നിയമവിരുദ്ധ പാറ ഖനനം: ക്വാറി ഉടമകൾക്ക് ഒന്നരക്കോടി പിഴ
text_fieldsതൃശൂർ: വനം വകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പ്രവർത്തിച്ച ക്വാറി, ക്രഷർ യൂനിറ്റുകളിൽനിന്ന് ഒന്നരക്കോടിയോളം പിഴയീടാക്കി സർക്കാർ. പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന സൂര്യ ഗ്രാനൈറ്റ്സ്, ജാംസ് ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡ്, യുനൈറ്റഡ് ഗ്രാനൈറ്റ് എന്നിവരാണ് അനധികൃത പാറ ഖനനം നടത്തിയത്. ഇതിൽ ജാംസ് ഗ്രാനൈറ്റിൽനിന്ന് 95,09,920 രൂപയും യുനൈറ്റഡ് ഗ്രാനൈറ്റ്സിൽനിന്ന് ചട്ടലംഘനത്തിന് 50,52,400 രൂപയുമാണ് ഈടാക്കിയത്.
തൃശൂർ, പാലക്കാട് ജില്ലകളിലായി വനം വന്യജീവി പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ പാലിക്കാതെ ക്വാറികളും ക്രഷർ യൂനിറ്റുകളും പ്രവർത്തിക്കുന്നതായി നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷ് വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. ക്വാറികളിൽനിന്ന് അനുമതി നൽകിയതിനേക്കാൾ കൂടുതൽ ഖനനം നടത്തിയതായും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കണ്ടെത്തിയാണ് നികുതി, പിഴയിനത്തിൽ തുക ഈടാക്കിയത്.
വന്യജീവി സങ്കേതങ്ങളുടെയും നാഷനൽ പാർക്കുകളുടെയും അതിരുകൾ ലംഘിച്ച് നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതായ റിപ്പോർട്ട് ജിയോളജി ഡയറക്ടർമാർ, കലക്ടർമാർ എന്നിവർക്ക് വനംവകുപ്പ് നൽകിയിരുന്നു. വന്യജീവികൾ കാടിറങ്ങാൻ കാരണമായ വിഷയത്തിൽ നടപടി സ്വീകരിക്കാത്തതിൽ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി കലക്ടർമാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അഴിമതിയും വനം വന്യജീവി പരിസ്ഥിതി ആവാസ മേഖലയെ ഗുരുതരമായി ബാധിക്കുന്ന വിഷയവുമായിട്ട് പോലും ഫയൽ കലക്ടർമാർ കാണുകയോ പരാതിക്ക് അടിസ്ഥാനമായ സ്ഥലങ്ങൾ സ്ഥാപനങ്ങൾ സന്ദർശിക്കുകയോ ചെയ്തിട്ടില്ലെന്ന് പാലക്കാട്, തൃശൂർ ജില്ല കലക്ടറേറ്റിൽനിന്ന് ലഭിച്ച വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.