പൊള്ളച്ചിട്ടി: അഴിമതി മൂടിവെക്കാൻ കെ.എസ്.എഫ്.ഇയുടെ നിയമവിരുദ്ധ സർക്കുലർ
text_fieldsതിരുവനന്തപുരം: കോടികളുടെ അഴിമതി മൂടിവെക്കാൻ കെ.എസ്.എഫ്.ഇയിൽ ശ്രമം. ഇതിനായി, വിവരാവകാശ നിയമം അട്ടിമറിക്കാൻ കെ.എസ്.എഫ്.ഇ ബ്രാഞ്ചുകൾക്ക് നൽകിയ രേഖ പുറത്തായി. ജൂലൈ ആറിന് എല്ലാ മേഖലാ, ശാഖാ മാനേജർമാർക്കും കെ.എസ്.എഫ്.ഇ തൃശൂരിലെ ആസ്ഥാനത്തുനിന്ന് എ.ജി.എം (ലീഗൽ) നൽകിയ 32980 (999)കത്തിലാണ് വിവാദ നിർദേശം. വിവരാവകാശ അപേക്ഷകളിൽ ‘ഒന്നാം തവണ മുതൽ മുടങ്ങിയ ചിട്ടികൾ ഈ ബ്രാഞ്ചിൽ ലഭ്യമല്ല എന്നും തുടർന്നുള്ള തവണകളിൽ മുടക്കം വന്ന ചിട്ടികളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു’ എന്നും മറുപടി നൽകണമെന്ന് അറിയിക്കുന്ന കത്താണ് ‘മാധ്യമ’ത്തിന് ലഭിച്ചത്.
വലിയ തുക കമീഷൻ ലഭിക്കാനായി ശാഖാ മാനേജർമാർ നടത്തുന്ന ‘പൊള്ളച്ചിട്ടി’ സംബന്ധിച്ച വിവരം പുറത്തുവരാതിരിക്കാനാണ് കെ.എസ്.എഫ്.ഇ ആസ്ഥാനത്തുനിന്നുള്ള ഈ ഇടപെടൽ. ജൂലൈ 31ന് സംസ്ഥാന വിവരാവകാശ കമീഷണർ തിരൂർ താലൂക്ക് ഓഫിസിൽ നടത്തിയ ഹിയറിങ്ങിൽ മലപ്പുറം കോട്ടപ്പടി കെ.എസ്.എഫ്.ഇ റീജനൽ ഓഫിസിലെ പൊതുഅധികാരിക്ക് (എസ്.പി.ഐ.ഒ) രൂക്ഷമായ വിമർശനം നേരിട്ടത് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. വിചാരണക്കിടെ വിവരാവകാശ കമീഷണർ എ. അബ്ദുൽ ഹക്കീം കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥന്റെ അജ്ഞതയെയും സ്ഥാപനത്തെയും ഉൾപ്പെടെ വിമർശിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചു.
മലപ്പുറം ജില്ലയിലെ 37 ശാഖകളിൽ ആദ്യതവണ അടക്കാത്ത ചിട്ടികളെ സംബന്ധിച്ചായിരുന്നു വിവരാവകാശ പ്രവർത്തകൻ തിരൂർക്കാട് അനിൽ ചെന്ത്രത്തിൽ വിവരം ആരാഞ്ഞത്. ഇതിനു മറുപടി നൽകാത്തതിലുള്ള രണ്ടാം അപ്പീൽ തീർപ്പാക്കുമ്പോഴായിരുന്നു വിമർശനം. ഏജന്റുമാർ മുഖേനയല്ലാതെ ഓഫിസിലെത്തി നേരിട്ട് ചിട്ടി ചേർന്നാൽ ലഭിക്കുന്ന മൂന്നു ശതമാനം കാൻവാസിങ് കമീഷന് വേണ്ടി മാനേജർമാർ നടത്തുന്ന തട്ടിപ്പാണ് പൊള്ളച്ചിട്ടി. ആദ്യ ഗഡു വസൂലാക്കാതെ കെ.എസ്.എഫ്.ഇയുടെ തനത് ഫണ്ട് ഉപയോഗിച്ച് വ്യാജരേഖയുണ്ടാക്കി ഫോറം അഞ്ച് പ്രകാരം രജിസ്റ്റർ ചെയ്യും. ഇങ്ങനെ പൂർണമായും അടക്കാത്ത 15,000 കോടി രൂപയുടെ പൊള്ളച്ചിട്ടിയുണ്ടെന്നാണ് വിവരം. 2020 നവംബറിൽ വിജിലൻസിന്റെ ഓപറേഷൻ ബചത് പരിശോധനയിൽ ഇത്തരം നിരവധി തട്ടിപ്പ് കണ്ടെത്തിയിരുന്നു. ഉന്നത ഇടപെടലോടെ പരിശോധന പാതിവഴിയിൽ മുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.