മുക്കുപണ്ടം പണയ റാക്കറ്റിലെ അംഗം പിടിയിൽ
text_fieldsതിരുവനന്തപുരം: ജില്ലയിൽ വ്യാപകമായി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. ഓൾ കേരള പ്രൈവറ്റ് ഫിനാൻസ് അസോസിയേഷൻ അധികാരികൾക്ക് പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുല്ലമ്പാറ മരുതുംമൂട് ചന്തവിള വീട്ടിൽ മുഹമ്മദ് യൂസഫ് (24) ആണ് പിടിയിലായത്.
നെടുമങ്ങാട് ആനാടുള്ള ഒരു ഫിനാൻസിൽ ഇത്തരത്തിലുള്ള പണയമുള്ളതായി മനസ്സിലാക്കി തുടർന്ന് പണയം വെച്ച യൂസഫിനെ പിടികൂടിയതോടെ ഇയാളുടെ കൈയിൽ നിന്ന് 11 ഗ്രാം തൂക്കമുള്ള വ്യാജ സ്വർണത്തിൽ നിർമിച്ച വള കണ്ടുകിട്ടി. കൂടാതെ, പനവൂർ, വട്ടപ്പാറ, നെടുമങ്ങാട്, പേരൂർക്കട, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ പണയം വെച്ചതായി മനസ്സിലാക്കാൻ കഴിഞ്ഞു.
നോട്ടത്തിലും പരിശോധനയിലും കണ്ടെത്താൻ കഴിയാത്ത വിധം 916 മുദ്ര പതിപ്പിച്ച വ്യാജ സ്വർണ വളകളാണ് ഇയാൾ പണയം വെച്ചത്. വളകൾ ഫിനാൻസുകാർ ദേശസാൽകൃത ബാങ്കുകളിൽ റീ പ്ലഡ്ജ് ചെയ്തിട്ടും കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. വ്യാജ സ്വർണത്തിന്റെ ഉറവിടം തമിഴ്നാടാണെന്ന് സൂചന കിട്ടിയിട്ടുണ്ട്. കൂടുതൽ ഫിനാൻസുകാരെ റാക്കറ്റുകൾ ഇത്തരത്തിൽ കബളിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. റാക്കറ്റിലെ മറ്റ് അംഗങ്ങളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
പ്രത്യേക അന്വേഷണസംഘത്തിലെ ഡാൻസാഫ് ടീം നടത്തിയ അന്വേഷണത്തിൽ നെടുമങ്ങാട് ഡിവൈ.എസ്.പി ബി. ഗോപകുമാർ, നർകോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൽ വഹാബ്, നെടുമങ്ങാട് ഇൻസ്പെക്ടർ അനീഷ്. എസ്, സബ് ഇൻസ്പെക്ടർ രവീന്ദ്രൻ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.