ഇലഞ്ഞിച്ചുവട്ടിൽ നാദലയ വിസ്മയം; രൗദ്രലഹരി പകർന്ന് ഇലഞ്ഞിത്തറ മേളം
text_fieldsതൃശൂർ: കിഴക്കൂട്ട് അനിയൻ മാരാർ പാണ്ടിയുടെ രൗദ്രലഹരി പകർന്നപ്പോൾ താളഭേദങ്ങളുടെ ചടുലതയിൽ ഇലഞ്ഞിച്ചുവട് ഒരിക്കൽകൂടി ത്രസിച്ചുനിന്നു. വിരൽത്തുമ്പുകളിൽ സന്നിവേശിച്ച ആവേശം മുറുകിയടങ്ങുമ്പോൾ 78ാം വയസ്സിലെ തന്റെ കന്നി പ്രമാണിത്തം അവിസ്മരണീയമാക്കിയ ആനന്ദത്തിലായിരുന്നു കിഴക്കൂട്ട്.
കൂട്ടിപ്പെരുക്കത്തിന്റെ ഗുണിതങ്ങളെ ചെണ്ടക്കോൽ നീളംകൊണ്ട് വടക്കുന്നാഥൻ ക്ഷേത്രത്തിനകത്തെ ഇലഞ്ഞിച്ചോട്ടിൽ വെച്ച് അളന്ന് കേൾപ്പിക്കുകയായിരുന്നു അനിയൻ മാരാർ. താണും ഉയർന്നും പുഴപോലെ ഒഴുകിക്കൊണ്ടിരുന്ന നാദലയം അവസാന 20 മിനിറ്റിലെത്തിയപ്പോൾ രൗദ്രതാളമായി പകർന്നാടി. 28 അക്ഷരകാലത്തിൽ മാധുര്യം പകർന്ന് പതിഞ്ഞൊഴുകിയ മേളനദിയെ 14 ാം അക്ഷരകാലത്തിന്റെയും ഏഴാംകാലത്തിന്റെ ദ്രുത താളത്തിലേക്കും ഒടുവിൽ ഏകതാളത്തിലേക്കും സന്നിവേശിപ്പിച്ച് ദ്രുതതാളത്തിന്റെ ആവേശക്കൊടുമുടിയിലെത്തിച്ചപ്പോൾ ആസ്വാദകരുടെ മനസ്സ് നിറഞ്ഞു. പാറമേക്കാവിന്റെ മതിലകത്തുനിന്ന് പതിവുപോലെ ആരംഭിച്ച ചെമ്പടമേളം കൊട്ടിക്കലാശിച്ച് പാണ്ടി പതികാലത്തിൽ തുടങ്ങി കിഴക്കേ ഗോപുരത്തിലൂടെ വടക്കുന്നാഥന്റെ മുറ്റത്തെത്തിയപ്പോൾ സമയം പതിവിലും വൈകി -ഉച്ച 2.40. മുൻനിരയിൽ അനിയൻ മാരാർ. വലത്ത് പെരുവനം സതീശനും ഇടത്ത് തിരുവല്ല രാധാകൃഷ്ണനും ഉരുട്ടുചെണ്ടക്കാരും. പല നിരകളിലായി വലന്തലയും ഇലത്താളവും. പുരുഷാരത്തിന്റെ പുറന്തോടിനുള്ളിൽ വാദകസംഘം.
ത്രിപുട താളത്തിൽ മേളക്കമ്പക്കാരെ നയിക്കുന്ന പാണ്ടി ഉണർന്നു. താളവട്ടങ്ങളുടെ കലാശം കാണികൾ കൈമുദ്രയിലൂടെ ആവേശത്തിരയാക്കി മാറ്റി. 35 മിനിറ്റ് പിന്നിട്ടപ്പോൾ തുറന്നുപിടിച്ച ഘട്ടം. അരമണിക്കൂർ വിസ്താരത്തിന് ശേഷം ‘തകൃതകൃത’യുടെ ദ്രുതതാളത്തിലേക്ക്. കുറുംകുഴലിന്റെ മാധുര്യത്തോടൊപ്പം ചെണ്ടയുടെ പെരുക്കവും ആസ്വാദകർ ഹർഷാരവങ്ങളോടെ എതിരേറ്റു. 15 കലാശങ്ങളാണ് തകൃതകൃതയിൽ പൂർത്തീകരിച്ചത്.
കോൽപെരുക്കത്തിന്റെ ഉച്ചത്തിൽ ‘മുട്ടിൻമേൽ ചെണ്ട’യിൽ മേളക്കാർ ആഞ്ഞുപിടിച്ചു. നാലുമണിയോടെ എല്ലാ നിയന്ത്രണവുംവിട്ട് മേളം ആഞ്ഞടിച്ചുതുടങ്ങി. എടക്കാലത്തിന്റെ മാന്ത്രികത അനിയൻ മാരാർ പുറത്തെടുത്തു. അപ്പോൾ പൂരപ്രേമികളുടെ വിരലുകൾക്ക് ഒരേ താളമായിരുന്നു.
കുഴമറിഞ്ഞ കാലം തൊട്ട് ഇലഞ്ഞിച്ചോട്ടിൽ മേളക്കമ്പം അലയായി അടിച്ചുതുടങ്ങി. ആയിരക്കണക്കിന് കൈകൾ ഒരേ താളത്തിൽ പന്തലിൻപുറത്ത് താളമൊരുക്കി. അവരുടെ ഊർജം മേളക്കാരിലേക്ക് ആവേശത്തിന്റെ കൊടുങ്കാറ്റായി പകർന്നു. കുഴമറിഞ്ഞ കാലത്തിൽ പിറന്നത് 20 കലാശങ്ങൾ. കൊമ്പുകാരും കുഴലുകാരും ആംഗ്യം കാണിച്ചു. തീരുകലാശത്തിലേക്ക്.
കൊടുങ്കാറ്റുപോലെ വന്ന മേളം നിലച്ചു. ഇടിവെട്ടിൽ അലറിവന്ന മഴ നിലച്ച അവസ്ഥ. ഒരാണ്ടിന്റെ മേളപ്പെരുമക്ക് സമാപ്തി. പ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ സംതൃപ്തിയോടെ ചിരിച്ചു. സമയം -4.28.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.