ജാതി സെൻസസ് നടപ്പാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ
text_fieldsതിരുവനന്തപുരം: ജാതി സെൻസെസ് നടപ്പാക്കുന്ന സർക്കാറുകളെയും അതിനെ അനുകൂലിക്കുന്ന രാഷ്ട്രീയ പാർട്ടികളെയും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കാൻ കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി തീരുമാനം. ചില സമുദായങ്ങളുടെ കണക്കെടുക്കുകയും ചിലരുടെ കണക്കെടുക്കാതിരിക്കുകയും ചെയ്ത് ഭാഗികമായി സെൻസസ് നടത്തി സംവരണം അട്ടിമറിക്കുന്ന നിലപാട് തിരുത്തി സാമൂഹ്യനീതി ഉറപ്പ് വരുത്തണം. നൂറ് ശതമാനം തലയെണ്ണൽ പൂർത്തീകരിച്ച് ജനസംഖ്യയെ കൃത്യമായി അളക്കുന്ന സാമൂഹിക സാമ്പത്തിക, സെൻസസിലൂടെ സമ്പൂർണ്ണ ജാതി സർവേ പൂർത്തീകരിക്കാൻ സർക്കാർ തയ്യാറാകണം.
മുസ്‌ലിം സമുദായത്തിന്റെയടക്കം പിന്നാക്ക ദലിത് ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവിധ മേഖലകളിലെ അധികാരനഷ്ടവും, സർക്കാർ തൊഴിൽ പങ്കാളിത്തങ്ങളുടെ അട്ടിമറിയും ഇല്ലാതാക്കാനും, അടിസ്ഥാനമില്ലാതെ ഒ.ബി.സിയിൽ 84 വിഭാഗങ്ങളുടെ സംവരണ വിഹിതം നിശ്ചയിച്ചിട്ടുള്ളത് പുനർനിർണയിക്കാനും, ഭരണഘടനാ വിരുദ്ധമായ മുന്നാക്ക സംവരണത്തിന്റെ പൊള്ളത്തരവും ന്യൂനപക്ഷങ്ങളുടെ അവസര നഷ്ടത്തിന്റെ നേർചിത്രവും പുറത്തു വരുവാനും ജാതി സർവേ അത്യന്താപേക്ഷിതമാണെന്ന് യോഗം വിലയിരുത്തി.
സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി പത്തനംതിട്ട റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കമാൽ എം. മാക്കിയിൽ, വർക്കിംഗ് ചെയർമാൻ അഡ്വ. ജഹാംഗീർ, ട്രഷറർ സി.ഐ. പരീദ് എറണാകുളം, സംസ്ഥാന ഭാരവാഹികളായ ഇഞ്ചക്കൽ ബഷീർ, മാവുടി മുഹമ്മദ് ഹാജി, അഡ്വ. സിയാവുദ്ദീൻ, അഡ്വ ജെ.എ. മുസ്തഫ, പറമ്പിൽ സുബൈർ, അഡ്വ. പാച്ചല്ലൂർ നജ്മുദ്ദീൻ, അഡ്വ. നൗഷാദ് കായ്പാടി, ഷാഹുൽ ഹമീദ് അഞ്ചൽ, സി.സി. നിസാർ ആലപ്പുഴ, മരുത അബ്ദുൽ ലത്തീഫ് മൗലവി, യൂസൂഫ് ചേലാപ്പള്ളി, ടി.എച്ച്.എം. ഹസ്സൻ, ജില്ല പ്രസിഡന്റുമാരായ കുറ്റിയിൽ നിസാം, തൈക്കൽ സത്താർ, എം.ബി. അമീൻഷാ കോട്ടയം, ഹൈദ്രോസ് കാരോത്ത്കുഴി, മുഹമ്മദ് ഇസ്മായിൽ, സലാം ചാത്തനാട്, നിസാർ കോതങ്ങനാട്, സിറാജുദ്ദീൻ ഫൈസി, കുളപ്പട അബുബേക്കർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.