അനധികൃത മണൽവാരൽ; ഒത്താശ ചെയ്യുന്ന ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ശിക്ഷ
text_fieldsതിരുവനന്തപുരം: നദികളുടെ മലിനപ്പെടുത്തലിനും അനധികൃത മണൽവാരലിനും ഒത്താശ ചെയ്യുന്ന ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ശിക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ അടങ്ങിയ ബിൽ നിയമസഭ പാസാക്കി. മണൽവാരലുമായി ബന്ധപ്പെട്ട് ചട്ടലംഘനത്തിനുള്ള പിഴത്തുക 25,000 രൂപയിൽനിന്ന് അഞ്ചു ലക്ഷമായി ഉയരുമെന്നും 2022ലെ കേരള നദീസംരക്ഷണവും മണൽവാരൽ നിയന്ത്രണവും (ഭേദഗതി) ബില്ലിന്റെ ചർച്ചക്ക് മറുപടിയായി റവന്യൂമന്ത്രി കെ. രാജൻ വ്യക്തമാക്കി.
രണ്ടുവർഷം വരെ തടവ് ശിക്ഷയോ 25,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ എന്നതിൽ പിഴ അഞ്ച് ലക്ഷം രൂപയാക്കി ഉയർത്താനാണ് ഭേദഗതി. ചട്ടലംഘനം തുടരുന്ന ഓരോ ദിവസത്തിനും 1000 രൂപയായിരുന്ന അധിക പിഴ 50,000 ആക്കി വർധിപ്പിക്കാനും വ്യവസ്ഥയുണ്ട്. കണ്ടുകെട്ടുന്ന മണലിന്റെ മതിപ്പ് വില ജില്ല കലക്ടർ നിശ്ചയിച്ച് ലേലത്തിലൂടെ വിൽപന നടത്താനും വ്യവസ്ഥ ചെയ്യുന്നു. പിഴത്തുകക്ക് ആനുപാതികമായി ശിക്ഷാകാലാവധി ഉയർത്തുന്നത് അപ്രായോഗികമാണെന്ന് മന്ത്രി വിശദമാക്കി. മണൽകടത്തുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങൾക്കായി മതിയായ രേഖകളുമായി ഉടമസ്ഥർ എത്തിയില്ലെങ്കിൽ കണ്ടുകെട്ടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.