സംസ്കൃത വാഴ്സിറ്റിയിലെ ശീർഷാസനം
text_fields
യുവാക്കളുടെ വലിയ സ്വപ്നങ്ങളിലൊന്നാണ് സർക്കാർ ജോലി. അതിനുവേണ്ടി 'തലകുത്തി' നിന്ന് പഠിച്ച് കഷ്ടപ്പെടുന്നവരും ഏറെ. ഒടുവിൽ പരീക്ഷയെഴുതി പാസായി യോഗ്യത നേടിക്കഴിഞ്ഞിട്ടും ജോലി കിട്ടാക്കനി. ഈ സമയം കൊണ്ട് 'പാർട്ടിക്ക് പഠിച്ചവർ' സ്വപ്നക്കസേരകളിൽ കയറി അനായാസം ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും. പി.എസ്.സി റാങ്ക് പട്ടികയെ നോക്കുകുത്തിയാക്കിയാണ് 'പാർട്ടി റിക്രൂട്ട്മെൻറ് മേള'. ഉദ്യോഗത്തിനുള്ള യോഗ്യത പാർട്ടി ബന്ധം മാത്രമാകുന്ന 'എല്ലാം ശരിയാകുന്ന മനോഹര' കാലഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. അതിന്റെ പിന്നാമ്പുറ കഥകൾ 'മാധ്യമം' ലേഖകർ അന്വേഷിക്കുന്നു.
പിറവിയെടുത്തതുമുതൽ വിവാദങ്ങൾ വിടാതെ പിന്തുടരുന്ന സർവകലാശാലയാണ് കാലടി ശ്രീശങ്കരാചാര്യ. അതിൽ ഏറ്റവും ഒടുവിലത്തേതാണ് മുൻ എം.പിയും സി.പി.എം നേതാവുമായ എം.ബി. രാജേഷിെൻറ ഭാര്യ നിനിത കണിച്ചേരിയെ മലയാളം വിഭാഗത്തിൽ മുസ്ലിം സംവരണ േക്വാട്ടയിൽ അസി. പ്രഫസറായി നിയമിച്ചത്. യോഗ്യതയും അർഹതയും കൂടുതലുള്ളവരെ തഴഞ്ഞ് റാങ്ക് പട്ടിക കീഴ്മേൽ മറിച്ചാണ് നിനിതയുടെ നിയമനമെന്ന് ആരോപിച്ച് രംഗത്തുവന്നത് കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരും ഉദ്യോഗാർഥികളെ അഭിമുഖം നടത്തിയ പ്രഗത്ഭ അധ്യാപകരും തന്നെയാണ്. അതോടെ പുതിയ നിയമനത്തിലെ സ്വജനപക്ഷപാതവും രാഷ്ട്രീയവും പുറത്താവുകയായിരുന്നു.
പിഎച്ച്.ഡി, ആറു വർഷം കോളജ്/സർവകലാശാലയിലുൾപ്പടെ 15 വർഷത്തിലേറെ അധ്യാപന പരിചയം, ദേശീയ-അന്തർേദശീയ പ്രബന്ധങ്ങൾ, ആനുകാലികങ്ങളിലും ജേണലുകളിലും നിരവധി ലേഖനങ്ങൾ, അഞ്ചു പുസ്തകങ്ങൾ, കവിതക്കുൾെപ്പടെ നാല് പുരസ്കാരങ്ങൾ എന്നിവ നേടിയ ഉദ്യോഗാർഥിയെവരെ പിഎച്ച്.ഡിയും നെറ്റും യോഗ്യതയുള്ള ഗവ. സ്കൂൾ അധ്യാപികയായ നിനിതയുടെ നിയമനത്തിനുവേണ്ടി ഒഴിവാക്കി എന്നതാണ് വിവാദം ആളിക്കത്തിച്ചത്. ഇൻറർവ്യൂ നടത്തിയ മൂന്നു പേർ നൽകിയ പട്ടികയിൽ 'ശീർഷാസനം' നടന്നുവെന്നായിരുന്നു അഭിമുഖം നടത്തിയവരിൽ ഒരാളായ ഡോ. ഉമർ തറമേലിെൻറ വെളിപ്പെടുത്തൽ.
സർവകലാശാല പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ ഡോ. നിനിത, കെ.പി.എ ഹസീന, വി. ഹിക്മത്തുല്ല എന്നിവരാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകാർ. ഉമർ തറമേലിെൻറ വെളിപ്പെടുത്തലിനെ തുടർന്ന് ഉദ്യോഗാർഥികളും സർവകലാശാല സംരക്ഷണ സമിതിയും സ്റ്റാഫ് അസോസിയേഷനും അക്കാദമിക് സമൂഹവും സമൂഹ മാധ്യമങ്ങളുമെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും ആരോപണം നിഷേധിക്കുകയാണ് സർവകലാശാല ചെയ്തത്. നിയമനം ചട്ടങ്ങൾ പാലിച്ചാണെന്ന് വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ഉറപ്പിച്ചു പറയുന്നു.
