ഉമർ ഫൈസിയെ പിന്തുണച്ച പ്രസ്താവനയുമായി ബന്ധമില്ലെന്ന് മുശാവറ അംഗം യു.എം. അബ്ദുറഹ്മാൻ മുസ്ലിയാർ
text_fieldsകോഴിക്കോട്: പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയെന്ന വിവാദത്തിൽ ഉമർ ഫൈസി മുക്കത്തെ പിന്തുണച്ചുള്ള പ്രസ്താവനയുമായി ബന്ധമില്ലെന്ന് സമസ്ത മുശാവറ അംഗം യു.എം. അബ്ദുറഹ്മാൻ മുസ്‌ലിയാർ. ഉമർ ഫൈസിയുമായി ബന്ധപ്പെട്ട പല വാർത്തകളിലും തന്റെ പേര് കാണുന്നുണ്ട്. ഉമർ ഫൈസി എന്ത് പ്രസംഗിച്ചു, എന്തിന് പ്രസംഗിച്ചു എന്നത് സംബന്ധിച്ച് എനിക്കറിയില്ല. അദ്ദേഹത്തിന്റെ പ്രസംഗത്തെ ന്യായീകരിച്ച് മുശാവറ അംഗങ്ങളുടെ പേര് വന്നതിൽ എന്റെ പേരുമുണ്ട്. അതിൽ തനിക്ക് പങ്കില്ലെന്നും അബ്ദുറഹ്മാൻ മുസ്‌ലിയാർ വ്യക്തമാക്കി.
ഉമർ ഫൈസി മുക്കത്തെ പിന്തുണച്ച് ഒമ്പത് മുശാവറ അംഗങ്ങളുടെ പേരുകളോടെ സംയുക്ത പ്രസ്താവന കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മതവിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തിൽ ചിത്രീകരിച്ചും പൊലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണെന്നാണ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയത്. പ്രവാചക കുടുംബത്തെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത സമീപ കാലത്തായി സമുദായത്തിനകത്ത് വർധിച്ചു വരുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ, ഒളവണ്ണ അബൂബക്കർ ദാരിമി, പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, ഐ.ബി ഉസ്മാൻ ഫൈസി എറണാകുളം, ബി.കെ അബ്ദുൽ ഖാദർ മുസ്ലിയാർ ബംബ്രാണ, അബ്ദുസലാം ദാരിമി ആലമ്പാടി, ഉസ്മാനുൽ ഫൈസി തോടാർ, കുഞ്ഞിമുഹമ്മദ് മുസ്ലിയാർ നെല്ലായ എന്നിവരുടെ പേരിലാണ് പ്രസ്താവന പുറത്തുവന്നത്. എന്നാൽ, ഇതിൽ തന്‍റെ പേര് ഉൾപ്പെടുത്തിയത് അറിവോടെയല്ലെന്നാണ് യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ വ്യക്തമാക്കിയിരിക്കുന്നത്.
പാണക്കാട് സാദിഖലി തങ്ങളെ വിമർശിച്ചുകൊണ്ടുള്ള ഉമർ ഫൈസി മുക്കം എടവണ്ണപ്പാറയിൽ നടത്തിയ പ്രസംഗമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. സാദിഖലി തങ്ങൾക്ക് ഖാദിയാവാൻ യോഗ്യതയില്ലെന്നായിരുന്നു ഉമർ ഫൈസി മുക്കത്തിന്റെ പരോക്ഷ വിമർശനം. ഇസ്‍ലാമിക നിയമങ്ങൾ പാലിക്കാതെയാണ് അദ്ദേഹം ഖാദിയായത്. ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നിയമങ്ങൾ കണ്ടുപിടിക്കാൻ പറ്റിയവരാവണം ഖാദിമാർ. ഖിതാബ് ഓതുകയും വേണം. ഇതൊക്കെ ഉണ്ട് എന്ന് അവരും അവകാശപ്പെടുന്നില്ല. വിവരമില്ലാത്ത എന്നെ ഖാദിയാക്കിക്കോളി എന്നാണ് പറയുന്നത്. അങ്ങനെ ഖാദിയാക്കിക്കൊടുക്കാൻ കുറെയാളുകൾ. നമ്മുടെ കൂട്ടത്തിലുള്ള കുറെ ആളുകളും അതിന് കൂട്ടു നിൽക്കുന്നു. കുറെയാളുകൾ ചേർന്ന് ഖാദിയെ തീരുമാനിക്കുകയാണ് -ഉമർ ഫൈസി പ്രസംഗത്തിൽ പറഞ്ഞു.
പ്രസംഗം വിവാദമായതോടെ ഉമർ ഫൈസിയുടെ പ്രസ്താവനയെ തള്ളി സമസ്ത രംഗത്തെത്തി. ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിലെ വിവാദ പരാമര്‍ശങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍, ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുകയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക സംഘടനകളുടെയും ഉത്തരവാദപ്പെട്ട പദവിയില്‍ ഇരിക്കുന്നവരും പ്രവര്‍ത്തകരും വിവാദ പ്രസ്താവനകളില്‍ നിന്നും ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കണമെന്നും നേതാക്കള്‍ അഭ്യർഥിച്ചു.
ഇതിന് പിന്നാലെയാണ് ഉമർ ഫൈസിയെ പിന്തുണച്ചുകൊണ്ട് സമസ്തയിലെ ഒരുവിഭാഗം നേതാക്കളുടെ പ്രസ്താവന വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.