയൻ ചെറിയാന്റെ റിഥം ഓഫ് ദമാം പ്രേക്ഷക ശ്രദ്ധ നേടിയെന്നും ശ്രുതി ശരണ്യം പറഞ്ഞു.സ്വാഭാവികമായി തെരഞ്ഞെടുക്കപ്പെട്ട വൈവിധ്യമാർന്ന ഒരു കൂട്ടം സിനിമകളാണ് ഇന്ത്യൻ സിനിമ നൗ വിഭാഗത്തിലുള്ളതെന്ന് സെലക്ഷൻ കമിറ്റി അംഗം ആദിത്യ ശ്രീകൃഷ്ണ.
ജാതിയെക്കുറിച്ച് സംസാരിക്കുന്ന സിനിമകളും അക്കൂട്ടത്തിലുണ്ട്. ആജൂർ എന്ന ചിത്രത്തിലൂടെ ബജ്ജിഗ ഭാഷയെ ചലച്ചിത്രാസ്വാദകരിലേക്ക് എത്തിച്ചു. ആദിവാസി സ്ത്രീയുടെ കഥ പറയുന്ന ഹ്യൂമൻസ് ഇൻ ദ ലൂപ്പ് എന്ന ചിത്രവും എടുത്ത് പറയേണ്ടതാണ്. ആധുനികതയുടെയും പാരമ്പര്യത്തിന്റെയും വൈരുദ്ധ്യമാണ് അങ്കമ്മാളിൽ ചർച്ചചെയ്യപ്പെടുന്നതെന്നും ആദിത്യ ശ്രീകൃഷ്ണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.