ഐ.എച്ച്.ആർ.ഡിയിൽ പെൻഷൻ ആനുകൂല്യം നൽകാത്തത് മനുഷ്യാവകാശ ലംഘനം - റിട്ട. എംപ്ലോയീസ് ഫോറം
text_fieldsചെങ്ങന്നൂർ : കേരള സർക്കാർ സ്ഥാപനമായ ഐ.ച്ച്.ആർ.ഡി ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് ) യുടെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് വിരമിച്ച ജീവനക്കാർക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാത്ത മാനേജ്മെന്റിന്റെയും സർക്കാറിന്റെയും നിഷേധാത്മക നടപടി പ്രതിഷേധാർഹവും മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ഐ.എച്ച്.ആർ.ഡി റിട്ടയേർഡ് എംപ്ലോയിസ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം ആരോപിച്ചു.
ഐ.എച്ച്.ആർ.ഡി റിട്ടയേർഡ് ജീവനക്കാർക്ക് ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന ഹൈകോടതി വിധി ഉണ്ടായിട്ടും പേ റിവിഷൻ കുടിശിക പോലും നൽകിയിട്ടില്ല. ഇക്കാര്യത്തിലുള്ള കോടതി വിധിയെപ്പോലും കാറ്റിൽപ്പറത്തിയുള്ള ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും സംഘടനാ ഭാരവാഹികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ കാലവിളംബം കൂടാതെയുള്ള അനുകൂല നടപടി ഉണ്ടാകാത്ത പക്ഷം ഐ.എച്ച്.ആർ.ഡി. ആസ്ഥാനത്ത് സത്യഗ്രഹം ഉൾപ്പെടെയുള്ള പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. ഐ.എച്ച്.ആർ.ഡി. റിട്ടയേർഡ് എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.ബി. യശോധരൻ യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി കെ. സദാ ശിവൻ അധ്യക്ഷതവഹിച്ചു. എ. ജി. ഡേവിഡ്, വി.എസ്.ഖദീജ, ജെ. ഹാഷിം, എസ്.സുനിൽ, പി.കെ. മജീദ് , വി. ജി. സുരേഷ് കുമാർ, ഖരീം, പി. സി. സുരേഷ് എന്നിവർ പ്രസംഗിച്ചു. 2025 മാർച്ചിൽ എറണാകുളത്തു വെച്ചു സംസ്ഥാന സമ്മേളനം നടത്താൻ യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.