നടപ്പായത് മൂന്ന് ജില്ലകളിൽ മാത്രം; വിശപ്പുരഹിത കേരളം പദ്ധതി പാളി
text_fieldsതിരുവനന്തപുരം: പിണറായി സർക്കാർ പ്രഖ്യാപിച്ച 'വിശപ്പുരഹിത കേരളം (സുഭിക്ഷ)' പദ്ധതി പാതിവഴിയിൽ പാളി. ഭക്ഷ്യവകുപ്പിന്റെ നടപടികളോട് തദ്ദേശ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും മുഖംതിരിഞ്ഞ് നിന്നതോടെ പദ്ധതി മൂന്ന് ജില്ലകളിലായി ഒതുങ്ങി. ഇതോടെ 'സുഭിക്ഷ ഉച്ചഭക്ഷണശാല'ക്കായി ബജറ്റിൽ നീക്കിവെച്ച കോടികളും പാഴായി.
ആശ്രയവും വരുമാനവുമില്ലാത്തവർക്ക് ഒരു നേരത്തെയെങ്കിലും ആഹാരം സൗജന്യമായി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് 2017ൽ ഇടത് സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. ഭക്ഷ്യവകുപ്പിെൻറ നേതൃത്വത്തിൽ കുടുംബശ്രീ മുഖേന ആരംഭിക്കുന്ന ഉച്ചഭക്ഷണശാലയിൽനിന്ന് അശരണരായ കിടപ്പുരോഗികൾക്ക് ഭക്ഷണം വീട്ടിലെത്തിച്ചും അഗതികൾക്ക് സൗജന്യ കൂപ്പൺ മുഖേനയും മറ്റ് ആവശ്യക്കാർക്ക് 20 രൂപ നിരക്കിലും ഊണ് നൽകുന്നതായിരുന്നു പദ്ധതി. ആദ്യഘട്ടത്തിൽ 70 ലക്ഷവും ബജറ്റിൽ വകയിരുത്തി.
എന്നാൽ, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചമൂലം 2019 ആഗസ്റ്റിലാണ് ആദ്യമായി ഉച്ചഭക്ഷണശാല ആലപ്പുഴ ജില്ലയിൽ ആരംഭിക്കാനായത്. ഭക്ഷണശാലകൾക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളും മറ്റ് പലചരക്ക് സാധനങ്ങളും സബ്സിഡി തുകക്ക് സിവിൽ സപ്ലൈസ് കോർപറേഷനാണ് നൽകിയത്.
ആലപ്പുഴയിൽ വിജയം കണ്ടതോടെ 13 ജില്ലകളിലും നടപ്പാക്കാൻ 2019-2020ൽ 14 കോടി വകയിരുത്തിയെങ്കിലും കോട്ടയത്തും തൃശൂരും മാത്രമാണ് ഭക്ഷണശാല ആരംഭിക്കാനായത്. ഹോട്ടലുകൾ ആരംഭിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിൽ കലക്ടർമാർ താൽപര്യം പ്രകടിപ്പിക്കാത്തതും കണ്ടെത്തുന്ന സ്ഥലം വിട്ടുനൽകുന്നതിനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ വിമുഖതയും ഉയർന്ന വാടകയും പദ്ധതിക്ക് തിരിച്ചടിയായി. നടപ്പുസാമ്പത്തിക വർഷത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഭക്ഷണശാലകൾ ആരംഭിക്കാൻ 84 ലക്ഷം ബജറ്റിൽ വകയിരുത്തിയെങ്കിലും ഉദ്യോഗസ്ഥർ ഉഴപ്പിയതോടെ പദ്ധതി പാളി.
പേരുമാറ്റിയും എണ്ണം കൂട്ടാം
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി പൊതുജനത്തിന് 20 രൂപക്ക് ഉച്ചഭക്ഷണം നൽകുന്നതിന് 1000 ജനകീയ ഹോട്ടലുകൾ രൂപവത്കരിക്കുമെന്ന പ്രഖ്യാപനവും പൂർണതയിലെത്തിയില്ല. ഹോട്ടൽ ആരംഭിക്കാനുള്ള കെട്ടിടം തദ്ദേശ സ്ഥാപനങ്ങളും ഊണിനുവേണ്ട അരി കിലോക്ക് 10.90 രൂപ നിരക്കിൽ പൊതുവിതരണവകുപ്പും നൽകിയാണ് ജനകീയ ഹോട്ടൽ വിഭാവനം ചെയ്തത്.
എന്നാൽ, കുടുംബശ്രീയുടെ നേതൃത്വത്തിൽ കഴിഞ്ഞ ജനുവരിവരെ 680 ഹോട്ടലുകളാണ് പ്രവർത്തനമാരംഭിച്ചത്. ഇതിൽ 350 ഓളം കുടുംബശ്രീയുടെ നേതൃത്വത്തിൽ നിലവിൽ പ്രവർത്തിക്കുന്നവയായിരുന്നു. ഇവ പേരുമാറ്റിയാണ് ജനകീയ ഹോട്ടലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി എണ്ണം പെരുപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.