പട്ടയഭൂമിയിലെ അനധികൃത മരംമുറി: ഉദ്യോഗസ്ഥർക്കെതിരെ നടപടി
text_fieldsതിരുവനന്തപുരം : പട്ടയഭൂമിയിലെ അനധികൃത മരംമുറിക്ക് അനുമതി നൽകിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് ഉത്തരവ്. തൃശൂർ പരിയാരം റേഞ്ചിലെ മുൻ ഉദ്യോഗസ്ഥരായ ബി.അശോക് രാജ്, എം.സി ചന്ദ്രൻ എന്നവർക്കെതിരായാണ് നടപടി.
മരംമുറിയൽ സർക്കാരിന് 15,381 രൂപയുടെ നഷ്ടം ഉണ്ടായി. ഈ നഷ്ടത്തിൽ എം.സി.ചന്ദ്ര (റിട്ട. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ)-ന്റെ ആനുപാതിക വിഹിതമായ 7,916 രൂപ അദ്ദേഹത്തിന്റെ ക്ഷാമാശ്വാസത്തിൽ നിന്നോ ക്ഷാമാശ്വാസ കുടിശ്ശികയിൽ നിന്നോ പെൻഷൻ പരിഷ്കരണ കുടിശ്ശികയിൽ നിന്നോ ഈടാക്കണം. അശോക് രാജിന്റെ ഒരു വാർഷിക വേതന വർധനവ് ആറുമാസത്തേക്ക് തടയണം. സർക്കാർ നഷ്ടത്തിന്റെ ആനുപാതിക വിഹിതമായ 7,916 രൂപ അദ്ദേഹത്തിന്റെ പേ ആൻഡ് അലവൻസിൽ നിന്നും ഈടാക്കണമെന്നാണ് ഉത്തരവ്.
കൊന്നക്കൂഴി വനം സ്റ്റേഷൻ പരിധിയിൽ ദേവസിക്കുട്ടി എന്നയാളുടെ പട്ടയഭൂമിയിൽനിന്ന് തേക്കു മരങ്ങൾ മുറിക്കുന്നതിനാണ് ഉദ്യോഗസ്ഥർ അനുമതി നൽകിയത്. സ്ഥലം സംരക്ഷിത വനഭൂമിയിൽനിന്ന പതിച്ച് നൽകിയ പട്ടയ ഭൂമിയായിരുന്നു. എന്നിട്ടും ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ എം.സി ചന്ദ്രൻ തെറ്റായ റിപ്പോർട്ട് നൽകിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റെയിഞ്ച് ഓഫിസർ അശോക് രാജ് മരം മുറിക്കുന്നതിനുള്ള അപേക്ഷയും അനുബന്ധരേഖകളും പരിശോധിക്കാതെ അനുമതി നൽകി.
അന്വേഷണ റിപ്പോർട്ടും മറ്റു രേഖകളും വിശദമായി പരിശോധിച്ചതിൽ ഈ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് കണ്ടെത്തിയത്. അശോക് രാജ് നൽകിയ കട്ടിംഗ് പെർമിറ്റുകൾ പിന്നീട് അദ്ദേഹം റദ്ദാക്കിയെങ്കിലും മരങ്ങളുടെ തടികഷ്ണങ്ങൾ അന്ന് ബന്തവസിലെടുക്കാനുള്ള ഉത്തരവാദിത്തം 2018 ഫെബ്രുവരി 28ന് വിരമിച്ച ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.സി.ചന്ദ്രനോ 2018 ജൂലൈ 17 വരെ പരിയാരം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ആയിരുന്ന അശോക് രാജോ നിർവഹിച്ചിട്ടില്ല.
ഇക്കാര്യത്തിൽ ജാഗ്രതക്കുറവ് ഉത്തരവാദപ്പെട്ട തസ്തികകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഉണ്ടാകാൻ പാടില്ലാത്ത സംഗതിയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. സർക്കാർ നഷ്ടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഈ ഉദ്യോഗസ്ഥരെ ഒഴിവാക്കാൻ സാധിക്കില്ലെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി.
എറണാകുളം ഫ്ലയിങ് സ്ക്വാഡാണ് അനധികൃത മരം മുറി ആദ്യം കണ്ടെത്തിയത്. വിജിലൻസ് റിപ്പോർട്ടിന്റെയും അഡീഷണൽ പ്രിൻസിപ്പൽ കൺസർവേറ്ററുടെ കത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.