തിരുവനന്തപുരം ജില്ലയുടെ തീരസുരക്ഷക്ക് അടിയന്തരനടപടികൾ വേണമെന്ന് കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സികള്‍
text_fieldsശംഖുംമുഖം: തലസ്ഥാനജില്ലയുടെ തീരസുരക്ഷയും ആകാശനിരീക്ഷണവും ഉറപ്പാക്കാനുള്ള നടപടികള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സികള്‍.
കടല്‍മാര്‍ഗം ശ്രീലങ്കയുമായി വളരെ അടുത്തുകിടക്കുന്ന നാവികപാതയെന്ന നിലക്ക് രാജ്യന്തരതലത്തില്തന്നെ ലഹരികടത്ത്, മനുഷ്യക്കടത്ത്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് തലസ്ഥാനത്തിന്റെ നാവികപാത കൂടുതലായി ഉപയോഗിക്കാനുള്ള സാധ്യത ഏറെ. വിഴിഞ്ഞത്ത് ക്രൂചെയിഞ്ചിങ്ങിനായി രാജ്യന്തര കപ്പലുകള്‍ കപ്പല്‍പാതക്ക് ഉള്ളിലേക്ക് സ്ഥിരമായി വരുന്നതും സുരക്ഷ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളിയാണ്. മുമ്പ് ഇത്തരത്തിലുള്ള പല നിര്‍ദേശങ്ങളും രഹസ്യന്വേഷണ ഏജന്‍സികള്‍ കേന്ദ്രത്തിന് നല്‍കിയിരുന്നെങ്കിലും നടപടികള്‍ ഉണ്ടായില്ല.
പിന്നീട് പലതവണ കടലില്‍നിന്ന് ലഹരിവസ്തുക്കളും ആയുധങ്ങളുമായി സഞ്ചരിച്ചിരുന്ന ശ്രീലങ്കന്‍ ബോട്ടുകള്‍ ഉൾപ്പെടെ പിടികൂടിയിരുന്നു.
നിലവില്‍ കടലില്‍ വ്യോമസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും പരിശോധനകള്‍ നടക്കുന്നുണ്ട്. എങ്കിലും റഡാറിലൂടെയും ഉപഗ്രഹ ക്യാമറകളിലൂടെയും കണ്ണില്പെടാതെയാണ് പല കപ്പലുകളും ബോട്ടുകളും നാവികപാത താണ്ടുന്നത്. നിലവില്‍ നാവികപാത താണ്ടുമ്പോള്‍ കപ്പലുകള്‍ കപ്പലിലെ ഓട്ടോമാറ്റിക് സംവിധാനം ഓണാക്കി വേണം കടന്നുപോകേണ്ടത്.
വ്യോമനിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താനുള്ള തീരുമാന പ്രകാരം രണ്ട് ഡോര്‍ണിയര്‍ വിമാനങ്ങളും നിരീക്ഷണ ഹെലികോപ്ടറുകളും അടങ്ങുന്ന പ്രത്യേക യൂനിറ്റ് രൂപവത്കരിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തീരരക്ഷാസേന തീരുമാനിക്കുകയും കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇതിന് അനുമതിയും 68 കോടിരൂപയും അനുവദിക്കുകയും ചെയ്തു.
പദ്ധതി നടപ്പാക്കാന്‍ പഴയ ആഭ്യന്തര വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറിറ്റി ആവശ്യമായ സ്ഥലം അന്ന് അനുവദിച്ചിരുന്നു. ഇപ്പോള്‍ വിമാനത്താവളം അദാനിയുടെ കരങ്ങളിലേക്ക് മാറുകയും ചെയ്ത പുതിയ സാഹചര്യത്തില്‍ വ്യോമയാന നിരീക്ഷണത്തിനുള്ള യൂനിറ്റ് സ്ഥാപിക്കാന്‍ വിമാനത്താവളത്തിന് സമീപത്തായി പുതിയ സ്ഥലം കണ്ടെത്തേണ്ടിവരുന്നത് ഏറെ ശ്രമകരവുമാണ്.
തീരദേശസേനക്ക് വിഴിഞ്ഞത്ത് ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളുള്ള കപ്പലുകള്‍, ഇന്റര്‍സെപ്റ്റര്‍ ബോട്ടുകള്‍ എന്നിവയുണ്ട്. എങ്കിലും കടല്നിരീക്ഷണത്തിന് അത്യാധുനിക വിമാനങ്ങളുടെ സേവനം അടിയന്തരമായി ആവശ്യമാണ്. വ്യോമനിരീക്ഷണം യാഥാർഥ്യമായാല്‍ തീരസുരക്ഷക്ക് ഒപ്പം മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വവും ഉറപ്പാക്കാനാകും.
കടലില്‍ അപകടത്തില്‍പെടുന്നവര്‍ക്ക് അടിയന്തരമായി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും വ്യോമനിരീക്ഷണ സംവിധാനം ഗുണകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.