അനധികൃത നിയമനം: എയ്ഡഡ് സ്കൂൾ മുൻ പ്രിൻസിപ്പലിന് ഏഴര വർഷം കഠിന തടവും 1.70 ലക്ഷം പിഴയും
text_fieldsതിരുവനന്തപുരം: അനധികൃത നിയമനം നടത്തിയ എയ്ഡഡ് സ്കൂൾ മുൻ പ്രിൻസിപ്പലിന് ഏഴര വർഷം കഠിന തടവും 1,70,000 രൂപ പിഴയും. കൊല്ലം, കരുനാഗപ്പള്ളി, അയണിവെളികുളങ്ങരയിലെ എയ്ഡഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രിൻസിപ്പൽ രമാകുമാരിയെയാണ് വിജിലൻസ് കോടതി ശിക്ഷിച്ചത്. കേസിൽ ഒന്നാം പ്രതിയാണ് രമാകുമാരി. രണ്ടാം പ്രതിയായ മാനേജർ കെ.ആർ ശ്രീകുമാർ വിചാരണക്കിടെ മരണപ്പെട്ടതിനാൽ ഒഴിവാക്കി.
അയണിവെളികുളങ്ങരയിലെ എയ്ഡഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 2004 ൽ അനധികൃതമായി നിയമനം നടത്തിയ കേസിൽ മുൻ പ്രിൻസിപ്പൽ രമാ കുമാരിയെ തിരുവനന്തപുരം വിജിലൻസ് കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. 2004-2009 കാലഘട്ടത്തിൽ ഈ എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളിലെ പ്രിൻസിപ്പൽ ആയിരുന്ന രമാകുമാരി, മാനേജർ കെ.ആർ ശ്രീകുമാർ എന്നിവരാണ് വ്യാജ രേഖയുണ്ടാക്കി കുട്ടികളുടെ എണ്ണം കൂടുതലായി കാണിച്ചത്.
അതിലൂടെ അധിക തസ്തിക ഉണ്ടാക്കി അധ്യാപകരെ നിയമിച്ച് അവർക്കു ശമ്പളം നൽകിയത് വഴി സർക്കാരിന് 8,94,647 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നായിരുന്നു കേസ്. കൊല്ലം വിജിലൻസ് യൂനിറ്റ് മുൻ ഡി.വൈ.എസ്.പി എസ്.അനിൽ കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഈ കേസിൽ കൊല്ലം വിജിലൻസ് മുൻ ഡി.വൈ.എസ്.പി മാരായ റെക്സ് ബോബി അർവിൻ, ആർ. ജയശങ്കർ, എൻ. ജീജി എന്നിവർ അന്വേഷണം നടത്തി. വിജിലൻസ് മുൻ ഡി.വൈ.എസ്.പി മാരായ പി.ഡി. രാധാകൃഷ്ണപിള്ള, കെ. അശോക് കുമാർ എന്നിവർ കുറ്റപത്രം നൽകിയ കേസുകളിലാണ്, തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. ഉണ്ണികൃഷ്ണൻ എസ്. ചെറുന്നിയൂർ ആണ് ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.