Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിലേക്ക് വരുന്ന...

വയനാട്ടിലേക്ക് വരുന്ന വാഹനങ്ങൾക്ക് ഗ്രീൻ ടാക്സ് ഏർപെടുത്തണം -വയനാട്​ പ്രകൃതി സംരക്ഷണ സമിതി

text_fields
bookmark_border
Wayanad
cancel

കൽപറ്റ: ഇതരജില്ലകളിൽനിന്നും സംസ്ഥാനങ്ങളിൽ നിന്നും വയനാട്ടിലേക്ക് വരുന്ന വാഹനങ്ങൾക്ക് ഗ്രീൻ ടാക്സ് ഏർപെടുത്തണമെന്ന്​ വയനാട്​ പ്രകൃതി സംരക്ഷണ സമിതി. ഇങ്ങനെ ലഭിക്കുന്ന വരുമാനം പരിസ്ഥിതി പുനരുജ്ജീവനത്തിന്നായി തദ്ദേശ സ്ഥാപനങ്ങൾക്ക് വീതിച്ചെടുക്കാവുന്ന രീതിയിൽ പദ്ധതി ആവിഷ്​കരിക്കണമെന്നും തദ്ദേശ പഞ്ചായത്ത് അധ്യക്ഷന്മാർക്കും അംഗങ്ങൾക്കും അയച്ച തുറന്ന കത്തിൽ സംഘടന ആവശ്യപ്പെട്ടു.

വയനാട്ടിൽ ഇപ്പോൾ നടക്കുന്നത് പരിസ്ഥിതി സൗഹാർദ ടൂറിസമല്ല. ഭീകരതയും നഗ്​നമായ പ്രകൃതിചൂഷണവും ആണ്. ലക്കും ലഗാനുമില്ലാത്ത, അനിയന്ത്രിത ടൂറിസത്തിന്ന് അറുതി വരുത്താൻ തദ്ദേശ സ്​ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നും വയനാട്​ പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

'തദ്ദേശ പഞ്ചായത്ത് അംഗങ്ങളായും അധ്യക്ഷൻമാരായും തെരഞ്ഞെടുക്കപ്പെട്ടവർക്ക് വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ അഭിവാദ്യങ്ങൾ. വരുന്ന അഞ്ചു വർഷം നാടിനും നാട്ടാർക്കും ഉപകാരപ്രദമായി നിർഭയമായും ധീരമായും പ്രവർത്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ജീവിക്കാൻ ലോകത്തേറ്റവും അനുയോജ്യമായ ഭൂപ്രദേശങ്ങളിൽ ഒന്നാണ് വയനാട്. അതീവ ലോലവും അതിസങ്കീർണവുമായ പരിസ്ഥിതി സംതുലനമാണ് വയനാടിനുള്ളത്. എന്നാൽ ഈ സ്വർഗഭൂമി ഇന്ന് സർവനാശത്തിന്‍റെ നെല്ലിപ്പടിയിലാണ്. ജനസംഖ്യയിൽ മഹാഭൂരിഭാഗം വരുന്ന കർഷകർ പരിസ്ഥിതിത്തകർച്ചയുടെ അനിവാര്യ ദുരന്തമായ കാർഷികത്തകർച്ചയുടെ ദുരിതത്തിൽ ഉഴറുകയാണിപ്പോൾ. സമ്പന്നമായ വയനാടൻ കാർഷിക സംസ്​കൃതി കാണക്കാണെ അസ്തമിക്കുകയാണ്. വരൾച്ചയും ജലക്ഷാമവും പ്രളയവും ഉരുൾപൊട്ടലും മാറി മാറി ജില്ലയെ ഗ്രസിക്കുന്നു. വയനാടിന്‍റെ കാർഷിക പുനരുത്ഥാനത്തിന്നും പരിസ്ഥിതി പുനരുജ്ജീവനത്തിനുമാണ് പുതിയ പഞ്ചായത്തുകൾ പ്രഥമ പരിഗണന നൽകേണ്ടത്.

