ഐ.എച്ച്.ആർ.ഡി ഡയറക്ടർ നിയമനം; അരുൺകുമാറിന് യോഗ്യതയില്ലെന്ന് എ.ഐ.സി.ടി.ഇ സത്യവാങ്മൂലം
text_fieldsതിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി ഡയറക്ടർ നിയമനത്തിനുള്ള അഭിമുഖത്തിൽ പങ്കെടുത്ത മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ അരുൺകുമാറിന് മിനിമം യോഗ്യതയില്ലെന്ന് അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പുറത്ത്. ഐ.എച്ച്.ആർ.ഡി ഡയറക്ടറുടെ യോഗ്യതകളിൽ ഇളവുവരുത്തി 2023 ഡിസംബർ 13ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് എ.ഐ.സി.ടി.ഇ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും നിയമപരമായി നിലനിൽക്കില്ലെന്നും സ്റ്റാൻഡിങ് കോൺസൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഇത് നിലനിൽക്കെയാണ് കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന ഡയറക്ടർ നിയമന ഇന്റർവ്യൂവിൽ അരുൺകുമാറിനെ പങ്കെടുപ്പിച്ചത്.
ഏഴ് വർഷം അഡീഷനൽ ഡയറക്ടർ പദവിയിലെ പരിചയം പുതിയ യോഗ്യതയാക്കി കൂട്ടിച്ചേർത്താണ് സ്പെഷൽ റൂൾസിൽ ഗവേണിങ് ബോഡി അറിയാതെ സർക്കാർ ഉത്തരവിറക്കിയത്. തസ്തികയിലേക്ക് എൻജിനീയറിങ്ങിൽ ബിരുദാനന്തരബിരുദം അടിസ്ഥാന യോഗ്യതയാണെങ്കിലും അരുൺകുമാറിനുള്ളത് എം.സി.എ ബിരുദമാണ്. ഇത് മറികടക്കാനാണ് നിലവിൽ അഡീഷനൽ ഡയറക്ടറായ അരുൺകുമാറിന് വേണ്ടി ഏഴ് വർഷം അഡീഷനൽ ഡയറക്ടറായുള്ള പരിചയം പുതിയ യോഗ്യതയാക്കി കൂട്ടിച്ചേർത്തത്. ഇന്റർവ്യൂവിൽ അരുൺകുമാറിന് പുറമെ സീനിയർ പ്രിൻസിപ്പൽ, പ്രഫസർ തസ്തികകളിലുള്ള അഞ്ചുപേർകൂടി പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ഡിജിറ്റൽ യൂനിവേഴ്സിറ്റി വി.സി, കുസാറ്റ് മുൻ വി.സി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, ഉന്നത വിദ്യാഭ്യാസ അഡീഷനൽ സെക്രട്ടറി എന്നിവരായിരുന്നു ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ.
ഇൻറർവ്യൂവിൽ പങ്കെടുത്തവരിൽ രണ്ട് പേർക്ക് മാത്രമേ പുതിയ റെഗുലേഷൻ പ്രകാരം യോഗ്യതയുള്ളൂവെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.