മറിയം ത്രേസ്യയുടെ വിശുദ്ധ പദവി; ഡോക്ടറുടെ സാക്ഷ്യത്തെ കുറിച്ച് ഐ.എം.എ അന്വേഷിക്കും
text_fieldsകോഴിക്കോട്: മറിയം ത്രേസ്യയുടെ വിശുദ്ധ പദവിക്കായി ഡോ. വി.കെ. ശ്രീനിവാസൻ അനുഭവസാക്ഷ്യം നൽകിയ നടപടി ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ അന്വേഷിക്കും. മറിയം ത്രേസ്യയുടെ അത്ഭുത പ്രവൃത്തിയെ കുറിച്ച് 2009ൽ കത്തോലിക് ചർച്ച് ട്രിബ്യൂണലിന ് സാക്ഷ്യപത്രം നൽകിയ തൃശൂർ അമല ആശുപത്രിയിലെ ശിശുരോഗവിദഗ്ധൻ ഡോ. വി.കെ. ശ്രീനിവാസനെതിരെയാണ് അന്വേഷണം. ഒക്ടോബർ 13ന് മറിയം ത്രേസ്യയെ വത്തിക്കാൻ വിശുദ്ധയായി പ്രഖ്യാപിച്ചിരുന്നു.
2009ൽ പൂർണവളർച്ചയെത്താതെ ഗുരുതര ശ്വാസകോശ അസുഖവുമായി ജനിച്ച കുട്ടിക്ക് മറിയം ത്രേസ്യയുടെ മധ്യസ്ഥ പ്രാർഥനയിലൂടെ രോഗശാന്തി ലഭിച്ചെന്നാണ് ഡോക്ടർ സാക്ഷ്യപത്രം നൽകിയത്.
കുഞ്ഞ് ജീവിച്ചിരിക്കാൻ സാധ്യത കുറവാണെന്ന് ഡോക്ടർ രക്ഷിതാക്കളെ അറിയിച്ചിരുന്നു. രക്ഷിതാക്കൾ മറിയം ത്രേസ്യയുടെ തിരുശേഷിപ്പ് കുട്ടിയുടെ കിടക്കക്ക് സമീപം വെച്ച് പ്രാർഥന നടത്തി. അടുത്ത ദിവസം കുട്ടി രോഗവിമുക്തനാവുകയും ചെയ്തത്രെ. ഇത് അത്ഭുതമായിരുന്നെന്നും വൈദ്യശാസ്ത്രത്തിന്‍റെ ഇടപെടലില്ലാതെയാണ് അസുഖം ഭേദമായതെന്നും ഡോ. ശ്രീനിവാസൻ സാക്ഷ്യപത്രം നൽകി.
ഡോ. ശ്രീനിവാസന്‍റെ അവകാശവാദത്തെ ഐ.എം.എ കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോ. സുല്‍ഫി എന്‍. തള്ളി. ഡോക്ടർ എന്ന നിലയിൽ ഇത്തരമൊരു സാക്ഷ്യം നൽകുമ്പോൾ ശാസ്ത്രീയമായ തെളിവുകൾ നൽകണമായിരുന്നു. ഐ.എം.എ ആരുടെയും വിശ്വാസത്തിന് എതിരല്ല. ഡോക്ടറോട് വിശദീകരണം തേടിയതായും ഐ.എം.എ എത്തിക്സ് കമ്മിറ്റി സംഭവം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ശ്രീനിവാസന്‍റെ പ്രസ്താവന വൈദ്യശാസ്ത്രത്തിന്‍റെ വിശ്വാസ്യത തകർക്കുന്നതാണെന്നും ഡോ. സുല്‍ഫി പറഞ്ഞു.
വത്തിക്കാനിൽ നടന്ന മറിയം ത്രേസ്യയുടെ വിശുദ്ധ പ്രഖ്യാപന ചടങ്ങിൽ ഡോ. ശ്രീനിവാസനും പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.