കേന്ദ്ര വാഴ്സിറ്റി പ്രഫസർ, അസി. പ്രഫസർ തസ്തികയിലേക്ക് വഴിവിട്ട നിയമനം
text_fieldsകാസർകോട്: കേന്ദ്ര സർവകലാശാല ഗ്ലോബൽ സ്റ്റഡീസിൽ ഒരു പ്രഫസർ, രണ്ടുവീതം അസോസിയറ്റ്, അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലേക്ക് വഴിവിട്ട നിയമനം നടന്നതായി ആക്ഷേപം.
ക്രമവിരുദ്ധമായി സർവകലാശാലയിൽ കടന്നുകൂടിയെന്ന് സി.എ.ജി കണ്ടെത്തിയതും നിയമനത്തിനെതിരെ ഹൈകോടതിയിൽ കേസുള്ളതുമായ മുൻ പി.വി.സി വേണ്ടപ്പെട്ടവർക്ക് നിയമനം നൽകിയെന്നാണ് ആക്ഷേപം.
ഇദ്ദേഹത്തിനെതിരെ പരാതി നൽകിയ എ.ബി.വി.പി നേതാവ് കൂടിയായ ഉദ്യോഗാർഥിക്കും ഹൈകോടതിയിൽ ഹരജി നൽകിയ മറ്റൊരു ഉദ്യോഗാർഥിക്കും നിയമനം നൽകാത്തത് പ്രതികാര നടപടിയാണെന്നും ആക്ഷേപമുയർന്നു.
സംഘ്പരിവാർ സംഘടനയായ പ്രജ്ഞാ പ്രവാഹിന്റെ നേതാവും ഡെൽഹി യൂനിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗം പ്രഫസറുമായ ശ്രീപ്രകാശ്സിംഗായിരുന്നു ബോർഡിലുണ്ടായിരുന്ന ഒരാൾ. ഇദ്ദേഹത്തിന്റെ വകുപ്പിൽ ഗെസ്റ്റ് ലെക്ചററായി ജോലി ചെയ്ത അനസൂയ സിംഗിനു ഇന്റർനാഷനൽ റിലേഷൻസിൽ നിയമനം ലഭിച്ചു. പ്രഫസർ തസ്തികയിലേക്ക് കേരള യൂനിവേഴ്റ്റിയിൽനിന്നു വിരമിച്ച സുരേഷ് കുമാറിന് നിയമനം നൽകിയതിൽ യോഗ്യതാ പ്രശ്നമുയർന്നിട്ടുണ്ട്. മുൻ വി.സിയുടെ ശിപാർശയിൽ നിയമനം നൽകിയയാൾ ആർ.എസ്.എസിന്റെ ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘിൽ രണ്ടുമാസം മുമ്പ് അംഗത്വമെടുത്തിരുന്നുവെന്നതാണ് വേറൊരു സവിശേഷത.
അഭിമുഖ ബോർഡിൽ ഉണ്ടായ മറ്റൊരാൾ ബിഹാറിലെ മോതിഹാരി കേന്ദ്ര സർവകലാശാലയിലെ പി.വി.സിയായിരുന്ന ഗോപാൽ റെഡ്ഡിയാണ്. കടുത്ത പരിവാറുകാരനായ റെഡ്ഡി മുൻ വി.സി ജാൻസി ജയിംസിന്റെ കാലത്ത് മതം നോക്കി നിയമനം നൽകിയെന്ന് റിപ്പോർട്ട് നൽകിയ ആളാണ്.
പിഎച്ച്.ഡി എക്സ്പേർട്ടായും നിരവധി തവണ കേന്ദ്ര വാഴ്സിറ്റിയിൽ വന്നിട്ടുണ്ട്. മുൻ പി.വി.സി നിയമനത്തിനെതിരെ ഹൈകോടതിയിൽ ഹരജി നൽകുകയും പ്രധാനമന്ത്രിക്ക് കത്ത് നൽകുകയും ചെയ്ത എസ്.ആർ. ജിതയുടെ പ്രശ്നം സർവകലാശാലക്ക് അകത്ത് പരിഹരിക്കണമെന്ന കോടതി നിർദേശം നടപ്പാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് ഗോപാൽ റെഡ്ഡിയെയാണ്. ഇദ്ദേഹമാണ് ജിതയെ ഇന്റർവ്യൂ ചെയ്ത് പുറത്താക്കിയത്.
നിയമനം ലഭിച്ചവരുടെ പേരുകൾ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകരിക്കും മുമ്പുതന്നെ മുൻ പി.വി.സി പുറത്തുവിട്ടു. തന്റെ ആൾക്കാർക്ക് ജോലി നൽകിയെന്ന വീരവാദം സർവകലാശാലയുടെ മാന്യത തകർക്കുന്നുവെന്ന് മറ്റ് അധ്യാപകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.