ശ്രീവത്സം ഗ്രൂപ് ഉടമയുടെ സ്വത്ത് സമ്പാദനം കേന്ദ്ര ഫണ്ട് വഴിമാറ്റിയെന്നതിന് തെളിവ്
text_fieldsകൊച്ചി: ശ്രീവത്സം ഗ്രൂപ് ഉടമയും പന്തളം സ്വദേശിയുമായ എം.കെ. രാജേന്ദ്രൻപിള്ള അനധികൃത സ്വത്ത് സമ്പാദിച്ചത് നാഗാലാൻഡിനുള്ള കേന്ദ്ര ഫണ്ട് വഴിമാറ്റിയതിലൂടെയെന്ന് ആദായനികുതി വകുപ്പിന് തെളിവ് ലഭിച്ചു. അതിർത്തി സംസ്ഥാനമായ നാഗാലാൻഡിെൻറ സുരക്ഷക്കും ആദിവാസി ക്ഷേമത്തിനും മറ്റുമുള്ള കേന്ദ്രഫണ്ടുകളിലാണ് തട്ടിപ്പു നടന്നതെന്നാണ് വിവരം.
പദ്ധതികൾ നടപ്പാക്കാതെ വ്യാജ റിപ്പോർട്ടുകളുണ്ടാക്കി ശ്രീവൽസത്തിെൻറ അക്കൗണ്ടുകളിലേക്ക് പണമെത്തിക്കുകയായിരുന്നു. ആയിരം കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് വിവരം. ബി.ജെ.പി പിന്തുണയുള്ള നാഗാ പീപ്പിൾസ് ഫ്രണ്ട് മന്ത്രിസഭയിലെ ഉന്നതർക്കും ഉദ്യോഗസ്ഥർക്കുമടക്കം ഇതിൽ പങ്കുണ്ടെന്നാണ് സൂചന.
കൊച്ചിയിൽനിന്നും കൊല്ലത്തു നിന്നുമുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസങ്ങളിൽ നാഗാലാൻഡിലെത്തി അന്വേഷണം നടത്തിയത്. നാഗാലാൻഡിലുള്ള 150ൽ അധികം ബാങ്ക് അക്കൗണ്ടുകളിൽനിന്ന് ശ്രീവത്സം ഗ്രൂപ്പിലേക്ക് കോടികൾ ഒഴുകിയതായും അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, ഉന്നതർക്കടക്കം ബന്ധമുള്ള അഴിമതിയായതിനാൽ സർക്കാറിൽനിന്ന് ആദായനികുതി വകുപ്പിനുവേണ്ട സഹായം ഉണ്ടായില്ല. പല രേഖകളും ഉദ്യോഗസ്ഥർക്ക് നൽകാൻ വിസമ്മതിച്ചു.
ഈ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണത്തിന് ആദായ നികുതി വകുപ്പ് ശിപാർശ ചെയ്തേക്കും. നാഗാലാൻഡിൽനിന്നുള്ളവരെ ബിനാമികളാക്കിയായിരുന്നു പല ഇടപാടുകളും. കരാറുകളുടെ ഭാഗമായി നാഗാലാൻഡിലെ ട്രഷറിയിൽനിന്ന് കോടികൾ ബിനാമികൾ മാറിയെടുത്തതും കണ്ടെത്തി.
നാഗാലാൻഡിലെ വിവിധ ബാങ്കുകളിൽ നടത്തിയ പരിശോധനയിൽ അഞ്ചുവർഷത്തിനിടയിൽ പിള്ളയുടെ അക്കൗണ്ടുകളിൽ നടന്ന പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ സംഘം ശേഖരിച്ചു.
കൊഹിമയിലും ദിമാപൂരിലുമുള്ള മൂന്ന് ബാങ്കുകളിലും പിള്ളയുടെയും അദ്ദേഹത്തിെൻറ സഹായികളുടെയും വസതികളിലും പിള്ളയുടെ ഓഫിസിലും ബിസിനസ് കേന്ദ്രങ്ങളിലും പരിശോധന നടന്നു. കേസിൽ നാഗാലാൻഡിലെ മന്ത്രിമാരടക്കം പ്രതിയായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.