ഐ.ജി.എസ്.ടി: അർഹതപ്പെട്ടത് വാങ്ങിയെടുക്കുന്നതിൽ വീഴ്ച
text_fieldsതിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യാപാരം നടത്തി കേരളത്തിലേക്ക് കൊണ്ടുവരുന്നവക്ക് ലഭിക്കേണ്ട നികുതി വിഹിതം പൂർണമായി വാങ്ങിയെടുക്കാൻ സംസ്ഥാന സർക്കാറിനാകുന്നില്ലെന്നും ആക്ഷേപം. ചരക്കുസേവന നികുതി നടപ്പായതോടെ അന്തർ സംസ്ഥാന വ്യാപാരത്തിന് ചുമത്തുന്ന ഐ.ജി.എസ്.ടിയിലാണ് (സംയോജിത ജി.എസ്.ടി) ഈ വിഹിതം വരുന്നത്. കേന്ദ്ര സർക്കാർ ഇത് ഈടാക്കി സംസ്ഥാനങ്ങൾക്ക് നൽകുകയാണ് ചെയ്യുന്നത്. ഐ.ജി.എസ്.ടിയിൽ വർഷം 5000 കോടിയോളം രൂപ സംസ്ഥാനത്തിന് ലഭിക്കാനുണ്ടെന്നും ഇതിനായി ജി.എസ്.ടി കൗൺസിലിൽ സംസ്ഥാനം സമ്മർദം ചെലുത്തണമെന്നും എക്സ്പെന്റിച്വർ റിവ്യൂ കമ്മിറ്റി ശിപാർശ ചെയ്തിരുന്നു.
ഓരോ ഇടപാടും തിരിച്ചറിയാൻ സംവിധാനം ഉണ്ടായാലേ സംസ്ഥാന സർക്കാറിന് ഇതിന് കഴിയൂ. ജി.എസ്.ടി കുടിശ്ശിക വിഷയത്തിൽ എൻ.കെ. പ്രേമചന്ദ്രൻ പാലമെന്റിൽ ഉന്നയിച്ച ചോദ്യവും അതിന് കേന്ദ്ര ധനമന്ത്രി നൽകിയ മറുപടിയും വലിയ രാഷ്ട്രീയ വിവാദമായിരുന്നു. കേന്ദ്ര ധനമന്ത്രിയുടെ മറുപടിയിൽ ജി.എസ്.ടി നഷ്ടപരിഹാരത്തെ കുറിച്ചാണ് പ്രധാനമായും പറയുന്നത്. ജി.എസ്.ടി നഷ്ട പരിഹാരമായി 750 കോടിയോളം രൂപയാണ് കേരളത്തിന് കിട്ടാനുള്ളത്. അത് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലും സമ്മതിക്കുന്നു. അതേസമയം അക്കൗണ്ടന്റ് ജനറലിന്റെ കണക്ക് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ എ.ജി ഓഫിസാണ് കണക്ക് നൽകേണ്ടതെന്നാണ് സംസ്ഥാന ധനവകുപ്പ് വൃത്തങ്ങൾ പറയുന്നത്.
റിട്ടേൺ ഫോമിലെ പോരായ്മയാണ് ഐ.ജി.എസ്.ടിയിൽ പ്രശ്നമാകുന്നതെന്ന് ആക്ഷേപമുണ്ട്. പോരായ്മമൂലം ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് ഇത് കൃത്യമായി കിട്ടാറില്ല. കേന്ദ്രം വീതംവെക്കുമ്പോൾ അർഹതപ്പെട്ട വിഹിതത്തിൽ പലപ്പോഴും രണ്ട് ശതമാനമൊക്കെയാണ് ലഭിക്കുന്നത്. അന്തർ സംസ്ഥാന വിൽപനകൾ കൃത്യമായി രേഖപ്പെടുത്തിയാലേ സംസ്ഥാനത്തിന് പൂർണ വിഹിതം ലഭിക്കൂ. അതിന് ഇവിടെ ഫയലിങ് ശക്തമാക്കുകയും പരിശോധിക്കുകയും വേണം.
സംസ്ഥാനങ്ങളില്‍ നടക്കുന്ന നോണ്‍ ഐ.ടി.സി (ഇൻപുട്ട് ടാക്സ് െക്രഡിറ്റ്) അടക്കമുള്ള അന്തര്‍ സംസ്ഥാന വില്പനകളില് കൃത്യമായി ഫയലിങ് നടന്നാല്‍ മാത്രമേ ഐ.ജി.എസ്.ടി പൂളില്‍ നിന്നും സംസ്ഥാനത്തിന് അര്‍ഹമായ തുക ലഭിക്കുകയുള്ളൂ. നിലവിൽ ഇത് ഫലപ്രദമല്ല. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് വൻതോതിൽ ഇതിൽ നഷ്ടം വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.