കോടികളുടെ അനധികൃത പണം മറിക്കൽ: സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി
text_fieldsകോഴിക്കോട്: വിദ്യാർഥികളുടെ അക്കൗണ്ടുകളിലൂടെ കോടികൾ മറിച്ച സംഭവത്തിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. വിദ്യാർഥികളോട് അക്കൗണ്ട് തുടങ്ങാൻ പ്രേരണ നൽകിയവരെക്കുറിച്ചും അവരുടെ ബാങ്ക് രേഖകൾ കൈവശപ്പെടുത്തി അക്കൗണ്ട് പ്രവർത്തിപ്പിച്ചവരെക്കുറിച്ചുമാണ് അന്വേഷിക്കുന്നത്. കോഴിക്കോട് എളേറ്റിൽ വട്ടോളി പ്രദേശത്ത് തട്ടിപ്പിന് ചുക്കാൻ പിടിച്ചവരെന്ന് സംശയിക്കുന്ന ചിലർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണെന്ന് സ്പെഷൽ ബ്രാഞ്ച് അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച ‘മാധ്യമം’ വാർത്തകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ദിവസങ്ങൾക്കകം വിദ്യാർഥികളുടെ അക്കൗണ്ടുകളിലൂടെ കോടികൾ മറിഞ്ഞ സംഭവത്തിൽ ബാങ്ക് ജീവനക്കാരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. വിദ്യാർഥികൾക്ക് കൂട്ടത്തോടെ അക്കൗണ്ട് ആരംഭിക്കാൻ സൗകര്യം ചെയ്തതും സേവിങ്സ് അക്കൗണ്ടുകളിലൂടെ ദിവസങ്ങളോളം ലക്ഷങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടിട്ടും നിരീക്ഷിക്കാതിരുന്നതും ദുരൂഹമാണ്. മറ്റു സംസ്ഥാനങ്ങളിൽ കേസ് രേഖപ്പെടുത്തിയപ്പോൾ മാത്രമാണ് ബാങ്ക് അധികൃതർ ചില അക്കൗണ്ടുകൾ മരവിപ്പിച്ചത്. സാധാരണ അക്കൗണ്ടുകളിലൂടെ ഒരു ലക്ഷത്തിൽ കൂടുതൽ തുക നെറ്റ് ബാങ്കിങ്ങിലൂടെ കൈമാറ്റം ചെയ്യപ്പെടണമെങ്കിൽ ബെനിഫിഷ്യറിയെ ചേർക്കണമെന്നാണ് വ്യവസ്ഥ. അങ്ങനെ ചേർത്തിട്ടാണെങ്കിൽ 10 ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാം. ചതിക്കപ്പെട്ട ഒരു വിദ്യാർഥിയുമായി ബന്ധപ്പെട്ട കേസിൽ 54 ലക്ഷം രൂപയും സ്വകാര്യ ബാങ്കിന്റെ അക്കൗണ്ടിലേക്കാണ് കൈമാറ്റം ചെയ്തത്. ഇത് ബാങ്ക് അറിയാതെയാണെന്ന് വിശ്വസിക്കാനാകില്ല. ബാങ്കിലെ ജീവനക്കാർക്ക് ആർക്കെങ്കിലും തട്ടിപ്പിൽ പങ്കുണ്ടോ എന്ന കാര്യം രാജസ്ഥാൻ, ഹരിയാന പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം.
അതിനിടെ, മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസിൽ സംസ്ഥാന പൊലീസിന് ഇടപെടാനാകില്ലെങ്കിലും തങ്ങളെ വഞ്ചിച്ചെന്ന നാല് വിദ്യാർഥികൾ നൽകിയ പരാതിയിൽ അന്വേഷണം നടത്തുന്നുണ്ടെന്ന് താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ. അഷ്റഫ് പറഞ്ഞു.
പണത്തിനുവേണ്ടിയാണ് വിദ്യാർഥികൾ ഇവരുടെ കെണിയിൽ അകപ്പെട്ടതെന്നാണ് മനസ്സിലാകുന്നത്. ഇതിന് ചരടുവലികൾ നടത്തിയതായി പരാതിയിൽ പറയുന്നവരെ ചോദ്യം ചെയ്താൽ മാത്രമേ മറ്റു വിവരങ്ങൾ ലഭ്യമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തട്ടിപ്പുകൾ അരങ്ങേറിയത് മറ്റു സംസ്ഥാനങ്ങളിലാണെങ്കിലും കേരളത്തിൽ ഇവർക്കുവേണ്ടി സഹായം ചെയ്ത് പ്രതിഫലം പറ്റുന്ന നിരവധി പേരുണ്ടെന്നാണ് വ്യക്തമാകുന്നത്.
അതിജാഗ്രത ആവശ്യമെന്ന് സൈബർ വിദഗ്ധർ
സാങ്കേതിക വിദ്യകളെ വൈകൃതമായി ഉപയോഗിക്കുന്ന ‘പെർവർട്ടഡ് ഇന്റലിജൻസ്’ മറ്റു ചില രാജ്യങ്ങളിൽ വ്യാപകമാണെങ്കിലും ഇന്ത്യയിൽ അടുത്തകാലത്താണ് കൂടിയത്. രാജ്യത്ത് നടന്ന പല ഓൺലൈൻ തട്ടിപ്പുകൾക്കുപിന്നിലും നൈജീരിയൻ പൗരന്മാരടക്കം പിടിയിലായിരുന്നു.
ഡിജിറ്റൽ പണക്കൈമാറ്റം വ്യാപകമായതോടെ സൈബർ കുറ്റകൃത്യങ്ങളും വർധിച്ചു. വിവരവും വിദ്യാഭ്യാസവുമുള്ള ഉന്നതർ വരെ തട്ടിപ്പുകളുടെ ഇരകളായി. പലരും അഭിമാനം കാത്തുസൂക്ഷിക്കാൻ, തട്ടിപ്പിൽ അകപ്പെട്ടത് മറച്ചുവെച്ചു. പുറത്തുവരുന്ന കേസുകളേക്കാൾ അധികമാണ് സൈബർ തട്ടിപ്പിന് ഇരകളാകുന്നതെന്ന് സൈബർ വിദഗ്ധർ വ്യക്തമാക്കുന്നു. ഇപ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ള നിരവധി സംഘങ്ങൾ സൈബർ തട്ടിപ്പ് രംഗത്ത് സജീവമാണ്.
പണം തട്ടിയെടുത്തശേഷം മറ്റുള്ളവരുടെ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യുന്നതിലൂടെ തട്ടിപ്പുകാർ സുരക്ഷിതരാകും. ഇതാണ് വിദ്യാർഥികളെ വലവീശി തട്ടിപ്പിന് ഇരയാക്കുന്നതിന് പിന്നിലുള്ളവരുടെ താൽപര്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടി വ്യാപകമാകുന്നതോടെ ഇത്തരം തട്ടിപ്പുകളുടെ വ്യാപ്തിയും വർധിക്കും.
ഡിജിറ്റൽ പണക്കൈമാറ്റം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സംവിധാനങ്ങൾ സൈബർ ഇടത്തിലെ കുറ്റകൃത്യങ്ങൾ തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്നത് ആശങ്ക വർധിപ്പിക്കുന്നു. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അതിജാഗ്രത ആവശ്യമായ തലത്തിലാണ് സൈബർ തട്ടിപ്പുകളുടെ വ്യാപ്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.