അനധികൃത നിർമാണം: മുൻ എസ്.പിയുടെ റിപ്പോർട്ട് റവന്യൂ വകുപ്പ് പരിഗണനയിൽ
text_fieldsകോട്ടയം: മൂന്നാറിലടക്കം ഇടുക്കി ജില്ലയിലെ ജൈവവൈവിധ്യ മേഖലകളിൽ വിനോദസഞ്ചാര വികസനത്തിെൻറ മറവിൽ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ച് അനധികൃതമായി നിർമിച്ച 80ലധികം ബഹുനില റിസോർട്ടുകളും കെട്ടിടങ്ങളും വൻ അപകടഭീഷണിയിലാണെന്ന ഇടുക്കി മുൻ ജില്ല പൊലീസ് മേധാവി എ.വി. ജോർജിെൻറ റിപ്പോർട്ട് റവന്യൂ വകുപ്പ് ഗൗരവമായി പരിശോധിക്കുന്നു. കൊച്ചി റേഞ്ച് െഎ.ജി, ദക്ഷിണ മേഖല എ.ഡി.ജി.പി, ഡി.ജി.പി എന്നിവർക്ക് സമർപ്പിച്ച റിപ്പോർട്ട് വിശദ പരിശോധനകൾക്ക് ശേഷം സർക്കാറിനു കൈമാറിയിരുന്നു. ഇതും ദേവികുളം സബ്കലക്ടറുടെ പ്രത്യേക റിപ്പോർട്ടുമാണ് റവന്യൂവകുപ്പ് പരിശോധിക്കുന്നത്.
ഇടുക്കിയിലെ ജനപ്രതിനിധികൾക്ക് അനഭിമതനാണെങ്കിലും സബ്കലക്ടറുടെ റിപ്പോർട്ട് റവന്യൂ വകുപ്പ് തള്ളുന്നില്ല. മൂന്നാറിെൻറ പരിസ്ഥിതി സവിശേഷത കണക്കിലെടുത്ത് അപകടകരമായി നിൽക്കുന്ന കെട്ടിടങ്ങളെല്ലാം നീക്കം െചയ്യണമെന്ന നിയമസഭ സമിതി ശിപാർശയും റവന്യൂവകുപ്പ് പരിഗണനയിലാണ്.
മൂന്നാറിലും സമീപത്തും നടക്കുന്ന അനധികൃത നിർമാണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും പരിഗണനയിലാണെന്നു റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ ‘മാധ്യമ’ ത്തോട് പറഞ്ഞു. റിസോർട്ടുകളുടെയും ടൂറിസം പദ്ധതികളുടെയും നിർമാണം ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടെയാണോയെന്ന് പരിശോധിക്കാൻ സബ് കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഴുവൻ അനധികൃത നിർമാണവും നിർത്തിവെപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
മൂന്നാറിലും ദേവികുളത്തും ചിന്നക്കനാലിലും പൂപ്പാറ മേഖലകളിലും മലയിടിച്ച് നിർമിച്ച എട്ടും പത്തും നിലയുള്ള കെട്ടിടങ്ങൾ വൻദുരന്തം ക്ഷണിച്ചുവരുത്തുമെന്നാണ് എസ്.പിയുടെ മുന്നറിയിപ്പ്. ഇടുക്കിയിലെ വിവിധ മേഖലകളിൽ പഠനം നടത്തി കൂടുതൽ റിപ്പോർട്ടുകൾ തയാറാക്കും മുമ്പ് എസ്.പിയെ ആലുവ റൂറലിലേക്ക് മാറ്റിയിരുന്നു. ഭൂമാഫിയക്കെതിരെ ശക്തമായ നിലപാടെടുത്ത മുൻ ദേവികുളം ആർ.ഡി.ഒയും ജില്ല വിടേണ്ടിവന്നു. ഇത്തരക്കാർക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്ന സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമനും സർക്കാറിെൻറ ഹിറ്റ്ലിസ്റ്റിലാണ്. എന്നാൽ, തിരക്കിട്ട് സബ്കലക്ടറെ മാറ്റുന്നതിനോട് റവന്യൂ വകുപ്പിലെ ഉന്നതർക്കു യോജിപ്പില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.