നിയമവിരുദ്ധ പരസ്യം; പതഞ്ജലിക്കെതിരെ നടപടിക്ക് നിർദേശം
text_fieldsതൃശൂർ: തുടർച്ചയായി നിയമവിരുദ്ധ പരസ്യം പ്രസിദ്ധീകരിച്ചെന്ന മലയാളി ഡോക്ടറുടെ പരാതിയിൽ പതഞ്ജലി നിർമാതാക്കൾക്കെതിരെ നടപടിക്ക് നിർദേശം.
ജനാരോഗ്യ വിദഗ്ധൻ ഡോ. കെ.വി. ബാബു നൽകിയ പരാതിയിൽ ഉത്തരാഖണ്ഡ് ആയുഷ് യൂനാനി സ്റ്റേറ്റ് ലൈസൻസിങ് അതോറിറ്റി (എസ്.സി.എൽ.എ), കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതി എന്നിവരാണ് പതഞ്ജലി ഉൽപന്നങ്ങളുടെ നിർമാതാക്കളായ ദിവ്യ ഫാർമസിക്കെതിരെ നടപടിക്ക് നിർദേശിച്ചത്.
ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന മുന്നറിയിപ്പ് അവഗണിച്ച് വീണ്ടും പ്രസിദ്ധീകരിച്ചതോടെയാണ് ഇപ്പോൾ സർക്കാർ നടപടികൾക്ക് കളമൊരുങ്ങുന്നത്.
ഫെബ്രുവരി 21നായിരുന്നു രോഗസംഹാരിയായ മരുന്നുകളുടെ പരസ്യം ആദ്യഘട്ടത്തിൽ പ്രസിദ്ധീകരിച്ചത്. ജനങ്ങൾക്ക് തെറ്റിദ്ധാരണ ഉണ്ടാക്കിയേക്കാവുന്ന ഇത്തരം പരസ്യങ്ങൾ ഡ്രഗ്സ് ആൻഡ് മാജിക്കൽ റമിഡീസ് (ഒബ്ജക്ഷണബ്ൾ) ആക്ട് 1954- സെക്ഷൻ മൂന്ന് (ഡി) , ഡ്രഗ്സ് ആൻഡ് കോസ്മറ്റിക് ആക്ട് 1940, റൂൾസ് 1945 സെക്ഷൻ 106 (1) പ്രകാരം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. ബാബു, ഡ്രഗ്സ് കൺട്രോൾ ജനറൽ ജനറൽ ഓഫ് ഇന്ത്യക്ക് പരാതി നൽകിയിരുന്നു.
പരാതി ലഭിച്ച ആയുഷ് മന്ത്രാലയം നിർമാണ യൂനിറ്റ് സ്ഥിതിചെയ്യുന്ന ഉത്തരാഖണ്ഡിലെ സ്റ്റേറ്റ് ഡ്രഗ് ലൈസൻസിങ് അതോറിറ്റിയോട് നടപടിക്ക് നിർദേശിച്ചു. തുടർന്ന് പരസ്യം പിൻവലിച്ചതായി ഔദ്യോഗികമായി അറിയിപ്പ് അധികൃതരിൽനിന്ന് ലഭിച്ചിരുന്നതായി ഡോ. ബാബു 'മാധ്യമ'ത്തോട് പറഞ്ഞു.
പതഞ്ജലി ജൂലൈ 10ന് വീണ്ടും ലൈപിഡോം ഉൾപ്പെടെ അഞ്ച് ഔഷധങ്ങളുടെ പരസ്യം പ്രസിദ്ധീകരിച്ചു. ഇതിനെതിരെ വീണ്ടും ഡോ. ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിങ് അതോറിറ്റി മാധ്യമങ്ങളിൽ വന്ന പരസ്യം നൽകുന്നത് പിൻവലിച്ച് ഏഴു ദിവസത്തിനകം വിശദീകരണം നൽകാൻ ഉത്തരവിട്ടു.
ചട്ടലംഘനം നടന്നിട്ടുണ്ടെന്നും നിർമാതാക്കൾക്കെതിരെ നടപടി എടുക്കാനും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതി ആയുഷ് മന്ത്രാലയത്തോട് നിർദേശിച്ചു. ഈ രണ്ട് നിർദേശങ്ങളുടെ രേഖകൾ കൈപ്പറ്റിയതായി ഡോ. കെ.വി. ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.