ഭൂമാഫിയ സജീവം; മൂന്നാർ മേഖലയിൽ അനധികൃത നിർമാണങ്ങൾ തകൃതി
text_fieldsമൂന്നാർ: അവധി ദിനങ്ങളിൽ ഉദ്യോഗസ്ഥരുടെ അസാന്നിധ്യം മുതലെടുത്ത് മൂന്നാറിൽ ഭൂമാഫിയ സജീവം. ഓണത്തോടനുബന്ധിച്ച് തുടർച്ചയായി അവധിദിനങ്ങൾ വന്നതാണ് ഭൂമാഫിയക്ക് തുണയായത്. ദേവികുളത്തെ റവന്യൂ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ഇതര ജില്ലകളിൽനിന്നുള്ളവരാണ്.
അതിനാൽ അവധി ദിനങ്ങളിൽ ഇവരുടെ സേവനം ലഭ്യമല്ല. നീണ്ട അവധി മുതലെടുത്ത് കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും മുന്നിൽക്കണ്ട് താലൂക്കിൽ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും അതും ഫലവത്തല്ല. ടൗണിന് സമീപം ഇക്കാനാഗർ, എം.ജി കോളനി, രാജീവ്ഗാന്ധി കോളനി തുടങ്ങിയ പ്രദേശങ്ങളിലാണ് അനധികൃത നിർമാണങ്ങൾ വ്യാപകം.
അനധികൃതമെന്ന് കണ്ടെത്തി റവന്യൂ അധികൃതർ സ്റ്റോപ് മെമ്മോ നൽകി പണിനിർത്തിവെപ്പിച്ചിരുന്ന പല കെട്ടിടങ്ങളും അവധി ദിവസങ്ങളിൽ നിർമാണം പൂർത്തിയാക്കി കഴിഞ്ഞു. ഇതിന് ഉദ്യോഗസ്ഥ-രാഷ്ട്രീയ ഒത്താശയുള്ളതായും ആക്ഷേപമുണ്ട്.
ദേവികുളം താലൂക്കിൽ ഭൂസംരക്ഷണ സേനയുടെ പ്രവർത്തനം നിലച്ചതും അനധികൃത നിർമാണങ്ങളും ഭൂമി കൈയേറ്റങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനും തടസ്സമായിട്ടുണ്ട്. നിലവിൽ ഭൂമി കൈയേറ്റങ്ങൾ ഒഴിപ്പിക്കലോ ചട്ടം ലംഘിച്ചുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കലോ നടക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.