വികസനം എന്ന പദം ഏറെ ദുർവ്യാഖ്യാനം ചെയ്യപ്പെടുകയും മലീമസമാക്കപ്പെടുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്ത അശ്ശീലമാണ് വയനാട്ടിൽ. സംഘടിത പ്രസ്ഥാനങ്ങൾ കൊട്ടിഘോഷിക്കുന്നതും ചർവ്വിതചർവണം ചെയ്യുന്നതുമായ വികസനപദ്ധതികൾ മിക്കതും വികസനമല്ല, വിനാശമാണ്. ചുരം ബദൽ റോഡും തുരങ്ക പാതയും വിമാനത്താവളവും റെയിൽവേയും സുസംഘടിത പ്രചാരണത്തിൽ ആൾക്കൂട്ടത്തെ അഭിരമിപ്പിക്കാനുള്ള ആഭിചാര മന്ത്രങ്ങൾ മാത്രമാണ്. വയനാടിന്‍റെ യഥാർഥ വികസനം സാധ്യമാക്കുക എന്നതാണ് തദ്ദേശം ഭരണാധികാരികളുടെ മുഖ്യ ധർമം എന്ന് ഞങ്ങൾ കരുതുന്നു. അതിനുള്ള തൻേറടവും ഇച്ഛാശക്തിയും പഞ്ചായത്തകൾ കാണിക്കുമെന്ന് പ്രത്യാശിക്കുന്നു.

ജൈവവൈവിദ്ധ്യത്തിൽ വയനാടിന്ന് അനുപമമായ സ്ഥാനമാണുള്ളത്. യൂനസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടച്ചതും ഭൂമിയിൽ മറ്റെവിടെയുമില്ലാത്തതുമായ സസ്യ-ജന്തുജാലങ്ങളുടെ കലവറയാണ് വയനാട്. ഏറെ അധികാരമുള്ള ബി.എം.സികളെ ശാക്തീകരിക്കൽ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണം. വയനാടിനെ ഒരു സമ്പൂർണ ജൈവ ജില്ലയായി മാറ്റേണ്ടിയിരിക്കുന്നു.

മൂന്നു പതിറ്റാണ്ടായി രൂക്ഷമായ വന്യജീവി-മനുഷ്യസംഘർഷത്തിന്​ പരിഹാരം കാണാൻ പഞ്ചായത്തുകൾക്ക് വലിയ പങ്കു വഹിക്കാനാകും. വനവും വന്യജീവികളും നമ്മുടെ നാടിന്‍റെ അഭിമാനമാണെന്നും അമൂല്യമായ സമ്പത്താണെന്നുമുള്ള ബോധത്തോടെയാവണം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കൃഷി നേരിടുന്ന ഏറ്റവും മുഖ്യമായ വെല്ലുവിളി വന്യജീവി സംഘർഷമാണെന്ന യാഥാർഥ്യം തിരിച്ചറിയേണ്ടത്​. വനത്തോടും വന്യജീവികളോടും പഞ്ചായത്തുകൾ വിദ്വേഷം പുലർത്തില്ലെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു.

വയനാട്ടിൽ എവിടെയെല്ലാം കരിങ്കൽ ഖനനമാകാമെന്നും എത്രമാത്രം ഖനനം ചെയ്യാമെന്നും നിശ്ചയിക്കാൻ വിദഗ്ദ സമിതിയെ നിയമിക്കണം. അങ്ങനെ ലഭിക്കുന്ന വിഭവങ്ങളുടെ മുൻഗണന ആർക്കെന്ന് നിശ്ചയിക്കാൻ ഗ്രാമസഭകൾക്കും ഗ്രാമപഞ്ചായത്തിനും അധികാരം നൽകണം. ഖനിജങ്ങളുടെ സംഭരണവും വിതരണവും അവരുടെ ചുമതലയിൽ കൊണ്ടുവരണം.

രാഷ്ട്രപിതാവായ മഹാത്മാഗാന്ധി സ്വപ്നം കണ്ട സ്വയം സമ്പൂർണ ഗ്രാമ സ്വരാജ് എന്ന സ്വപ്നത്തിലേക്ക് മുന്നേറാനാകട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു .വയനാടിൻ്റെ വെള്ളവും പ്രാണവായുവും മണ്ണും അദ്വിതീയമായ നമ്മുടെ പരിസ്ഥിതി സംതുലനവും സംരക്ഷിക്കാൻ വേണ്ടി നിലകൊള്ളുന്ന സ്വയം സന്നദ്ധ സംഘടനയായ പ്രകൃതി സംരക്ഷണ സമിതിയെ വിദ്വേഷത്തോടെ കാണരുതെന്നും പ്രസിഡന്‍റ്​ എൻ. ബാദുഷയും സെക്രട്ടറി തോമസ്​ അമ്പലവയലും ഒപ്പുവെച്ച കത്തിൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Green TaxWayanadTourism
News Summary - Impose Green Tax On Vehicle To Wayanad
Next Story