ആൾമാറാട്ടം, എഴുതാപരീക്ഷ, പിന്നെ ഇല്ലാപരിചയവും ചോദ്യമുനയിൽ എസ്.എഫ്.ഐ
text_fieldsതിരുവനന്തപുരം: കോളജ് യൂനിയൻ തെരഞ്ഞെടുപ്പിലെ ആൾമാറാട്ടത്തിന്റെ വിവാദമടങ്ങും മുമ്പെ സംസ്ഥാന സെക്രട്ടറിയുടെ ‘പരീക്ഷ എഴുതാതെയുള്ള വിജയം’. ഒപ്പം ഗെസ്റ്റ് െലക്ചറർ നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുമായി വനിതാനേതാവ്. ക്രമക്കേട് ഒന്നൊന്നായി പുറത്തുവരുമ്പോൾ പ്രതിരോധം തകർന്നുനിൽക്കുകയാണ് എസ്.എഫ്.ഐ. പഠനവും പോരാട്ടവും മുദ്രാവാക്യമായി സ്വീകരിച്ച സ്വന്തം വിദ്യാർഥി സംഘടനയുടെ തലപ്പത്തുള്ളവരുടെ ക്രിമിനൽ നടപടികൾ സി.പി.എമ്മിനും ഇടതുസർക്കാറിനും തലവേദനയായി.
എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥിയായ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചതായി രേഖപ്പെടുത്തിയ മാർക്ക് ലിസ്റ്റ് പുറത്തുവന്ന ദിവസം തന്നെയാണ് കാലടി സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറിയായിരുന്ന കെ. വിദ്യ മഹാരാജാസ് കോളജിന്റെ പേരിൽ നിർമിച്ച വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ വിവരവും പുറത്തായത്. പരീക്ഷയെഴുതാത്ത ആർഷോയെ ജയിപ്പിച്ചത് എസ്.എഫ്.ഐയെ കുടുക്കാനുള്ള ഗൂഢാലോചനയെന്നാണ് എസ്.എഫ്.ഐയും സി.പി.എമ്മും പറയുന്നത്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുമുണ്ട്.
എന്നാൽ, പി.എം. ആർഷോയുടെ സുഹൃത്ത് കൂടിയായ കെ. വിദ്യയുടെ കാര്യത്തിൽ പ്രതികരണം ദുർബലമാണ്. മഹാരാജാസിൽ പി.ജി ചെയ്തിരുന്ന കാലത്ത് അവിടെ എസ്.എഫ്.ഐ നേതാവായിരുന്ന കെ. വിദ്യ അട്ടപ്പാടി ആർ.ജി.എം ഗവ. കോളജിൽ ജോലിക്കായി സമർപ്പിച്ചത് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റാണെന്ന് സംശയാതീതമായി തെളിഞ്ഞിട്ടും പൊലീസ് നടപടികൾ ഒച്ചുവേഗത്തിലാണ്. തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസിന്റെ നിലയും അങ്ങനെതന്നെ.
കോളജ് തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ യു.യു.സിയാകാൻ ശ്രമിച്ച എസ്.എഫ്.ഐ നേതാവ് എ. വിശാഖ്, അതിന് കൂട്ടുനിന്ന മുൻ പ്രിൻസിപ്പൽ ജി.ജെ. ഷൈജു എന്നിവർക്കെതിരെ കേസെടുത്തിട്ട് രണ്ടരയാഴ്ച പിന്നിട്ടിട്ടും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ പൊലീസ് ചോദ്യം ചെയ്തിട്ടുപോലുമില്ല.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കൾ പ്രതികളായ പി.എസ്.സി പരീക്ഷതട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്ത് അഞ്ചുവർഷമാകാനിരിക്കെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത് ഏതാനും ആഴ്ച മുമ്പാണ്. ആദ്യം നൽകിയ കുറ്റപത്രം സമഗ്രമല്ലാത്തതിനാൽ കോടതി തിരിച്ചയക്കുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.