മദ്യത്തിന്‍റെ നികുതി വർധിപ്പിക്കേണ്ടി വരുമെന്ന് ധനമന്ത്രി
text_fieldsതിരുവനന്തപുരം: മദ്യത്തിന്‍റെ നികുതി ഭാവിയിൽ വർധിപ്പിക്കേണ്ടിവരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തിലെ മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതിയിൽ നാല് ശതമാനം ഇളവ് ചെയ്യുന്ന കേരള പൊതുവിൽപന നികുതി ഭേദഗതി ബില്ലിന്മേൽ നടന്ന ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
നാല് ശതമാനം ഇളവ് നൽകുന്നതുവഴി സംസ്ഥാനത്തിന് ഉണ്ടാകുന്ന നഷ്ടം മദ്യത്തിൽനിന്ന് ഈടാക്കാൻ തീരുമാനിച്ചതിലൂടെ പരമാവധി 20 രൂപയുടെ വർധന മാത്രമേ ഉണ്ടാകൂ. കേരളത്തിലെ മദ്യക്കമ്പനികൾ വിറ്റുവരവ് നികുതി നൽകണം. എന്നാൽ, സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കമ്പനികൾക്ക് ഇത് ബാധകമല്ല. കേരളത്തിലെ വിദേശമദ്യ ഉൽപാദകരിൽനിന്ന് മാത്രം വിറ്റുവരവ് നികുതി ഈടാക്കുകയും പുറത്തുനിന്നുള്ളവർക്ക് ഇല്ലാതിരിക്കുകയും ചെയ്യുന്നത് അനീതിയാണ്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനാണ് കേരളത്തിലെ മദ്യക്കമ്പനികളിൽനിന്ന് ഈടാക്കിവരുന്ന വിറ്റുവരവ് നികുതിയിൽ നാല് ശതമാനം ഇളവ് നൽകാൻ വിശദ ചർച്ചകൾക്കുശേഷം സർക്കാർ തീരുമാനിച്ചത്. അതുവഴി ഖജനാവിനുണ്ടാകുന്ന നഷ്ടം നികത്താനാണ് മദ്യത്തിന്‍റെ വിൽപന നികുതി നാല് ശതമാനം കൂട്ടിയതെന്നും മന്ത്രി അറിയിച്ചു.
വിറ്റുവരവ് നികുതിയിൽ ഇളവ് നൽകി മദ്യ ഉൽപാദകരെ സഹായിക്കുന്ന സർക്കാർ, ഭാരം മുഴുവൻ ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഈ നീക്കത്തിന് പിന്നിൽ എന്തോ ചീഞ്ഞുനാറുന്നതായും സംശയം ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.