എന്നാൽ, ക്രമക്കേടെന്ന ആരോപണത്തിെൻറ കറ മായ്ച്ചു കളയാൻ കഴിയുന്ന ഒരു തെളിവും പൊതുജനത്തിനു മുന്നിൽവെക്കാൻ വി.സിക്കും സംഘത്തിനും കഴിഞ്ഞിട്ടില്ല. ഇത്ര വിവാദമായ സ്ഥിതിക്ക് റാങ്ക് പട്ടികയിലുള്ളവരുടെ യോഗ്യതയും പ്രവൃത്തി പരിചയവും സംബന്ധിച്ച രേഖകൾ പുറത്തുവിടണമെന്ന ആവശ്യം പല കോണുകളിൽനിന്ന് ഉയർന്നിട്ടും സർവകലാശാല കേട്ട മട്ട് നടിച്ചിട്ടില്ല. ഇൻറർവ്യൂ ബോർഡ് ചെയർമാനായ താൻ ഒഴികെയുള്ള ആറു പേർ(മൂന്ന് വിഷയ വിദഗ്ധർ, ചാൻസലറായ ഗവർണറുടെ നോമിനിയായ വിദ്യാഭ്യാസ വിദഗ്ധൻ, ഫാക്കൽറ്റി ഡീൻ, വകുപ്പധ്യക്ഷൻ ) വെവ്വേറെ നൽകിയ മാർക്കുകളെല്ലാം കൂട്ടി ശരാശരി കണക്കാക്കി, ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ഉദ്യോഗാർഥികളെയാണ് റാങ്ക് ലിസ്റ്റിൽ പെടുത്തിയതെന്ന് വി.സി വ്യക്തമാക്കുന്നു. എന്നാൽ, ഇൗ ആറുപേരും നൽകിയ മാർക്കിെൻറ രേഖകൾ പുറത്തുവിടാൻ തയാറാകുന്നുമില്ല. ഒടുവിൽ സർവകലാശാല സംരക്ഷണ സമിതി ഗവർണർക്കയച്ച പരാതിയിൽ, ഗവർണർ വി.സിയിൽനിന്ന് വിശദീകരണം തേടിയിരിക്കുകയാണ്.
വിവാദം തുടരും; കിം ഫലം
നിനിതയുടെ നിയമനം മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നാണ് സർവകലാശാലയിൽനിന്നുയരുന്ന പരാതികളും തുടർ സംഭവങ്ങളും വ്യക്തമാക്കുന്നത്. അടുത്തിടെ 55 തസ്തികകളിലേക്ക് നടത്തിയ വിജ്ഞാപനത്തിൽ 17ലും നിയമനം നടന്നു. ജനുവരി 19, 20 ദിവസങ്ങളിലായിരുന്നു അഭിമുഖം. ഇതിൽ പലതിലും ഗുരുതരമായ കൃത്യവിലോപം നടന്നതായി ആരോപണം ഉയർന്നു കഴിഞ്ഞു. സംസ്കൃതം ജനറൽ അധ്യാപക നിയമനത്തിൽ സംസ്കൃതം ജനറൽതന്നെ പഠിച്ച 24 ഉദ്യോഗാർഥികൾ ഉണ്ടായിരിക്കേ അനുബന്ധ വിഷയങ്ങളായ സംസ്കൃത സാഹിത്യം, വേദാന്തം തുടങ്ങിയവ പഠിച്ചവരെ നിയമിച്ചു എന്നതാണ് ഇതിൽ പ്രധാന ആക്ഷേപം. ആകെ അഞ്ച് അസി. പ്രഫസർമാരെ നിയമിച്ചതിൽ മൂന്നു പേരും അനുബന്ധ വിഷയം പഠിച്ചവരാണെന്നത് ഉദ്യോഗാർഥികൾക്കിടയിൽ മാത്രമല്ല, വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കിടയിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വി.സിയുടെ ശിഷ്യനും ഇടത് സഹയാത്രികനുമായ ഒരാളെ ഈ രീതിയിൽ തിരുകിക്കയറ്റിയതായും ആരോപണമുണ്ട്.
