സംഘപരിവാറിന്റെ എതിർപ്പ്; മുഴക്കുന്ന് ക്ഷേത്ര വളപ്പിലെ ഇഫ്താർ ഒഴിവാക്കി, കഴിഞ്ഞ രണ്ടുവര്‍ഷമായി ക്ഷേത്രത്തില്‍ ഇഫ്താര്‍ സംഗമം നടന്നിരുന്നു
text_fieldsകണ്ണൂർ: സംഘ്പരിവാർ സംഘടനകളുടെ എതിർപ്പ് കണക്കിലെടുത്ത് ഇരിട്ടി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്ര കമ്മിറ്റി ബുധനാഴ്ച നടത്താനിരുന്ന ഇഫ്താര്‍-സ്നേഹസംഗമം ഒഴിവാക്കി. സമൂഹമാധ്യമങ്ങളിൽ നടത്തിവരുന്ന പ്രചാരണങ്ങൾക്കു പിന്നാലെ ഏതാനും പേർ ഹൈകോടതിയെയും സമീപിച്ചതോടെയാണ് പരിപാടി റദ്ദാക്കിയത്.
മതസൗഹാര്‍ദം ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവര്‍ഷമായി ക്ഷേത്രത്തില്‍ ഇഫ്താര്‍ സംഗമം നടത്തിയിരുന്നു. ക്ഷേത്രത്തിന്റെ പാർക്കിങ് ഏരിയയിലാണ് ഇഫ്താർ- സ്നേഹസംഗമം നടത്താൻ നിശ്ചയിച്ചിരുന്നത്. എം.എൽ.എ, പള്ളി വികാരി, ഖത്തീബ് തുടങ്ങിയവരെ ഉൾപ്പെടുത്തി സംഗമം നിശ്ചയിച്ച അന്നുമുതൽ സമൂഹമാധ്യമങ്ങളിൽ സംഘ് പരിവാർ നേതാക്കൾ ഉൾപ്പെടെയുള്ളവർ എതിർപ്പുമായി വന്നതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ക്ഷേത്ര പോർക്കലി കലശ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഇഫ്താർ തടയണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ശ്രീകുമാർ മാങ്കുഴി, കൊട്ടിയൂർ സ്വദേശി വി.എസ്. അനൂപ് എന്നിവരാണ് ഹൈകോടതിയെ സമീപിച്ചത്.
എല്ലാ മതസ്ഥർക്കും പ്രവേശനമുള്ള ക്ഷേത്രമാണിതെന്നും ഇഫ്താറിന് പ്രത്യേകം അനുമതി നൽകിയിട്ടില്ലെന്നും ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ ഹൈകോടതിയെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് ഇഫ്താർ-സ്നേഹസംഗമം വേണ്ടെന്നുവെച്ചതെന്നും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.