‘ഞാൻ ഒരു കഴിവുമില്ലാത്ത ആളാണ്, അപ്പോൾ പിന്നെ കുഴപ്പമില്ലല്ലോ?’ -ഫേസ്ബുക് പോസ്റ്റുമായി പത്മജ
text_fieldsകോഴിക്കോട്: കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് കൂടുമാറിയശേഷം പുതിയ ഫേസ്ബുക് പോസ്റ്റുമായി പത്മജ വേണുഗോപാൽ. സംഘ് പരിവാർ കൂടാരത്തിലേക്ക് കളംമാറിയ പത്മജയെ കണക്കിന് വിമർശിച്ച് ട്രോളുകളും പരിഹാസങ്ങളും സമൂഹ മാധ്യമങ്ങളിലടക്കം നിറയുന്ന പശ്ചാത്തലത്തിൽ അവയ്ക്ക് മറുപടിയെന്നോണമാണ് പോസ്റ്റ്. രണ്ടു ദിവസമായി നല്ലവണ്ണം ചീത്ത കേൾക്കുന്നുണ്ടെന്നും അതിൽ ഒരു വിഷമവും തോന്നുന്നില്ലെന്നും പോസ്റ്റിൽ പറയുന്നു.
കോൺഗ്രസിൽ അനുഭവിച്ച നാണക്കേടും അപമാനവും ഇപ്പോഴത്തെ ചീത്തവിളികളേക്കാൾ കഠിനമായിരുന്നുവെന്ന് പറയുന്ന പത്മജ താൻ പാർട്ടിയിൽനിന്ന് പോയാൽ ഒന്നും സംഭവിക്കില്ല എന്ന് പറഞ്ഞോണ്ടിരിക്കേണ്ടെന്നും ആവശ്യപ്പെടുന്നുണ്ട്. താൻ ഒരു കഴിവുമില്ലാത്ത ആളാണെന്ന് സമ്മതിക്കുന്നുവെന്നും അപ്പോൾ പിന്നെ ഒരു കുഴപ്പവുമില്ലല്ലോ എന്നും സൂചിപ്പിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. തന്റെ പുതിയ ഫോട്ടോയും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
പുതിയ പോസ്റ്റിനടിയിലും പത്മജയെ നിശിതമായി വിമർശിച്ചാണ് കമന്റുകളേറെയും. ‘കെ കരുണാകരൻ എന്ന കോൺഗ്രസ് നേതാവിന്റെ മകൾ എന്നത് മാത്രം ആണ് ഇതുവരെ ഉള്ള നിങ്ങളുടെ വാല്യൂ... ഇനി മുതൽ ഒരിടത്തും ഗതികിട്ടാതെ കേരളത്തിലെ ബിജെപിയിൽ ഭിക്ഷ യാചിച്ചെത്തിയ പഴയ കോൺഗ്രസ് നേതാവിന്റെ മകളായ ഹതഭാഗ്യ... ഒരു പഞ്ചായത്ത് മെമ്പർ ആകാൻ പോലും തക്ക ജനപ്രീതി ഇല്ലെങ്കിലും കരുണാകരൻ എന്ന പേരുള്ള കൊണ്ടാണ് നിങ്ങളെ അവർ ഇപ്പോൾ കാര്യമായി സ്വീകരിച്ചത്... ഇലക്ഷൻ കഴിയുമ്പോൾ യാതൊരു വിലയുമില്ലാതെ ഒരു മൂലയ്ക്ക് ആകുന്നത് ജനങ്ങൾ കാണും. കാരണം അവർക്ക് നിങ്ങൾ ആരും അല്ല...അവരുടെ പാർട്ടിക്ക് വേണ്ടി ജീവിച്ച ആളുമല്ല കരുണാകരൻ... So ആശംസകൾ. എന്തായാലും കോൺഗ്രസ് ഇത്തരം നിലപാട് ഇല്ലാത്തവരിൽ നിന്നും രക്ഷപെട്ടു വരുന്നുണ്ട്’ -കമന്റുകളിലൊന്ന് ഇങ്ങനെയായിരുന്നു.
‘ഒന്നും സംഭവിക്കില്ല എന്നത് യാഥാർത്ഥ്യമാണ്.. മക്കൾക്ക് വേണ്ടി കോൺഗ്രസ്സിനോട് ഒരുപാട് വിലപേശിയ ലീഡറുടെ മകൾ എന്നതിലുപരി കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ നിങ്ങൾ ഒന്നുമല്ല.. ബിജെപിയിൽ നിന്ന് ഇന്ന് കിട്ടിയ ഒരു സ്വീകരണവും ഇനി ഒരിക്കലും പ്രതീക്ഷിക്കരുത്... ഇലക്ഷൻ കഴിയുന്നതോട് കൂടി ഒരു മൂലയിലൊതുങ്ങാം...’ എന്ന് മറ്റൊരാൾ കുറിച്ചു.
കോൺഗ്രസിന്റെ സമുന്നത നേതാവും മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്‍റെ മകൾ പത്മജ വ്യാഴാഴ്ചയാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. ആ സമയത്ത് അവരുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ട്രോളായി പ്രചരിച്ചിരുന്നു. നിമിഷങ്ങൾക്കകം അപ്രത്യക്ഷമായ കുറിപ്പിന്‍റെ സ്ക്രീൻഷോട്ടുകളാണ് ഫേസ്ബുക്ക് വാളുകളിൽ നിറഞ്ഞത്.
‘ഇ.ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല. ബിജെപിയിൽ ചേരുകയേ ഒരു നിവൃത്തി കണ്ടുള്ളൂ. അത്രയേ ഞാനും ചെയ്തുള്ളൂ’ -എന്നതായിരുന്നു കുറിപ്പ്. പത്മജ ബി.ജെ.പിയിൽ ചേർന്നെങ്കിലും ഫേസ്ബുക്ക് പേജിന്‍റെ ഇപ്പോഴും കോൺഗ്രസുകാരനായി തുടരുന്ന അഡ്മിൻ കൊടുത്ത പണിയാണോ എന്നതടക്കം രസകരമായ കമന്‍റുകളാണ് സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച് പലരും ചോദിച്ചത്.
നമസ്കാരം. ഞാൻ രണ്ടു ദിവസമായി നല്ലവണ്ണം ചീത്ത കേൾക്കുന്നുണ്ട്. എനിക്ക് ഒരു വിഷമവും തോന്നാറില്ല. കാരണം കോൺഗ്രസ് പാർട്ടിയിൽ നിന്ന് ഞാൻ അനുഭവിച്ച നാണക്കേടും അപമാനത്തോളവും ഇത് വരില്ല. ഞാൻ പാർട്ടിയിൽ നിന്ന് പോയാൽ ഒന്നും സംഭവിക്കില്ല എന്ന് ദിവസവും പറഞ്ഞോണ്ട് ഇരിക്കേണ്ട. അത് കേൾക്കുമ്പോൾ ജനങ്ങൾ വിചാരിക്കും അപ്പോൾ അതിൽ വല്ല കാര്യവുമുണ്ടോ എന്ന്? ഞാൻ ഒരു കഴിവുമില്ലാത്ത ആളാണ് എന്ന് സമ്മതിക്കുന്നു. അപ്പോൾ പിന്നെ കുഴപ്പമില്ല അല്ലെ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.