ഇതുസംബന്ധിച്ച് ഗവർണർ, മുഖ്യമന്ത്രി, ഉന്നതവിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് സംരക്ഷണ സമിതി പരാതി നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ പൊലീസ് കേസുണ്ടെന്നും സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. വകുപ്പ് മേധാവി ഇതിനെതിരെ പ്രതിഷേധം ഉന്നയിച്ചെങ്കിലും ഭീഷണിപ്പെടുത്തി, അദ്ദേഹത്തെ നിശ്ശബ്ദനാക്കിയതായും വിദ്യാർഥികൾ പറയുന്നു.
വളച്ചൊടിച്ച് വിജ്ഞാപനം; സംവരണ ക്രമക്കേടിനും കുറുക്കു വഴി
2019 ആഗസ്റ്റ് 26ന് ഇറങ്ങിയ പൊതു വിജ്ഞാപനത്തിൽ അംഗപരിമിതർക്ക് സംവരണമില്ലെന്ന് ചൂണ്ടിക്കാട്ടി ഹാരിസ് ഖാൻ എന്ന ഉദ്യോഗാർഥി ഹൈകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ 31ന് ഇറക്കിയ പുനർ വിജ്ഞാപനത്തിൽ അംഗപരിമിതരെ ഉൾപ്പെടുത്തിയെങ്കിലും സംവരണക്രമമാകെ മാറ്റിമറിച്ചു. തസ്തികകൾ പരസ്പരം മാറ്റുകയും ചെയ്തു. സിൻഡിക്കേറ്റ് അനുമതിപോലും ഇല്ലാതെയായിരുന്നു ഇത്. 2019ലെ നിയമന റോസ്റ്ററിൽനിന്ന് തീർത്തും വിഭിന്നമായിരുന്നു പുതിയ വിജ്ഞാപനം.
താരതമ്യ സാഹിത്യ വിഭാഗത്തിലെ(കംപാരറ്റിവ് ലിറ്ററേച്ചർ) നിയമന ക്രമക്കേടിനെതിരെ ഉദ്യോഗാർഥികൾ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിെൻറ വിജ്ഞാപനത്തിനെതിരെയും കേസുണ്ട്. രാഷ്ട്രീയ, വ്യക്തിതാൽപര്യങ്ങൾക്ക് അനുസരിച്ചുള്ള നിയമനത്തിനായി യു.ജി.സി നിർദേശങ്ങൾ വളച്ചൊടിച്ച് പുറത്തിറക്കുന്ന വിജ്ഞാപനമാണ് ക്രമക്കേടിെൻറ ആദ്യപടി. തുടർന്ന് ചുരുക്കപ്പട്ടിക കൃത്രിമമായി തയാറാക്കും. പറയുന്നിടത്ത് മാർക്കിടുന്നവരെ ഇൻറർവ്യൂ ബോർഡിൽ നിലയുറപ്പിക്കുന്നതും പ്രധാനമാണ്. സംവരണക്രമംപോലും അട്ടിമറിച്ചാണ് നിയമനം നടക്കുന്നതെന്ന് സംരക്ഷണ സമിതി തെളിവുകളോടെ ചൂണ്ടിക്കാട്ടുന്നു.
ഫിലോസഫി വകുപ്പിൽ 2011ലുണ്ടായ ലീവ് വേക്കൻസി തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിതയായ വനിത 2019ൽ മുൻകാല പ്രാബല്യത്തോടെ സ്ഥിരമാക്കപ്പെട്ടതും ഒത്തുകളിയിലൂടെയായിരുന്നു. ഒരു മുസ്ലിം സംവരണം നഷ്ടപ്പെടാനും ഇവരുടെ നിയമനം വഴിവെച്ചു. വിശ്വകർമ സംവരണവും അട്ടിമറിച്ചതിന് തെളിവുണ്ട്.
രാഷ്ട്രീയ, വ്യക്തിബന്ധങ്ങളുള്ളവർക്ക് മാത്രമല്ല, ലക്ഷങ്ങൾ കൈമടക്ക് നൽകുന്നവർക്കും നിയമനം ഉറപ്പു നൽകുന്ന, സർവകലാശാല അധ്യാപകൻതന്നെ ഇടനിലക്കാരനായ സംവിധാനവും ഇവിടെ പ്രവർത്തിക്കുന്നതായി പറയുന്നു. നിനിതയുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയരുന്ന ബഹളങ്ങൾ മറയാക്കി മറ്റ് അനധികൃത നിയമനങ്ങൾ കൊഴുപ്പിക്കുകയാണ് സർവകലാശാല അധികൃതർ ചെയ്യുന്നതെന്നും സംരക്ഷണ സമിതി ആരോപിക്കുന്നു.
നാളെ: 'നിയമനായ' കർമണ ശ്രീ കാലിക്കറ്റ് സർവകലാശാലയിലെ നിയമന വിശേഷങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.