കാലിക്കറ്റിൽ അനധികൃത സ്ഥാനക്കയറ്റങ്ങൾക്കും നീക്കം; രാഷ്ട്രീയ ഒത്തുകളിയും അഴിമതിയുമെന്ന് ആക്ഷേപം
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനൊപ്പം അനധികൃത സ്ഥാനക്കയറ്റങ്ങൾക്കും നീക്കം. ഭരണ, പ്രതിപക്ഷ പാർട്ടികൾ ഒത്തുകളിച്ചാണ് അസിസ്റ്റൻറ് തസ്തികയിലേക്കടക്കം ഉദ്യോഗക്കയറ്റം നൽകി ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നത്. അസിസ്റ്റൻറ് തസ്തികയിലേക്കുള്ള റാങ്ക്പട്ടിക നിലനിൽേക്കയാണ് ഉദ്യോഗാർഥികളുടെ വയറ്റത്തടിച്ച് കാലിക്കറ്റ് സർവകലാശാലയുടെ നീക്കം.
പ്യൂൺ തസ്തികയിലുള്ളവരെ വർഷങ്ങൾക്കുമുമ്പ് ഡബ്ൾ പ്രമോഷൻ നൽകി ക്ലറിക്കൽ അസിസ്റ്റൻറുമാരാക്കിയിരുന്നു. ഇവരെ അസിസ്റ്റൻറായി സ്ഥാനക്കയറ്റം നൽകാനാണ് ഒരുങ്ങുന്നത്. കോടതിവിധിയുണ്ടെന്ന പേരിലാണ് സ്ഥാനക്കയറ്റത്തിന് അരങ്ങൊരുക്കുന്നത്. സംവരണ മാനദണ്ഡങ്ങളടക്കം പാലിക്കാതെയാണ് സ്ഥിരപ്പെടുത്തലും അനധികൃത സ്ഥാനക്കയറ്റവും നടത്തുന്നത്.
ഒഴിവുകൾ പി.എസ്.സിയെ അറിയിക്കാതെ ഉദ്യോഗക്കയറ്റത്തിലൂടെ നികത്തുകയാണ്. സിൻഡിക്കേറ്റിലെ രാഷ്ട്രീയ നേതാവാണ് ഇത്തരം ചരടുവലികൾക്ക് ചുക്കാൻപിടിക്കുന്നത്. പലതലത്തിലുള്ള ഒത്തുകളികളും ഇതിനായി നടന്നിട്ടുണ്ടെന്ന ആക്ഷേപം ശക്തമാണ്.
45 ഫുൾടൈം സ്വീപ്പർമാരാണ് സർവകലാശാലയിൽ ആവശ്യമുണ്ടായിരുന്നത്. എന്നാൽ, യു.ഡി.എഫിന് സ്വാധീനമുള്ള സിൻഡിക്കേറ്റ് വർഷങ്ങൾക്കുമുമ്പ് 90 പാർട്ട്ടൈം സ്വീപ്പർമാരെ നിയമിച്ചു. ഇവരിൽ പലരും പിന്നീട് ജോലിക്ക് ഹാജരായില്ല. 45 പേരെ വീണ്ടും ഫുൾടൈം സ്വീപ്പർമാരാക്കി. ബാക്കിയുള്ളവരിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ പ്യൂണാക്കി മാറ്റി.
കുറച്ച് ദിവസങ്ങൾക്കകം ഇവർ ക്ലറിക്കൽ അസിസ്റ്റൻറുമായി. ഇങ്ങനെയുള്ളവരെയാണ് അനധികൃതമായി അസിസ്റ്റൻറുമാരാക്കുന്നത്. എസ്.എസ്.എൽ.സി യോഗ്യത മാത്രമുണ്ടായിരുന്ന പലരും ഉദ്യോഗക്കയറ്റം ലക്ഷ്യമിട്ട് കാലിക്കറ്റിെൻറ തന്നെ വിദൂര വിദ്യാഭ്യാസം വഴി ബിരുദധാരികളായിട്ടുണ്ട്.
പത്ത് വർഷമോ അതിലധികമോ ദിവസക്കൂലി, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്ത ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സിൻഡിക്കേറ്റ് യോഗ തീരുമാനവും കാലിക്കറ്റിൽ നടപ്പാക്കിത്തുടങ്ങി. ഗാർഡനർ, റൂംബോയ്, സെക്യൂരിറ്റി ഗാർഡ്, ഇലക്ട്രിസിറ്റി വർക്കർ, ഡ്രൈവർ, പ്രോഗ്രാമർ, പമ്പ് ഓപറേറ്റർ, പ്ലംബർ എന്നീ തസ്തികളിലുള്ള 35ലേറെ പേരെയാണ് സ്ഥിരപ്പെടുത്തുന്നത്.
തീരുമാനത്തിനെതിരെ ചാൻസലർ കൂടിയായ ഗവർണർക്ക് സിൻഡിക്കേറ്റ് അംഗമായ ഡോ. പി. റഷീദ് അഹമ്മദ് പരാതി നൽകി. അധിക സാമ്പത്തിക ബാധ്യത വരുന്ന കാര്യങ്ങളിൽ കേരള പി.എസ്.സിയുടെ അനുവാദമില്ലാതെ നിയമിക്കാൻ സിൻഡിക്കേറ്റിന് അധികാരമില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.