‘അംഗങ്ങളല്ലാത്തവർക്കും മദ്യം വിൽക്കുന്ന ബാർ ഐ.എം.എ നടത്തുന്നു’
text_fieldsകൊച്ചി: അംഗങ്ങളല്ലാത്തവർക്കും മദ്യം വിൽക്കുന്ന ബാർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നടത്തുന്നുണ്ടെന്ന് കേന്ദ്ര ജി.എസ്.ടി വകുപ്പ് ഹൈകോടതിയിൽ. ചാരിറ്റബിൾ സൊസൈറ്റി, ക്ലബ് എന്നതിനപ്പുറമുള്ള പ്രവർത്തനമാണ് ഐ.എം.എയുടേത്. സ്വത്ത് സംബന്ധിച്ച വിവരങ്ങൾ കൈമാറണമെന്ന് കാട്ടി ജി.എസ്.ടി വിഭാഗം നൽകിയ നോട്ടീസ് ചോദ്യംചെയ്യുന്ന ഐ.എം.എയുടെ ഹരജിയെ എതിർത്ത് കേന്ദ്ര ജി.എസ്.ടി ഇന്റലിജൻസ് കോഴിക്കോട് റീജനൽ യൂനിറ്റ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ശ്യാംനാഥ് സമർപ്പിച്ച അധിക സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. ഇതിന്റെ ബില്ലടക്കം കോടതിയിൽ ഹാജരാക്കി.
കൊച്ചിയിലെ ഐ.എം.എ ഹൗസ് ചെലവേറിയ ബിസിനസ് ഹോട്ടൽപോലെയാണ് പ്രവർത്തിക്കുന്നത്. ഇതിനുപിന്നിലെ ഫണ്ടിങ്ങിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഐ.എം.എ അംഗങ്ങളല്ലാത്തവർക്കും ഇവിടെ അംഗത്വം നൽകുന്നുണ്ട്. അംഗങ്ങളല്ലാത്തവർക്കും മുറികൾ വാടകക്ക് നൽകുന്നു.
ഭൂമി വാങ്ങാൻ അംഗങ്ങളല്ലാത്തവരിൽനിന്ന് വലിയ തുക ലഭിച്ചു. . കോടികളുടെ നേട്ടം ഉണ്ടാക്കുന്ന പല സംരംഭങ്ങളിലും പങ്കാളിയാണ്. ഐ.എം.എ ആസ്ഥാനത്തിന് ലഭിക്കുന്ന വരുമാനം അംഗത്വ ഫീസിൽനിന്ന് മാത്രമുള്ളതല്ല. സംഭാവന, സ്പോൺസർഷിപ്, സർവിസ് ചാർജ് ഇനങ്ങളിൽ വരുമാനം കിട്ടുന്നുണ്ട്. 50 കോടിയോളം രൂപ ഐ.എം.എക്ക് നിക്ഷേപമുണ്ട്. പലിശയിനത്തിലും വൻ തുക ലഭിക്കുന്നുണ്ട്.
റിയൽ എസ്റ്റേറ്റ് -കൺസ്ട്രക്ഷൻ കമ്പനിയായും ഐ.എം.എ മാറുന്നുണ്ട്. ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ സ്കീം എന്ന പേരിൽ ആശുപത്രികളിൽനിന്ന് ഫണ്ട് സ്വീകരിക്കുന്നു. ഇമേജ് എന്ന പേരിൽ നടത്തുന്ന ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റും വാണിജ്യ പ്രവർത്തനമാണ്. കോൺഫറൻസുകൾക്കായി സ്പോൺസർഷിപ്പിലൂടെ വരുമാനം ഉണ്ടാക്കുന്നതുൾപ്പെടെയുള്ള ഇടപാടുകൾ അന്വേഷിച്ചുവരുകയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.