അനാവശ്യം, അനുചിതം; കേരളത്തിലെ ലോക്ഡൗണ്‍ ഇളവുകളെ വിമര്‍ശിച്ച് ഐ.എം.എ
text_fieldsന്യൂഡൽഹി: ബക്രീദിനോടനുബന്ധിച്ച് കേരളത്തിൽ ലോക്ഡൗൺ ഇളവുകൾ നൽകിയതിനെ വിമർശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇളവുകൾ നൽകിയത് ദൗർഭാഗ്യകരമെന്നാണ് ഐ.എം.എ ദേശീയ കമ്മിറ്റിയുടെ വിമര്‍ശനം. സർക്കാർ തീരുമാനം അനവസരത്തിലുള്ളതെന്നും ഐ.എം.എ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
കോവിഡ് പശ്ചാത്തലത്തിൽ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരെ തീര്‍ഥയാത്രകള്‍ മാറ്റിവെച്ചു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇളവുകള്‍ നല്‍കുന്ന നടപടി ശരിയല്ലെന്നാണ് ഐ.എം.എ ചൂണ്ടിക്കാട്ടുന്നത്. ഇളവുകൾ എത്രയും വേഗം പിൻവലിക്കണമെന്നും അഭ്യർഥിക്കുന്നുണ്ട്. മൂന്നാംതരംഗത്തെ പ്രതിരോധിക്കാനുള്ള നടപടികൾ കൈക്കൊള്ളുന്ന കേന്ദ്ര സർക്കാറിനെയും പ്രധാനമന്ത്രിയെയും അഭിനന്ദിക്കുന്നുമുണ്ട്.
അതേസമയം, ദേശീയ കമ്മിറ്റിയുടെ വാര്‍ത്താക്കുറിപ്പ് സംബന്ധിച്ച് ഐ.എം.എ സംസ്ഥാന ഘടകത്തിന് അറിവില്ലെന്നാണ് റിപ്പോര്‍ട്ട്.
ബലിപെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്ന് മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വന്നത്. വാരാന്ത്യ ലോക്ക്ഡൗണിലടക്കം ഇളവുകളുണ്ട്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കൊപ്പം മറ്റ് വ്യാപാര സ്ഥാപനങ്ങളും ഇന്ന് മുതല്‍ മൂന്ന് ദിവസം പ്രവര്‍ത്തിക്കും. രാത്രി എട്ടു വരെയാണ് കടകളുടെ പ്രവര്‍ത്തന സമയം.
എ, ബി, സി കാറ്റഗറിയില്‍പ്പെടുന്ന തദ്ദേശ ഭരണ സ്ഥാപന പരിധികളിലാണ് ഇളവുകള്‍ ബാധകമാവുക. ഡി കാറ്റഗറിയില്‍പ്പെടുന്ന തദ്ദേശ ഭരണ സ്ഥാപന പരിധികളില്‍ നാളെ ഒരു ദിവസം എല്ലാ കടകള്‍ക്കും തുറക്കാം. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഡി.ജി.പി അനില്‍കാന്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആരാധനാലയങ്ങളില്‍ നിശ്ചിത ആളുകള്‍ മാത്രമേ പ്രവേശിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മതനേതാക്കളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ബീറ്റ് പട്രോള്‍, മൊബൈല്‍ പട്രോള്‍, വനിതാ മോട്ടോര്‍സൈക്കിള്‍ പട്രോള്‍ എന്നിവ നിരത്തിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.