വഖഫ് ഭൂമിയിലെ അനധികൃത നിര്‍മാണം പൊളിച്ചുനീക്കി
text_fieldsചാവക്കാട്: ചാവക്കാട് മഹല്ല് ജമാഅത്ത് വക വഖഫ് ഭൂമിയിലെ അനധികൃത നിര്‍മാണം പൊലീസിന്റെ സാന്നിധ്യത്തിൽ നഗരസഭ പൊളിച്ചുനീക്കി. നഗരത്തില്‍ ബസ് സ്റ്റാന്‍ഡിന് സമീപം ഏനാമാവ് റോഡിലെ 97 സെന്‍റ് വഖഫ് ഭൂമിയിലാണ് അനധികൃത നിര്‍മാണവും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമുള്ളത്.
കഴിഞ്ഞ 17ന് ഇതിന്‍റെ കേസ് ഹൈകോടതിയില്‍ വിചാരണക്ക് എത്തിയപ്പോൾ 10 ദിവസത്തിനകം പൊളിച്ചു നീക്കാമെന്ന് നഗരസഭയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചിരുന്നു. എന്നാൽ 10 ദിവസം കഴിഞ്ഞിട്ടും പൊളിച്ചില്ലെന്ന് ആരോപിച്ച് പരാതിക്കാർ രംഗത്ത് വന്നു. നഗരസഭ സെക്രട്ടറിക്കെതിരേ കോടലിയലക്ഷ്യത്തിന് പരാതി നല്‍കാനുള്ള തയാറെടുപ്പിലായിരുന്നു അവർ. നേരത്തെ, വഖ്ഫ് ഭൂമിയിലെ അനധികൃത നിര്‍മാണത്തിനും സ്ഥാപനങ്ങള്‍ക്കും എതിരെ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ചാവക്കാട് മഹല്ല് കമ്മിറ്റിക്കുവേണ്ടി പരാതിക്കാര്‍ ഹൈകോടതിയില്‍ പോയത്. എന്നാൽ ഹൈകോടതി ഉത്തരവ് കിട്ടാൻ വൈകിയെന്നാണ് നഗരസഭ അധികൃതർ പറഞ്ഞത്. ഓണാവധിക്ക് ശേഷം കേൾക്കാൻ കേസ് മാറ്റിവെച്ചിട്ടുണ്ട്. അതിനിടയിലാണ് നഗരസഭ നടപടി ആരംഭിച്ചത്. സ്ഥാപന നടത്തിപ്പുകാര്‍തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ കുറേ ഭാഗങ്ങള്‍ പൊളിച്ചുനീക്കിയിരുന്നു. ഇതില്‍ ഒരു സ്ഥാപനം ഹൈകോടതിയില്‍നിന്ന് താൽക്കാലിക സ്റ്റേ വാങ്ങിയതിനാല്‍ പൊളിച്ചുനീക്കാനായില്ല.
ഭൂമിയുടെ ഉടമാവകാശത്തെക്കുറിച്ചും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. വഖ്ഫ് സ്വത്താണെന്ന വഖ്ഫ് ട്രൈബ്യൂണലിന്‍റെ വിധിക്കെതിരെയും ഭൂമി കൈവശം വെച്ചയാൾ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസിന്‍റെ വിധി വന്നിട്ടില്ല. ചാവക്കാട് മഹല്ല് കമ്മിറ്റിയിലെ എട്ട് ഭൂസ്വത്തുക്കൾ വഖഫ് ഭൂമിയായി 1885ലാണ് ചാവക്കാട് സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്ത് വിട്ടു നൽകിയത്. പള്ളി കേന്ദ്രീകരിച്ച് റമദാൻ മാസം മുഴുവൻ 27ാം രാവിൽ പ്രത്യേകിച്ചും ഭക്ഷണ ചെലവുകൾക്കും പള്ളിയിലെത്തുന്ന വഴിപോക്കർ, മിസ്കീൻ, ഫഖീർ, ദരിദ്രർ എന്നിവർക്ക് ഭക്ഷണ ചെലവുകൾക്കും മറ്റു ദാനധർമങ്ങൾക്കും വേണ്ടിയാണ് ഈ ഭൂസ്വത്തുക്കൾ രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.