നാലുമലയിൽ അനധികൃത ട്രക്കിങ്; 22 വാഹനങ്ങൾ മലമുകളിൽ കുടുങ്ങി
text_fieldsനെടുങ്കണ്ടം: പുഷ്പക്കണ്ടത്തിനുസമീപം നാലുമലയില്‍ അനധികൃത ട്രക്കിങ്ങിനെത്തിയ വിനോദസഞ്ചാരികളുടെ 22 വാഹനങ്ങള്‍ മലമുകളില്‍ കുടുങ്ങി. ബംഗളൂരുവിൽനിന്ന് ഓഫ് റോഡ് ട്രക്കിങ്ങിനെത്തിയ 38 പേര്‍ അടങ്ങിയ സംഘത്തിന്‍റെ വാഹനങ്ങളാണ് അതിര്‍ത്തിമേഖലയിലെ മലമുകളില്‍ കുടുങ്ങിയത്.
നിരോധിത മേഖലയിലേക്ക് ഓഫ് റോഡ് സഫാരി നടത്തിയതിന് 22 ഡ്രൈവര്‍മാര്‍ക്കെതിരെ നെടുങ്കണ്ടം പൊലീസ് കേസെടുത്തു. അപകടകരമായ ഡ്രൈവിങ്ങിനും റവന്യൂഭൂമിയില്‍ അനധികൃതമായി കയറിയതിനുമാണ് കേസ്. മോട്ടോര്‍ വാഹന വകുപ്പ്, റവന്യൂ വകുപ്പ്, വിനോദസഞ്ചാര വകുപ്പ് എന്നിവയുടെ അനുമതിയില്ലാതെയായിരുന്നു ട്രക്കിങ്. മുമ്പ് അപകടമുണ്ടായതിനാല്‍ മേഖലയിലേക്കുള്ള ഓഫ് റോഡ് സവാരി നിരോധിച്ചിരിക്കുകയുമായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഘം മലമുകളിൽ എത്തിയത്. ഉച്ചക്ക് ശേഷം പെയ്ത കനത്തമഴയും മൂടല്‍മഞ്ഞും മൂലം തിരികെയിറങ്ങാന്‍ കഴിയാതാവുകയായിരുന്നു. മഴയില്‍ മണ്‍റോഡില്‍ ചളി നിറഞ്ഞതും തിരിച്ചടിയായി. നാലുമല വ്യൂ പോയൻറിലായിരുന്നു സംഘമെത്തിയത്. ഓഫ്‌റോഡ് ജീപ്പുകള്‍പോലും വളരെ ബുദ്ധിമുട്ടി കയറിപ്പോകുന്ന ഏറെ അപകടം പിടിച്ച ദുര്‍ഘട വഴിയിലൂടെയാണ് ഈ വാഹനങ്ങള്‍ ഓടിച്ച് മലമുകളില്‍ കയറ്റിയത്.
രാത്രി എട്ടോടെ സംഘത്തില്‍പെട്ട ചിലര്‍ താഴെവന്ന് സഹായം അഭ്യർഥിച്ചപ്പോഴാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാരുടെയും ടാക്സി ഡ്രൈവർമാരുടെയും സഹായത്തോടെ 38 അംഗ സംഘത്തെ രാമക്കല്‍മേട് ബാലന്‍പിള്ള സിറ്റിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചക്കുശേഷമാണ് വാഹനങ്ങള്‍ അതിസാഹസികമായി തിരികെ ഇറക്കി നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെത്തിക്കാനായത്.
പശ്ചിമഘട്ടത്തിന്‍റെ ഉയര്‍ന്ന പ്രദേശമായ ഇവിടെ ശനിയാഴ്ച രാവിലെയും മഴയും തണുത്ത കാറ്റും കോടമഞ്ഞും ഉണ്ടായിരുന്നതിനാല്‍ കാഴ്ചപോലും മറയുന്ന അവസ്ഥയായിരുന്നു. മോട്ടോര്‍ വാഹന വകുപ്പും പൊലീസും സ്ഥലത്തെത്തി എക്സ്കവേറ്ററും മറ്റും കൊണ്ടുവന്ന് റോഡിന്‍റെ ചിലഭാഗങ്ങള്‍ സഞ്ചാരയോഗ്യമാക്കിയശേഷമാണ് വാഹനങ്ങള്‍ തിരിച്ചിറക്കാനായത്. ഓഫ്‌റോഡ് ട്രക്കിങ്ങും മറ്റും സംഘടിപ്പിക്കുന്ന കൂട്ടായ്മയിലുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. തദ്ദേശീയരാരും ഇവരുടെ ഒപ്പമുണ്ടായിരുന്നില്ല.
പുഷ്പക്കണ്ടത്തുനിന്ന് നാലുമലയിലേക്കുള്ള രണ്ട് കിലോമീറ്റര്‍ ദുര്‍ഘട പാതയാണ്. പാതയുടെ ഇരുവശവും വളരെ അപകടം പിടിച്ച കൊക്കകളാണ്. വേനല്‍ക്കാലത്തുപോലും വലിയ അപകടങ്ങള്‍ ഉണ്ടാകുന്ന പ്രദേശമാണിത്. നാലുമലയിലേക്കുള്ള ഓഫ് റോഡ് സവാരി നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച സൂചനാ ബോര്‍ഡുകളോ മുന്നറിയിപ്പുകളോ സ്ഥാപിച്ചിട്ടില്ല. നാലുമലകള്‍ കൂടുന്നയിടമായ ഇവിടെ മുമ്പ് ഓഫ് റോഡ് ട്രക്കിങ്ങിന് അനുമതിയുണ്ടായിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് പിന്നീട് നിരോധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.