കാട്ടാക്കട കോളജിലെ ആൾമാറാട്ടം; എസ്.എഫ്.ഐ നേതാവിന്‍റെ പങ്ക് ഗുരുതരമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആൾമാറാട്ട കേസിൽ എസ്.എഫ്.ഐ നേതാവ് എ. വിശാഖിന്‍റെ പങ്ക് ഗുരുതരമെന്ന് ഹൈകോടതി. വിശാഖ് പ്രേരിപ്പിക്കാതെ പ്രിൻസിപ്പൽ പേര് കേരള സർവകലാശാലക്ക് അയക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. വിശാഖിന്‍റെ അറസ്റ്റ് ജൂൺ 20 വരെ തടഞ്ഞ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ബെഞ്ച്, കേസ് ഡയറി ഹാജരാക്കണമെന്ന് പ്രോസിക്യൂഷനോട് നിർദേശിച്ചു.
എങ്ങനെ വിശാഖിന്‍റെ പേര് പ്രിൻസിപ്പൽ അയക്കുകയെന്ന് കോടതി ചോദിച്ചു. എന്താണ് ഇക്കാര്യത്തിൽ പ്രിൻസിപ്പലിനുള്ള താൽപര്യം. വിശാഖ് പ്രേരിപ്പിക്കാതെ പേര് എങ്ങനെ കേരള സർവകലാശാലക്ക് അയക്കും. പേര് അയച്ചതോടെ സർവകലാശാല ചെയർമാനെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ആരോപണവിധേയന് ലഭിച്ചത്. വിഷയം ഗുരുതരമായതിനാൽ അന്വേഷണം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ആൾമാറാട്ടം നടത്തിയതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് വിശാഖിന്‍റെ അഭിഭാഷകൻ കോടതിയിൽ ആവർത്തിച്ചു. പ്രിൻസിപ്പലാണ് തന്‍റെ പേര് സർവകലാശാലക്ക് അയച്ചത്. ഇക്കാര്യത്തിൽ പ്രിൻസിപ്പലിനാണ് ഉത്തരവാദിത്തമെന്നും വ്യക്തമാക്കി. ഈ മാസം 20ന് കോടതി ഹരജി വീണ്ടും പരിഗണിക്കും.
ആള്‍മാറാട്ട കേസില്‍ കോളജ് പ്രിൻസിപ്പൽ ജി.ജെ. ഷൈജുവാണ് ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ. വിശാഖാണ് രണ്ടാം പ്രതി. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുള്ളത്. കേരള സർവകലാശാല റജിസ്ട്രാർ നൽകിയ പരാതിയിലാണ് കാട്ടാക്കട പൊലീസിന്റെ നടപടി.
കാട്ടാക്കട കോളജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച എ.എസ്. അനഘക്ക് പകരം ആൾമാറാട്ടം നടത്തി എസ്.എഫ്.ഐ നേതാവായ എ. വിശാഖിന്റെ പേര് കേരള സർവകലാശാലയെ അറിയിച്ചതാണ് കേസ്. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാത്ത വിദ്യാര്‍ഥിയെ സര്‍വകലാശാല പ്രതിനിധിയായി നിശ്ചയിച്ച സംഭവത്തില്‍ സര്‍വകലാശാല പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയിരുന്നു. കേസെടുത്തതിന് പിന്നാലെ ജി.ജെ ഷൈജുവിനെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് പുറത്താക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.