റെയിൽവേ വിഹിതത്തിലും കേരളത്തോട് അവഗണന
text_fieldsതിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് റെയിൽവേ വിഹിതത്തിലും കേരളത്തിന് കുറവ്. കർണാടകക്ക് 7559 കോടിയും തമിഴ്നാടിന് 6362 കോടിയും അനുവദിച്ചപ്പോൾ കേരളത്തിന് കിട്ടിയത് 3011 കോടി രൂപ മാത്രം. സംസ്ഥാനം മുന്നോട്ടുവെച്ച റെയിൽവേ പദ്ധതികളൊന്നും പരിഗണിക്കാത്തതിന് പുറമേയാണ് വിഹിതത്തിലെ കുറവ്. 10 വർഷത്തെ കണക്കുകൾ താരതമ്യം ചെയ്യുന്നതിനു പകരം യു.പി.എ സർക്കാർ കാലത്ത് കേരളത്തിന് അനുവദിച്ച വിഹിതവുമായി താരതമ്യപ്പെടുത്തിയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഓൺലൈനായി വിവിധ ഡിവിഷനുകളിലെ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തത്. പുതിയ ട്രാക്കുകളുടെ നിർമാണത്തിൽ 2009-14 കാലയളവിൽ ശരാശരി 11 കിലോമീറ്ററായിരുന്നെങ്കിൽ കഴിഞ്ഞ 10 വർഷത്തിൽ ഇതിൽ മൂന്ന് കിലോമീറ്ററിന്റെ (13 കിലോമീറ്റർ) വർധന മാത്രമാണുള്ളത്. പുതിയ പ്രഖ്യാപനങ്ങളോ ട്രെയിനുകളോ റെയിൽവേ മന്ത്രിക്കും പറയാനുണ്ടായിരുന്നില്ല. പകരം മുമ്പ് പ്രഖ്യാപിച്ചതും പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതുമായി കേരളത്തിലെ അമൃത് സ്റ്റേഷനുകളുടെ പേരുകളാണ് വാർത്തസമ്മേളനത്തിൽ അവതരിപ്പിച്ചത്.
10 വർഷത്തിനിടെ 106 റെയിൽവേ മേൽപാലങ്ങൾ കേരളത്തിൽ നിർമിച്ചതായി അശ്വനി വൈഷ്ണവ് പറഞ്ഞു. യു.പി.എ സർക്കാർ കാലത്ത് അനുവദിച്ചതിനെക്കാൾ എട്ട് ഇരട്ടിയാണ് ഇക്കുറി കേരളത്തിന് നൽകിയത്. യു.പി.എ കാലത്ത് വർഷം ശരാശരി 372 കോടിയായിരുന്നു. ഭൂമിയേറ്റെടുക്കൽ വലിയ പ്രതിബന്ധമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന്റെ പൂർണ സഹകരണം റെയിൽവേ പ്രതീക്ഷിക്കുന്നു. ശബരി റെയിൽപാത സംബന്ധിച്ച് അങ്കമാലി-എരുമേലി, ചെങ്ങന്നൂർ-പമ്പ എന്നിങ്ങനെ രണ്ട് അലൈന്മെന്റുകളാണ് മുന്നിലുള്ളത്. വിശദ പരിശോധനകൾക്കുശേഷം അനുയോജ്യമായ അലൈൻമെൻറ് തെരഞ്ഞെടുക്കും. വേഗ വർധനക്ക് പ്രാമുഖ്യം നൽകും. വന്ദേ ഭാരത് സർവിസ് നടത്തുന്നതുകൊണ്ട് മറ്റ് ട്രെയിനുകൾ വൈകുന്നതായി കാണുന്നില്ല. കേരളത്തിലെ നിർമാണങ്ങൾക്ക് പണത്തിന്റെ പ്രശ്നമില്ല. സംസ്ഥാന സർക്കാറിന്റെ പൂർണ സഹകരണമാണ് ആവശ്യം. പാലക്കാട് ഡിവിഷൻ വിഭജിക്കുന്നെന്നത് വ്യാജ വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.