നിയമവിരുദ്ധ നിർമാണം: അങ്ങാടിപ്പുറത്ത് നഷ്ടം തിരിച്ചു പിടിക്കാൻ നടപടി തുടങ്ങി
text_fieldsഅങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തിൽ കെട്ടിട നിർമാണ നിയമലംഘനങ്ങൾ അംഗീകരിച്ചു കൊടുത്ത വകയിൽ ലക്ഷങ്ങളുടെ നഷ്ടം വന്നതുമായി ബന്ധപ്പെട്ട ഒാഡിറ്റ് പരാമർശത്തിെൻറ അടിസ്ഥാനത്തിൽ തുക തിരിച്ചു പിടിക്കാൻ നടപടികൾ ആരംഭിച്ചു.
സംസ്ഥാന ഓഡിറ്റ് വിഭാഗമാണ് ക്രമക്കേടുകളും അതുവഴി പഞ്ചായത്തിനുണ്ടായ നഷ്ടവും കണ്ടെത്തിയത്. നിയമ ലംഘനം നടത്തി നിർമിച്ച കെട്ടിടം നിയമാനുസൃതം ആക്കി നൽകുമ്പോൾ പഞ്ചായത്തിൽ അടക്കേണ്ട പെനാൽറ്റി തുകയിൽ വലിയ കുറവ് അനുവദിച്ചു കൊടുത്തു കൊണ്ടാണ് ഈ ക്രമക്കേടുകൾ നടത്തിയിട്ടുള്ളതെന്നാണ് മുഖ്യ ക്രമക്കേട്. ഇങ്ങനെ ചെയ്യുമ്പോൾ പാലിക്കേണ്ട കീഴ്വഴക്കങ്ങൾ പാലിക്കാതെ പഞ്ചായത്തിൽ 1.26 കോടി രൂപ നഷ്ടം വരുത്തിയെന്നാണ് 2018-19 സാമ്പത്തികവർഷത്തെ രേഖകൾ പരിശോധിച്ച് സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്.
യഥാർഥ വിസ്തൃതി കുറച്ചു കാണിച്ചും ഭൂമി തരം മാറ്റിക്കൊണ്ടുള്ള അനുമതി ഇല്ലാതെയും ജില്ല ടൗൺപ്ലാനിങ് ഓഫിസിൽ നിന്ന് അനുമതി വാങ്ങിക്കാതെയും നിയമാനുസൃതമായ പ്ലാൻ, സ്കെച്ച് തുടങ്ങിയവ ഇല്ലാതെയും മലിനീകരണ നിയന്ത്രണ ബോർഡിെൻറ അനുമതി പത്രങ്ങൾ ഇല്ലാതെയും ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിെൻറ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കാതെയുമാണ് കെട്ടിട നിർമാണ പ്രവൃത്തികൾക്ക് അനുമതി നൽകിയിട്ടുള്ളത്. ഓരോ വാർഡുകളിലും ഈ കാര്യങ്ങളിൽ അന്വേഷണം നടത്തുവാൻ ഓരോ ക്ലർക്കുമാർക്ക് പ്രത്യേകം ചുമതലയുണ്ട്.
സ്ഥാപനങ്ങളുടെയും ഉടമകളുടെയും പേരുവിവരങ്ങളും ഒാഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അതേസമയം ഒാഡിറ്റ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകി പഞ്ചായത്തിന് അർഹമായ വിഹിതം തിരിച്ചുപിടിക്കാൻ ഊർജിത ശ്രമങ്ങൾ തുടങ്ങിയതായി പഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്ത് ഭരണസമിതിയും അറിയിച്ചു.
ഒാഡിറ്റ് റിപ്പോർട്ട് വന്ന ഘട്ടത്തിൽ മുൻ ഇടത് ഭരണസമിതിയുടെ കെടുകാര്യസ്ഥതകളും ഇക്കാര്യത്തിൽ നടന്ന അഴിമതികളും പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പിൽ വൻതോതിൽ ചർച്ചയാക്കിയാണ് യു.ഡി.എഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ഇടതുപക്ഷത്തെ പരാജയപ്പെടുത്തി അങ്ങാടിപ്പുറത്ത് അധികാരം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.